ഡിഫ്തീരിയ: ജില്ലയിലേക്ക് കൂടുതല്‍ പ്രതിരോധ വാക്‌സിന്‍
കൊണ്ടോട്ടി: ഡിഫ്തീരിയ, ടെറ്റ്‌നസ് രോഗപ്രതിരോധ വാക്‌സിന്‍ മലബാറിലെത്തുന്നതു ഹെദരാബാദില്‍ നിന്നു കരിപ്പൂര്‍ വഴി. കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ടി.ഡി വാക്‌സിന്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലേക്കെത്തുന്നതു കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്. ജില്ലയില്‍ ആവശ്യത്തിന് വാക്‌സിന്‍ സ്റ്റോക്കുണ്ടെങ്കിലും സ്‌കൂളില്‍ കൂട്ടത്തോടെ വിദ്യാര്‍ഥികള്‍ക്കു പ്രതിരോധ പ്രവര്‍ത്തനം നടത്തേണ്ടി വരുന്നതിനാല്‍ വാക്‌സിന്‍ കൂടുതല്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പു ശ്രമം തുടങ്ങി. മഞ്ചേരി കേന്ദ്രത്തിലാണു നിലവില്‍ മരുന്നു ശീതികരിച്ചു സൂക്ഷിച്ചിരിക്കുന്നത്.
വാക്‌സിന്‍ കുത്തിവെക്കുന്നതു നിശ്ചിത തണുപ്പില്‍ സൂക്ഷിക്കണമെന്നതിനാലാണു വിമാനമാര്‍ഗം വാക്‌സിന്‍ എത്തിക്കുന്നത്. താനൂരില്‍ വിദ്യാര്‍ഥി മരിച്ച സാഹചര്യത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെപ്പ് എടുത്തിരുന്നു. ഇതിനു പിറകെയാണു പുളിക്കല്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ആരോഗ്യ വകുപ്പ് കുത്തിവെപ്പ് എടുക്കാന്‍ തീരുമാനിച്ചത്. കുത്തിവെപ്പ് ഇതുവരെ എടുക്കാത്തവര്‍ക്കു മൂന്നു തവണയായാണു ടി.ഡി വാസ്‌കിന്‍ നല്‍കുക. ആദ്യത്തെ കുത്തിവെപ്പു കഴിഞ്ഞാല്‍ ഒരുമാസത്തിനു ശേഷമാണു രണ്ടാമത്തേത്. ആറു മാസത്തിനിടെ മൂന്നാമത്തേതും നല്‍കും. ഇടവിട്ട് എടുത്തവര്‍ക്ക് ഒരുതവണയും നല്‍കും.
സ്വകാര്യ ആശുപത്രിയില്‍ 650 രൂപ മുതല്‍ 2000 വരെയാണ് ഒരു തവണ ടി.ഡി വാക്‌സിന് ഈടാക്കുന്നത്. ജില്ലയില്‍ അഞ്ചുദിവസത്തിനിടെ രണ്ടു വിദ്യാര്‍ഥികള്‍ ഡിഫ്തീരിയ ബാധിച്ചു മരിച്ചതോടെ ടി.ഡി വാസ്‌കിന്‍ കൂടുതല്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പു ശ്രമം. അടുത്ത ദിവസം ഹൈദരാബാദില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളം വഴി ടി.ഡി വാക്‌സിന്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."