ദുഷ്പ്രചാരണങ്ങള്‍കൊണ്ട് ജനവിരുദ്ധമുഖം സംരക്ഷിക്കാനാകില്ല
അന്ധമായ കോണ്‍ഗ്രസ് വിരോധവും അതില്‍നിന്നുള്ള കേവലമായ രാഷ്ട്രീയനേട്ടവും മാത്രം മുന്‍നിര്‍ത്തി സി.പി.എം എടുക്കുന്ന നിലപാടുകള്‍ കേരളത്തിന്റെ രാഷ്ട്രീയഭൂമികയില്‍ ഇടംപിടിക്കാനുള്ള ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും ശ്രമങ്ങള്‍ക്കു കൂടുതല്‍ കരുത്തുപകരുകയാണ്. പകല്‍വെളിച്ചത്തില്‍ പരസ്പരം ആയുധങ്ങള്‍ രാകി മൂര്‍ച്ചകൂട്ടുകയും ഇരുളിന്റെ മറവില്‍ ഹസ്തദാനം ചെയ്യുകയും ചെയ്യുന്ന ശത്രുഭാവേന പ്രവര്‍ത്തിക്കുന്ന മിത്രങ്ങളാണവര്‍.
കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന രാഷ്ട്രീയമുന്നണി തകരേണ്ടതും ബി.ജെ.പിയും സംഘ്പരിവാറും ശക്തിപ്പെടേണ്ടതും തങ്ങളുടെ രാഷ്ട്രീയവളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണെന്നു സി.പി.എം കരുതുമ്പോള്‍ മതഫാസിസത്തിന്റെ ഏറ്റവുംവലിയ ശത്രുവായ കോണ്‍ഗ്രസ് തകര്‍ന്നുകാണണമെന്നു സംഘ്പരിവാറും ആഗ്രഹിക്കുന്നു. ഫലത്തില്‍, കേരളത്തില്‍ സി.പി.എമ്മും ആര്‍.എസ്.എസും സ്വപ്നംകാണുന്നതും ആഗ്രഹിക്കുന്നതും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ആ പ്രസ്ഥാനം നേതൃത്വം നല്‍കുന്ന മുന്നണിയും ദുര്‍ബലപ്പെടുകയും പതിയെ ഇല്ലാതാവുകയും ചെയ്യുകയെന്നതാണ്.
അങ്ങനെ കേരളത്തിന്റെ പ്രബുദ്ധമായ രാഷ്ട്രീയമനസിനെ, പൊതുബോധത്തെ ഒരറ്റത്തുനിന്നു മതഫാസിസം കൊണ്ടും മറ്റൊരറ്റത്തുനിന്നു രാഷ്ട്രീയ ഫാസിസം കൊണ്ടും വരിഞ്ഞുമുറുക്കുക. ഫാസിസത്തിന്റെ പ്രത്യേകത അത് ഏതു രൂപത്തിലുള്ളതായാലും തങ്ങളുടെ നിലനില്‍പ്പിനായി പെട്ടെന്നുതന്നെ പരസ്പരം സമരസപ്പെടുമെന്നതാണ്. കേരളത്തിലും ദൗര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിക്കുന്നു. മതരാഷ്ട്രീയഫാസിസങ്ങള്‍ പരസ്പരം പാലൂട്ടുകയാണിവിടെ. അവര്‍ക്കു ചില സംയുക്തരഹസ്യ അജണ്ടകളുണ്ട്. അവര്‍ ഒരുമിച്ചു വിതയ്ക്കുന്നതും കൊയ്യുന്നതും ഒരേ വയലില്‍ത്തന്നെയാണ്.
ഇന്ത്യയില്‍ സംഘ്പരിവാറിനും അവയുടെ രാഷ്ട്രീയരൂപമായ ബി.ജെ.പിക്കും രാഷ്ട്രീയാടിത്തറ ഉണ്ടാക്കിക്കൊടുത്തതിന്റെ പാപഭാരത്തില്‍നിന്നു സി.പി.എമ്മിന് അത്ര പെട്ടെന്നു കൈകഴുകി രക്ഷപ്പെടാനാകില്ല. സി.പി.ഐ നേതാവായ എസ്.എ ഡാങ്കേ എഴുപതുകളിലെടുത്ത ധീരമായ നിലപാടാണ് എനിക്കിപ്പോള്‍ ഓര്‍മവരുന്നത്. 'ഇനി സി.പി.ഐയും,സി.പി.എമ്മുമടങ്ങുന്ന ഇടതുപക്ഷം കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. കാരണം, വരുംദശകങ്ങളില്‍ ഇന്ത്യന്‍സമൂഹം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധിയും അപകടവും മതഫാസിസമായിരിക്കും.' ഇതായിരുന്നു കാലത്തിന്റെ ചുവരെഴുത്തു വായിക്കാന്‍ കഴിഞ്ഞ ആ കമ്മ്യൂണിസ്റ്റ് നേതാവിന്റെ നിലപാട്.
എന്നാല്‍, ആദ്യം സി.പി.എമ്മും പിന്നീട് അതിന്റെ ചുവടുപിടിച്ചു സി.പി.ഐയും ഡാങ്കേയുടെ നിലപാടിനെ തള്ളിക്കളഞ്ഞു. അദ്ദേഹത്തെ കോണ്‍ഗ്രസിന്റെ കുഴലൂത്തുകാരനായി ചിത്രീകരിച്ചു. 1977 ലെ ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്‌വിരുദ്ധ സര്‍ക്കാരിന്റെ പ്രധാനശില്‍പ്പികള്‍ ജനസംഘവും സി.പി.എമ്മുമായിരുന്നു. അന്നാണ്, പിണറായി വിജയനുവേണ്ടി ബി.ജെ.പിയുടെ ആദിമരൂപമായ ജനസംഘക്കാരും ഒ.രാജഗോപാലിനും കെ.ജി. മാരാര്‍ക്കും വേണ്ടി സി.പി.എമ്മുകാരും വോട്ടുപിടിച്ചത്.
ഒരു വ്യാഴവട്ടത്തിനുശേഷം വീണ്ടുമൊരു നെറികെട്ട രാഷ്ട്രീയപരീക്ഷണത്തിനു സി.പി.എമ്മും ഇടതുകക്ഷികളും പിന്തുണ നല്‍കി. 1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ബി.ജെ.പിയും ഇടത്തുംവലത്തും നിന്നാണു വി.പി സിങ് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചത്. ലോക്‌സഭയില്‍ കേവലം രണ്ടു സീറ്റുമാത്രം ഉണ്ടായിരുന്ന ബി.ജെ.പിക്ക് 84ലെ തെരഞ്ഞെടുപ്പില്‍ 88 സീറ്റ് നേടിക്കൊടുത്തതില്‍ പ്രധാന പങ്കുവഹിച്ചത് ഇടതുപക്ഷമാണ്. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്നാണ് അന്ന് ഇ.എം.എസ് പറഞ്ഞത്.
അന്നു സി.പി.എം കൂട്ടുകൂടിയ ചെകുത്താന്‍ ഇന്നു ഭീകരസത്വമായി ഇന്ത്യയെ വിഴുങ്ങുകയാണ്. എന്നിട്ടുപോലും അതില്‍ ലവലേശം പശ്ചാത്താപമില്ലാതെ കോണ്‍ഗ്രസ് എങ്ങനെയെങ്കിലും ദുര്‍ബലമാകണമെന്ന ചിന്ത മാത്രമേ ഇപ്പോഴും സി.പി.എമ്മിനു പ്രത്യേകിച്ച് കേരളത്തിലെ സി.പി.എമ്മിനുള്ളൂ. ആങ്ങള ചത്താലും വേണ്ട, നാത്തൂന്റെ കണ്ണീരു കാണണമെന്ന ഈ ചിന്തയാണ് ഇന്ത്യയില്‍ ഇടതുപക്ഷത്തെ നാമാവശേഷമാക്കിയത്.
അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ഈ കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ഇടതുകക്ഷികളും ആരോടൊപ്പമായിരുന്നു. ഒരിക്കലും കോണ്‍ഗ്രസും മറ്റു ജനാധിപത്യകക്ഷികളും നേതൃത്വം നല്‍കുന്ന മതേതരചേരിയോടൊപ്പമായിരുന്നില്ല അവര്‍. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മതേതരചേരിക്കു പ്രയോജനം ചെയ്യുന്ന ഒന്നും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. ഫലത്തില്‍, അവര്‍ സഹായിച്ചതു ബി.ജെ.പി നേതൃത്വം നല്‍കുന്ന ഫാസിസ്റ്റ് ചേരിയെയാണ്.
മണിപ്പൂരില്‍ സി.പി.എമ്മും സി.പി.ഐയും പിന്തുണച്ച ഇറോം ശര്‍മിളയ്ക്കു കിട്ടിയതു 90 വോട്ടാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുന്നുവെന്ന ഒറ്റക്കാരണംകൊണ്ടായിരുന്നു അവര്‍ ഇറോം ശര്‍മിളയ്ക്കു പിന്തുണ നല്‍കിയത്. ഗോവയിലും മണിപ്പൂരിലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടി ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കാതെ കേന്ദ്രത്തിലെ അധികാരവും പണവും കൊണ്ട് ആ സാധ്യതകളെ പൂര്‍ണമായും അട്ടിമറിക്കുകയായിരുന്നു ബി.ജെ.പി.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ ചുരുങ്ങിയ സമയംകൊണ്ടുതന്നെ കേരളചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധമായ സര്‍ക്കാരെന്ന പേരുണ്ടാക്കിയിരിക്കുകയാണ്. സിനിമാ നടിമുതല്‍ പിഞ്ചുകുട്ടികള്‍വരെ ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും അതിക്രമത്തിന് ഇരയാവുകയും ചെയ്യുന്നു. വാളയാറിലെ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്കു ലൈംഗിക പീഡനംമൂലം ജീവനൊടുക്കേണ്ടിവന്നു. പൊലിസ് തികച്ചും നിഷ്‌ക്രിയമായിരിക്കുന്നുവെന്നു മാത്രമല്ല, ശിവസേനയെപ്പോലുള്ള അതിതീവ്ര വര്‍ഗീയവാദികള്‍ക്കു സദാചാരഗുണ്ടായിസം നടപ്പാക്കാന്‍ ചൂട്ടുപിടിക്കുകയും ചെയ്യുന്നു.
ഒരുദിവസം തന്നെ എത്ര സ്ത്രീപീഡനകേസുകളാണു റിപ്പോര്‍ട്ട് ചെയ്യുപ്പെടുന്നത്. സി.പി.എം കൗണ്‍സിലര്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ നേതൃത്വം നല്‍കുന്നു. സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ മനംനൊന്ത് ഒരു പാവംയുവാവിന് ആത്മഹത്യ ചെയ്യേണ്ടി വന്നു. ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കു സി.പി.എം നേതാക്കള്‍ നേതൃത്വം കൊടുക്കുന്നു. ഗുണ്ടാപ്രവര്‍ത്തനത്തിനു ഡി.വൈ.എഫ്.ഐ നേതാക്കള്‍ മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും പേര് ഉപയോഗിക്കുന്നു.
ഇതിനെതിരേ നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെവന്നപ്പോള്‍ സി.പി.എം എടുത്ത പുതിയ അടവാണ് കോണ്‍ഗ്രസിനെയും സംഘ്പരിവാറിനെയും ഒരേ തൊഴുത്തില്‍ കെട്ടിക്കൊണ്ടുള്ള പ്രചാരണം. മറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടായിസം നടത്തിയ ശിവസേനക്കാരെ യു.ഡി.എഫ് വാടകയ്‌ക്കെടുത്തതാണെന്നു മുഖ്യമന്ത്രി പറഞ്ഞത് അതിന്റെ ഭാഗമായാണ്. ശിവസേനയ്ക്കു സ്വന്തം പൊലിസ് ഒത്താശ ചെയ്തത് തുറന്നുകാട്ടപ്പെട്ടപ്പോഴുള്ള ജാള്യത മറയ്ക്കലാണത്.
ഇന്ത്യയില്‍ സംഘ്പരിവാറിനു നേരേ എതിര്‍ദിശയിലുള്ളത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര ചേരിയാണ്. അതുകൊണ്ടാണല്ലോ, പിണറായിക്കു മംഗലാപുരത്തു നിവര്‍ന്നുനിന്നു സംസാരിക്കാന്‍ കഴിഞ്ഞത്. കേരളത്തില്‍ സി.പി.എമ്മും സംഘ്പരിവാറും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുകയാണെന്ന യാഥാര്‍ഥ്യം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഒരേ മനസോടെയാണു പലപ്പോഴും പിണറായിയും കോടിയേരിയും കുമ്മനവും കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത്.
ദേശീയഗാന വിവാദത്തില്‍ സംഘ്പരിവാറുകാരുടെ താളത്തിനൊത്തു തുള്ളുകയായിരുന്നു പിണറായിയുടെ പൊലിസ്. ബി.ജെ.പിക്കാര്‍ ലിസ്റ്റ് കൊടുക്കുന്നതനുസരിച്ചു പൊലിസ് യു.എ.പി.എ ചുമത്തുകയാണെന്ന പരാതി ഇടതുപക്ഷത്തുനിന്നു തന്നെ ഉയര്‍ന്നുവന്നിരുന്നു. സംഘ്പരിവാറുകാര്‍ കൊലവിളി നടത്തിയാലും വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തിയാലും കേസില്ല.
നിയമസഭയില്‍ ഉയര്‍ത്തുന്ന ജനകീയവിഷയങ്ങള്‍പോലും വര്‍ഗീയമായി വളച്ചൊടിക്കാനാണു സി.പി.എം ശ്രമിക്കുന്നത്. കാരണം, ഈ ജനവിരുദ്ധസര്‍ക്കാരിന്റെ മുഖംരക്ഷിക്കാന്‍ അവര്‍ക്കുള്ള ഏക ആയുധം ഇത്തരത്തിലുള്ള കള്ളപ്രചരണങ്ങളാണ്. അത്തരം ദുഷ്പ്രചാരണങ്ങളെല്ലാം കേരളത്തിലെ പ്രബുദ്ധരായ സമൂഹം അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയും. പണ്ട്, ഇത്തരം പ്രചാരണങ്ങള്‍ക്ക് അല്‍പ്പായുസായിരുന്നു. എന്നാല്‍, ഇപ്പോള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അവ തകര്‍ന്നടിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."