ലീഗ് കോട്ടയില്‍ ജനപ്രിയന്‍; ലക്ഷ്യം റെക്കോഡ് വിജയം
മലപ്പുറം: മലപ്പുറമെന്ന ഉറച്ച കോട്ടയില്‍ ജനപ്രിയ നേതാവിനെ രംഗത്തിറക്കി മുസ്‌ലിം ലീഗ് ലക്ഷ്യമിടുന്നത് റെക്കോഡ് വിജയം. കേരളപ്പിറവിക്കു ശേഷം 1957ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ വിജയ തേരോട്ടത്തില്‍ ലീഗിന് അടിപതറിയത് ഒരിക്കല്‍ മാത്രമാണ്. നേരത്തെ മഞ്ചേരി ലോക്‌സഭാ മണ്ഡലമെന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവിടെ ചരിത്രത്തിലാദ്യമായി 2004ലാണ് ലീഗ് പരാജയപ്പെടുന്നത്. നിലവില്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.പി.എ മജീദാണ് അന്ന് മുന്‍ മന്ത്രി ടി.കെ ഹംസയോട് പരാജയപ്പെട്ടത്. തുടര്‍ന്ന് 2009ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡല പുനഃക്രമീകരണത്തോടെ മലപ്പുറമായി മാറുകയായിരുന്നു. തുടര്‍ന്നു നടന്ന രണ്ടു തെരഞ്ഞെടുപ്പിലും മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ റെക്കോഡ് വിജയം നേടി.
1957ല്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഞ്ഞിക്കോയയെ പരാജയപ്പെടുത്തിയാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ബി പോക്കര്‍ മഞ്ചേരിയില്‍ അക്കൗണ്ട് തുറന്നത്. തുടര്‍ന്നു 1962, 1967, 1971 വര്‍ഷങ്ങളില്‍ പാര്‍ട്ടി സ്ഥാപകന്‍ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് വിജയിച്ചു. ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടി നിലവില്‍ വേങ്ങര എം.എല്‍.എയാണ്. മുസ്‌ലിം ലീഗ് സിറ്റിങ് എം.എല്‍.എമാരെ ഇറക്കി ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇതു രണ്ടാം തവണയാണ്.
1972ല്‍ ഇസ്മാഈല്‍ സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് ലീഗ് ആദ്യമായി സിറ്റിങ് എം.എല്‍.എയെ രാജിവയ്പ്പിച്ച് ലോക്‌സഭയിലേക്കു മത്സരിപ്പിച്ചത്. കൊണ്ടോട്ടി എം.എല്‍.എയായിരുന്ന സി.എച്ച് മുഹമ്മദ് കോയയാണ് അന്നു മഞ്ചേരിയില്‍ നിന്നു പാര്‍ലമെന്റിലെത്തിയത്. പിന്നീട് 1977,1980, 1984, 1989 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഇബ്രാഹിം സുലൈമാന്‍ സേട്ടു ലീഗ് പാനലില്‍ വിജയിച്ചു.
1991 മുതലാണ് അന്തരിച്ച ഇ അഹമ്മദ് മഞ്ചേരിയില്‍ മത്സര രംഗത്തെത്തുന്നത്. 1991, 1996, 1999 വര്‍ഷങ്ങളില്‍ യഥാക്രമം വി വേണുഗോപാല്‍, സി.എച്ച് ആഷിഖ്, അഡ്വ. ഐ.ടി നജീബ് എന്നിവരെയാണ് ഇ അഹമ്മദ് തോല്‍പ്പിച്ചത്. 2009ല്‍ മഞ്ചേരി മണ്ഡലം ഒഴിവാക്കി ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ത്ത് മലപ്പുറം ലോക്‌സഭാ മണ്ഡലം രൂപീകരിച്ചപ്പോഴും 2014ല്‍ നടന്ന തെരഞ്ഞെടുപ്പിലും ഇ അഹമ്മദ് വിജയിച്ചു. ഒരിക്കല്‍ മാത്രം ലീഗിനെ കൈവിട്ട മണ്ഡലത്തില്‍ ഒരിക്കല്‍കൂടി ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ റെക്കോഡ് വിജയത്തില്‍ കുറഞ്ഞതൊന്നും ലീഗിന്റെ ആലോചനയിലില്ല.
സംസ്ഥാന രാഷ്ടീയത്തില്‍ നീണ്ടകാലത്തെ പരിചയ സമ്പത്തുമായാണ് കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്കു മത്സരിക്കുന്നത്. രണ്ടുലക്ഷത്തോളം വരുന്ന ഭൂരിപക്ഷത്തോടെ വിജയിച്ച ഇ അഹമ്മദിന്റെ മികച്ച പ്രവര്‍ത്തനവും കുഞ്ഞാലിക്കുട്ടിയുടെ പൊതുസ്വീകാര്യതയും ഭൂരിപക്ഷം ഉയര്‍ത്തുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."