കുടിവെള്ള പദ്ധതികള്‍ പാളി
കണ്ണൂര്‍: ജില്ലയില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതികളില്‍ 80 ശതമാനവും ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. ഭൂജല സംരക്ഷണത്തെക്കുറിച്ചും ഉപഭോഗ നിയന്ത്രണത്തെക്കുറിച്ചും ജില്ലാ ഭൂജല വകുപ്പ് സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയ പഠനമോ സാധ്യതാ പരിശോധനയോ നടത്താതെ ജലലഭ്യത പോലുമില്ലാത്ത സ്ഥലങ്ങളിലാണ് പല കുടിവെള്ള പദ്ധതികളും നടപ്പാക്കിയത്. മുന്‍കാലങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമല്ലാതിരുന്നതിനാല്‍ ഈ അപാകതകള്‍ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏത് കാലാവസ്ഥയിലും സുഖമായി ജീവിക്കാന്‍ പറ്റുന്ന മിതശീതോഷ്ണ പ്രദേശമായി അറിയപ്പെട്ടിരുന്ന കേരളം ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ജീവിക്കാന്‍ പറ്റാത്ത ഇടമായി മാറാന്‍ പോവുന്നുവെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ അനുഭവിക്കുന്ന വരള്‍ച്ച.
ഇതിനെ പ്രതിരോധിക്കാന്‍ ഒന്നിച്ചുള്ള ജലസംരക്ഷണ യജ്ഞത്തിനു തുടക്കം കുറിക്കേണ്ടതുണ്ട്. ജലത്തിന്റെയും ജലസ്രോതസുകളുടെയും സംരക്ഷണത്തില്‍ മുന്‍തലമുറ പിന്തുടര്‍ന്ന മഹത്തായ സംസ്‌കാരം കളഞ്ഞു കുളിച്ചതാണ് ഇന്നത്തെ ജലപ്രതിസന്ധിക്കു കാരണം. അടുത്തവര്‍ഷത്തെ മഴവെള്ളം സംരക്ഷിച്ച് ഭൂമിയിലേക്ക് താഴ്ത്തി ഭൂഗര്‍ഭജല നിരപ്പുയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ വേനലില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജലക്ഷാമം രൂക്ഷമായ പശ്ചാത്തലത്തില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും അത് നിര്‍ബാധം തുടരുകയാണ്. ഇതിനു പിന്നില്‍ വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി സംശയമുയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂജലവകുപ്പ് ജില്ലാ ഓഫിസര്‍ എസ് സന്തോഷ് അധ്യക്ഷനായി. ശില്‍പശാലയില്‍ കെ.വി മോഹനന്‍, ഡോ. ലാല്‍ തോംസണ്‍, കെ. പി ധനേശന്‍, എ. പി ശ്രീജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."