19 കാരനെ പൊലിസ് അകാരണമായി മര്‍ദിച്ചതായി പരാതി
തിരുവനന്തപുരം: 19 കാരനെ പൊലിസ് അന്യായമായി ലോക്കപ്പിലിട്ട് മര്‍ദിച്ചതായി പരാതി. നേമം പൊലിസ് ക്വാര്‍ട്ടേഴ്‌സ് റോഡില്‍ ശ്രീശങ്കരിപ്രിയയില്‍ ഗേളിയാണ് തന്റെ കൊച്ചുമകനെ പേരൂര്‍ക്കട പൊലിസ് മര്‍ദിച്ചതായി മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, ഡി.ജി.പി, പൊലിസ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. ഗേളിയുടെ കൊച്ചുമകന്‍ സൂരജിനെ രണ്ടുദിവസം പൊലിസ് അന്യായമായി ലോക്കപ്പിലിട്ട് മര്‍ദിച്ചതായി അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഇക്കഴിഞ്ഞ മെയ് അഞ്ചിന് ബൈക്കപകടത്തില്‍ പരുക്കുപറ്റിയ കൂട്ടുകാരനെ സന്ദര്‍ശിക്കാന്‍ പോയ തന്നെ സ്റ്റേഷനില്‍ കൊണ്ടുപോയി പൊലിസ് മൃഗീയമായി മര്‍ദിക്കുകയായിരുന്നെന്ന് സൂരജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിന്നീട് രണ്ടുദിവസം ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചതിന് ശേഷം ഒരു കേസുമെടുക്കാതെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും സൂരജ് വ്യക്തമാക്കി. ബാന്‍ഡേജിട്ട വലതുകാലുമായി മുടന്തിയാണ് സൂരജ് വാര്‍ത്താസമ്മേളനത്തിനെത്തിയത്. വാഹനാപകടത്തില്‍പ്പെട്ട സുഹൃത്ത് മിഥുനെ കാണാന്‍ ഏണിക്കരയുള്ള വീട്ടിലെത്തിയതായിരുന്നു സൂരജ്. അവിടെ മിഥുന്റെ മറ്റു മൂന്നുകൂട്ടുകാര്‍ കൂടിയുണ്ടായിരുന്നു.
മെയ് അഞ്ചിന് രാവിലെ 11.30തോടുകൂടി മിഥുന്റെ വീട്ടിലെത്തിയ പേരൂര്‍ക്കട എസ്.ഐ സമ്പത്തും സംഘവും താനുള്‍പ്പെടെ അവിടെയുണ്ടായിരുന്ന അഞ്ചുപേരെയും മര്‍ദിച്ചു. പിന്നീട് സ്റ്റേഷനില്‍ കൊണ്ടുപോയും മര്‍ദിച്ചു. ബൈക്കിന്റെ ഷോക്ക് അബ്‌സോര്‍ബര്‍ കൊണ്ട് തങ്ങളെ തലങ്ങും വിലങ്ങും തല്ലുകയായിരുന്നെന്നും സൂരജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം സൂരജിനെ കസ്റ്റഡിയിലെടുത്തത് ശരിയാണെന്നും കേസില്ലാത്തതിനാല്‍ വിട്ടയച്ചുവെന്നും പേരൂര്‍ക്കട എസ്.ഐ. സമ്പത്ത് പറഞ്ഞു. മര്‍ദിച്ചുവെന്നത് ശരിയല്ല. കാലിനേറ്റ പരുക്ക് ബൈക്ക് അപകടത്തില്‍ സംഭവിച്ചതാണ്.
ബൈക്ക് മോഷണക്കേസില്‍ സുരജിന്റെ സുഹൃത്തുക്കളെന്ന് പറയുന്ന മൂന്നുപേരും ഇപ്പോള്‍ റിമാന്‍ഡിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."