നോട്ട് നിരോധനം: വാണിജ്യ നികുതി മേഖലയില്‍ രണ്ടുശതമാനം നെഗറ്റീവ് വളര്‍ച്ചയെന്ന്
തിരുവനന്തപുരം: നോട്ട് നിരോധനത്തെ തുടര്‍ന്ന് വാണിജ്യനികുതി മേഖലയില്‍ 2015നേക്കാള്‍ 2016ല്‍ രണ്ടുശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു.
19 ശതമാനം പ്രതീക്ഷിച്ചിടത്താണ് ഈ കുറവുണ്ടയത്. രജിസ്‌ട്രേഷന്‍ വകുപ്പില്‍ 2016 നവംബര്‍ മുതല്‍ 2017 ജനുവരി വരെ നികുതി വരുമാനത്തില്‍ 839.40 കോടി പ്രതീക്ഷിച്ചതില്‍ 527.6 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. പ്രതീക്ഷിച്ച നികുതി വരുമാനത്തില്‍ നിന്ന് 311.80 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പില്‍ നോട്ട് നിരോധനം വന്നതിനുശേഷം രജിസ്‌ട്രേഷന്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 10.5 ശതമാനം കുറവുണ്ട്. ലാന്‍ഡ് റവന്യു വകുപ്പിലെ പ്രധാന നികുതിയിനമായ അടിസ്ഥാന ഭൂനികുതി 2016 ജനുവരി 31ന് 115.33 കോടി രൂപ ലഭിച്ച സ്ഥാനത്ത് 2017 ജനുവരി 31ന് 56.48 കോടി രൂപ മാത്രമാണ് ലഭിച്ചത്. നോട്ട് നിരോധനം നിലവില്‍വന്നതിനു ശേഷം 2016 നവംബര്‍ ഒന്‍പത് മുതല്‍ 2017 ഫെബ്രുവരി 28 വരെ എക്‌സൈസ് വകുപ്പ് പ്രതീക്ഷിച്ച വരുമാനം 729.28 കോടിയാണ്.
എന്നാല്‍, ഇക്കാലയളവില്‍ 580 കോടിയാണ് ലഭിച്ചത്. പ്രതീക്ഷിച്ച വരുമാനത്തില്‍ 148.71 കോടിയുടെ കുറവുണ്ടായി. അതേസമയം, ടൂറിസം രംഗത്തെ കൃത്യമായ നഷ്ടം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."