രോഗപ്രതിരോധം; ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ ലക്ഷ്യത്തിലെത്തിയെന്ന്
കല്‍പ്പറ്റ: രോഗ പ്രതിരോധത്തിന്റെ കാര്യത്തില്‍ ഇതര ജില്ലകളെക്കാള്‍ വയനാട് ജില്ല മുന്നിട്ടുനിന്നതായി ആരോഗ്യം പ്രതിരോധം അതിജീവനം സെമിനാര്‍. മന്ത്രി സഭാ വാര്‍ഷികത്തിന്റെ ഭാഗമായി പൊലിക വേദിയില്‍ അവതരിപ്പിച്ച സെമിനാറാണ് ജില്ലയുടെ ആരോഗ്യ രംഗത്തെ നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ച ചെയ്തത്. ആരോഗ്യം, ആയുര്‍വേദം, ഹോമിയോ വകുപ്പ് പ്രതിനിധികള്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
കഴിഞ്ഞ വര്‍ഷം ഇതര ജില്ലകളില്‍ ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചപ്പോള്‍ വയനാട്ടില്‍ ഒരു മരണം പോലും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നതു നേട്ടമാണ്. 19,645 കേസുകളാണ് സംസ്ഥാനത്താകെ റിപ്പോര്‍ട്ട് ചെയ്തത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 64,731 പേര് ചികില്‍സതേടി. 37 ഡെങ്കിപ്പനി മരണമാണ് റിപോര്‍ട്ട് ചെയ്തത്. 233 പേര് മരിച്ചത് ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണെന്നും കണ്ടെത്തിയിരുന്നു.
സമയോചിത ഇടപെടലുകളും രോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്കാന് കഴിഞ്ഞതുമാണ് ജില്ലയുടെ നേട്ടം. 1,332 പേര്‍ക്ക് സംസ്ഥാനത്തൊട്ടാകെ എച്ച്1 എന്‍1 റിപോര്‍ട്ട് ചെയ്തു. 185 കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. മരണങ്ങളുണ്ടായില്ല. കോളറയുടെ കാര്യത്തില്‍ അഞ്ചുവര്‍ഷം മുമ്പുണ്ടായിരുന്ന സ്ഥിതിവിശേഷമല്ല ഇപ്പോള്‍. ഇക്കൊല്ലം ഇതുവരെ ജില്ലയില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് മാത്രമാണ് കോളറ സ്ഥിരീകരിച്ചത്.
ചടങ്ങില്‍ സാമൂഹികനീതി വകുപ്പിന്റെ കൈപ്പുസ്തകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുല്‍ ഖാദര്‍ പ്രകാശനം ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സന്തോഷ് ഏറ്റുവാങ്ങി. ഡി.എം.ഒ (ആരോഗ്യം) നൂന മര്‍ജ, ഡോ. കെ.എസ് അജയന്, ഡോ. അരുണ്‍കുമാര്‍, ഡോ. ജറാള്‍ഡ് ജയകുമാര്‍, ഡോ. കെ സന്തോഷ് കുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."