ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കാം
പാലക്കാട്: വിലകൊടുത്തോ കൊടുക്കാമെന്ന കരാറിലോ എതെങ്കിലും സാധനമോ സേവനമോ വാങ്ങുമ്പോള്‍ ഉപഭോക്താവിനുണ്ടാകുന്ന പരാതികള്‍ 1986 -ലെ ഉപഭോക്തൃ നിയമപ്രകാരം പരിഹാരിക്കാം. വാങ്ങിയ സാധനങ്ങളുടെയോ സേവനങ്ങളുടെയോ വിലയും ആവശ്യപ്പെടുന്ന നഷ്ടപരിഹാരവും 20 ലക്ഷം വരെയാണെങ്കില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലാണ് (0491-2505782) പരാതി നല്‍കേണ്ടത്.
ഇരുപത് ലക്ഷത്തിനു മേല്‍ ഒരു കോടി വരെയുള്ള തുക ഉള്‍പ്പെട്ട പരാതി ഇടപാട് നടന്ന സംസ്ഥാനത്തെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനിലും(0471-2725157) ഒരു കോടിയിലധികം തുക ഉള്‍പ്പെട്ട പരാതി ഡല്‍ഹി ദേശീയ ഉപഭോക്തൃ പരിഹാര കമ്മീഷനിലും(011 23317690) നല്‍കാം. പൊതു ഉപഭോക്തൃ പ്രശ്‌നമാണെങ്കില്‍ കലക്ടര്‍ ചെയര്‍മാനായ ജില്ലാ ഉപഭോക്തൃ സംരക്ഷണ കൗണ്‍സിലില്‍ പരാതി നല്‍കാവുന്നതാണ്.
പരാതിക്കാസ്പദമായ കാരണം ഉണ്ടായ ദിവസം മുതല്‍ രണ്ട് വര്‍ഷത്തിനകം പരാതി നല്‍കണം. വെള്ളക്കടലാസില്‍ എഴുതി നേരിട്ടോ തപാല്‍ മാര്‍ഗമോ പരാതി നല്‍കാം. പരാതിയുടെ മൂന്ന് പകര്‍പ്പുകളാണ് നല്‍കേണ്ടത്. പരാതിയില്‍ പരാതിക്കാരന്റെയും എതിര്‍ കക്ഷിയുടെ വ്യക്തമായ പേരും വിലാസവും വേണം.
പരാതി തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും പരാതിക്കാസ്പദമായ കാരണത്തെക്കുറിച്ച് സംക്ഷിപ്തമായ വിവരണവും ആവശ്യമാണ്. വിലയ്ക്ക് വാങ്ങിയ സാധനത്തിന്റെ കേടുപാടുകള്‍, പോരായ്മകള്‍, നിയമാനുസരണം രേഖപ്പെടുത്തിയതോ നിര്‍ണയിക്കപ്പെട്ടതോ ആയ വിലയെക്കാള്‍ കൂടുതല്‍ തുക ഈടാക്കല്‍, പാക്കേജ്ഡ് കമ്മോഡിറ്റി ചട്ടങ്ങള്‍ , മായം ചേര്‍ക്കല്‍ നിരോധന നിയമം എന്നിവയുടെ ലംഘനം, ജീവന് ഹാനികരമോ സുരക്ഷിതമല്ലാത്തതോ ആയ സാധനങ്ങളുടെ വില്‍്പന, ന്യായരഹിതവും ഉപഭോക്താവിന്റെ സ്വാതന്ത്ര്യം പരമിതപ്പെടുത്തുന്നതുമായ വ്യാപാരിയുടെ നടപടി മൂലമുണ്ടായ നഷ്ടം, വില്‍പന വര്‍ധിപ്പിക്കാനായുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ എന്നീ കാരണങ്ങളാല്‍ പരാതി നല്‍കാം.
പരാതിയില്‍ ആവശ്യപ്പെടുന്ന നഷ്ടപരിഹാരം അനുസരിച്ച് നിശ്ചിത ഫീസ് പരാതിയോടൊപ്പം നല്‍കണം. വിതരണം ചെയ്യുന്ന റേഷന്‍ വിഹിതത്തില്‍ അര്‍ഹമായ അളവില്‍ കുറഞ്ഞതായി കണ്ടെത്തിയാല്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലോ ജില്ലാ സപ്ലൈ ഓഫീസിലോ താലൂക്ക് സപ്ലൈ ഓഫിസുകളിലോ പരാതിപ്പെടാം. ബന്ധപ്പെടേണ്ട നമ്പറുകള്‍ റേഷന്‍ കാര്‍ഡുകളുടെ പുറകില്‍ പതിപ്പിച്ചിട്ടുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."