എ.വി ജോര്‍ജിന് വിനയായത് അധികാര ദുര്‍വിനിയോഗം
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജിന്റെ സസ്പെന്‍ഷനിലേക്ക് നയിച്ചത് അധികാരദുര്‍വിനിയോഗം. പൊലിസ് ചട്ടങ്ങള്‍ ലംഘിച്ച് തന്നിഷ്ടപ്രകാരം രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്.ടി.എഫ്) തന്നെയാണ് എസ്.പിക്ക് കുരുക്കു തീര്‍ത്തത്. കേസില്‍ ആദ്യം അറസ്റ്റിലായ മൂന്ന് ആര്.ടി.എഫുകാരും എ.വി ജോര്‍ജിനെതിരേ പരസ്യമായി രംഗത്തുവന്നതാണ് അന്വേഷണസംഘം മുന്‍ എസ്.പിക്കെതിരേ തിരിയാന്‍ കാരണമായത്. തുടക്കത്തില്‍ തന്നെ മുന്‍ എസ്.പി പ്രതിക്കൂട്ടിലായിരുന്നു. ആര്.ടി.എഫുകാരെ ശ്രീജിത്തിന്റെ വീട്ടില്‍ വിട്ട് അറസ്റ്റുചെയ്യിച്ചതും അന്ന് അവധിയിലായിരുന്ന മുന്‍എസ്.ഐ ദീപക്കിനോട് തിരുവനന്തപുരത്തുനിന്നും സ്റ്റേഷനില്‍ വരാന്‍ നിര്‍ദേശം നല്കിയതും എ.വി.ജോര്‍ജാണെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ കേസില്‍ എസ്.ഐ, സി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടപടിയുണ്ടായിട്ടും എ.വി ജോര്‍ജിന്റെ രാഷ്ട്രീയസ്വാധീനം നടപടിയില്‍ നിന്ന് തുടക്കത്തില്‍ മാറ്റി നിര്‍ത്തുകയായിരുന്നു. എ.വി ജോര്‍ജിനെതിരേ ശ്രീജിത്തിന്റെ കുടുംബവും കേസില്‍ ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുമൊക്കെ രംഗത്തുവന്നതോടെ അന്വേഷണസംഘം വിശദമായ അന്വേഷണത്തിന് നിര്‍ബന്ധിതരാകുകയായിരുന്നു.
വരാപ്പുഴയില്‍ ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന് വിനീഷ് നല്കിയ ആദ്യ മൊഴിയില്‍ ശ്രീജിത്തിന്റെ പേര് ഇല്ലായിരുന്നുവെന്നും വ്യാജ മൊഴികള്‍ പിന്നീട് ഉണ്ടാക്കുകയായിരുന്നുവെന്നും വ്യക്തമായതോടെ കാര്യങ്ങള്‍ കൂടുതല്‍ കുരുങ്ങി. കഴിഞ്ഞ ദിവസം ആലുവ പൊലിസ് ക്ലബ്ബിലേക്കു വിളിച്ചു വരുത്തിയ എ.വി. ജോര്‍ജിനെ മൂന്നു മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണു ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പൊലിസ് മേധാവിക്കു റിപ്പോര്‍ട്ട് നല്കിയതും നടപടിയിലേക്ക് നീങ്ങിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."