കണ്ണൂര്‍ വിമാനത്താവള ഭൂമി ഇടപാട്; കേസ് 25ന് പരിഗണിക്കും
തലശ്ശേരി: കണ്ണൂര്‍ വിമാനത്താവള ഭൂമി കൈമാറിയ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , മുന്‍ മന്ത്രി കെ. ബാബു തുടങ്ങിയവര്‍ക്കെതിരേയുള്ള വിജിലന്‍സ് കേസ് 25 ന് പരിഗണിക്കാന്‍ തലശ്ശേരി സ്‌പെഷല്‍ വിജിലന്‍സ് കോടതി ഉത്തരവായി. നേരത്തെ ഈ കേസിലെ ദ്രുത പരിശോധനാ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചിരുന്നു. ഭൂമി കൈമാറ്റത്തില്‍ നൂറ് കോടിയോളം രൂപ സര്‍ക്കാരിന് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ഇരിട്ടി പെരിങ്കറിയിലെ കെ. വി ജയിംസ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്.
വ്യോമയാന പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ്, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി. പി ജോയ്, കിന്‍ഫ്ര മാനേജര്‍ രാംനാഥ്, കിയാല്‍ എം. ഡി ചന്ദ്രമൗലി, വിമാനത്താവളത്തിന്റെ കരാറുകാരായ എല്‍. ആന്‍ഡ് ടി. കമ്പനി മാനേജര്‍ സലിലാല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി വി. ജെ കുര്യന്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ തുടങ്ങിയവരും കേസിലെ പ്രതികളാണ്.
ഭൂമി കൈമാറ്റത്തിനു ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സ്ഥിരം സമിതിയുണ്ടാക്കി വില നിശ്ചയിക്കണമെന്നാണ് മാനദണ്ഡം. എന്നാല്‍ ഇതിനു വിരുദ്ധമായി ഐ. എ. എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വില നിശ്ചയിച്ചെന്നാണ് പരാതി. വിമാനത്താവളം നിര്‍മിച്ച ഭൂമിയിലെ 30,000 മരങ്ങള്‍ മുറിച്ച് മാറ്റാനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നത്.
എന്നാല്‍ ഇതിന്റെ മറവില്‍ ഒരു ലക്ഷത്തിലേറെ മരങ്ങള്‍ മുറിച്ച് മാറ്റിയതായും പരാതിക്കാരനായ ജെയിംസ് വിജിലന്‍സ് കോടതി മുന്‍പാകെ ബോധിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."