അബൂദാവൂദ് (റ): ഹദീസ് പാണ്ഡിത്യത്തിന്റെ ഗരിമ
അബ്ബാസി ഖലീഫയായി സ്ഥാനമേറ്റ അഹ്മദുല്‍ മുവഫ്ഫഖ് ആ മഹാപണ്ഡിതനെ വന്നു കണ്ടു. ആഗമനോദ്ദേശം ചോദിച്ച അദ്ദേഹത്തോട് ഖലീഫ പറഞ്ഞു: അങ്ങ് ബസ്വറയിലേക്ക് താമസം മാറ്റണം, അവിടേക്ക് ജനങ്ങള്‍ ഒഴുകിയെത്തട്ടെ! എന്റെ മക്കള്‍ക്ക് അങ്ങ് 'സുനന്‍' പഠിപ്പിക്കണം. എന്റെ മക്കള്‍ക്ക് പ്രത്യേകമായി ഇരിപ്പിടം വേണം. പൊതുജനങ്ങളോടൊപ്പം അമീറുമാരുടെ മക്കള്‍ ഇരിക്കില്ലല്ലോ? ''
ഇതുകേട്ട ആ പണ്ഡിതന്‍ പ്രതികരിച്ചു: ' താങ്കള്‍ പറഞ്ഞ രണ്ട് ആവശ്യങ്ങള്‍ ഞാന്‍ അംഗീകരിക്കാം. മൂന്നാമത്തേത് അംഗീകരിക്കാന്‍ സാധ്യമല്ല. വിജ്ഞാനത്തിന് അധികാരത്തിന്റെ അതിരുകളില്ല. എല്ലാവരും അതില്‍ തുല്ല്യരാണ് '. കേട്ട് നിന്നവരെ ഈ മറുപടി അത്ഭുതപ്പെടുത്തി. അബൂദാവൂദ് എന്ന പേരില്‍ പ്രശസ്തനായ സുലൈമാനുബ്‌നു അശ്അഥിബ്‌നി ഇസ്ഹാഖ് സജിസ്താനിയാണ് പ്രസ്തുത ഹദീസ് പണ്ഡിതന്‍.
ഹി. 202ല്‍ സീസ്താനിലാണ് ഇമാം അബൂദാവൂദിന്റെ ജനം. (അറബി രൂപം സജിസ്താന്‍ എന്നാണ്. ഖുറാസിനിന്റെയും കിര്‍മാനിന്റെയും ഇടയിലുള്ള പ്രദേശമാണിത്.) ജീവിതത്തിന്റെ സിംഹഭാഗവും അദ്ദേഹം ബഗ്ദാദിലാണ് കഴിച്ചുകൂട്ടിയത്. പ്രസിദ്ധമായ തന്റെ സുനിന്റെ രചന നിര്‍വഹിച്ചതും അവിടെ വച്ചുതന്നെ.
ചെറുപ്പത്തില്‍തന്നെ ജ്ഞാനാന്വേഷണത്തില്‍ തല്‍പരനായിരുന്നു. വിജ്ഞാനീയങ്ങളുടെ മുഖ്യ കേന്ദ്രങ്ങളായ ഖുറാസാന്‍, ഈജിപ്ത്, ഹിജാസ്, ശാം, അല്‍ ജസാഇര്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ ചുറ്റി സഞ്ചരിച്ച അദ്ദേഹം അനവധി പണ്ഡിതന്‍മാരെ കണ്ടുമുട്ടുകയും അവരില്‍നിന്നും ഹദീസ് സ്വീകരിക്കുകയും ചെയ്തു. മുന്നൂറോളം പണ്ഡിതരില്‍നിന്നും അദ്ദേഹം ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍, ഇമാം മുസ്‌ലിം, ഇമാം അലിയ്യുല്‍ മദീനി തുടങ്ങിയവര്‍ അതില്‍ ചിലരാണ്. അബ്ദുല്ലാഹിബ്‌നു സലമ, മുസ്‌ലിമുബ്‌നു ഇബ്‌റാഹീം, ഇസ്ഹാഖ് ബ്‌നു റാഹവൈഹി, യഹ്‌യ ബ്‌നു മുഈന്‍, സുലൈമാന്‍ ബ്‌നു ഹര്‍ബ് എന്നിങ്ങനെ അനവധിയാണവര്‍. ശിഷ്യസമ്പത്തിലും ഈയൊരു ഭാഗ്യം അദ്ദേഹത്തിനു നേടിയെടുക്കാന്‍ സാധിച്ചു. ഹദീസ് പണ്ഡിതന്മാരായ ഇമാം നസാഈ, ഇമാം തുര്‍മുദി തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പ്രമുഖരാണ്. ഗുരുനാഥനായ ഇമാം ഇബ്‌നു ഹംമ്പലും അദ്ദേഹത്തില്‍നിന്ന് ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദുന്‍യാവില്‍ ഹദീസിനുവേണ്ടിയും ആഖിറത്തില്‍ സ്വര്‍ഗത്തിനു വേണ്ടിയും സൃഷ്ടിക്കപ്പെട്ട വ്യക്തിയായിരുന്നു അബൂദാവൂദ് എന്ന് ഹിജ്‌റ 294ല്‍ മരണപ്പെട്ട പ്രമുഖ മുഹദ്ദിസ് ഹാഫിള് മൂസ ബ്‌നു ഹാറൂന്‍ അല്‍ ബസ്സാര്‍ (റ) പറഞ്ഞത് കാണാം.(ത്വബഖാതുശ്ശാഫിഇയ്യ 2:295, തഹ്ദീബുത്തഹ്ദീബ് 4:172). പാണ്ഡിത്യം, ജ്ഞാനദൃഢത, ഗവേഷണ പാടവം, തഖ്‌വ തുടങ്ങിയ ഉത്തമ ഗുണങ്ങള്‍ അദ്ദേഹത്തില്‍ നിറഞ്ഞു നിന്നിരുന്നു. അതിനാല്‍ ചില പണ്ഡിതര്‍ അദ്ദേഹത്തെ അഹ്മദ് ബിന്‍ ഹംമ്പലിനോട് സാദൃശ്യപ്പെടുത്തി പറഞ്ഞിട്ടുണ്ട്. (അല്‍ മുന്‍തള്വം 5:97, ശദറാതുദ്ദഹ്ബ് 2:167)
സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം എന്നിവയ്ക്ക് ശേഷം മുസ്‌ലിം ലോകം അംഗീകരിക്കുന്ന പ്രമുഖ ഹദീസ് ഗ്രന്ഥമാണ് സുനനു അബീ ദാവൂദ്. ലഭ്യമായ അഞ്ചുലക്ഷം ഹദീസുകളില്‍നിന്ന് 4800 എണ്ണം മാത്രം തെരഞ്ഞെടുത്ത് ക്രോഢീകരിച്ചതാണ് സുനനു അബൂദാവൂദ്. ആവര്‍ത്തനം പരിഗണിക്കുമ്പോള്‍ 5274 ഹദീസുകള്‍ ഉണ്ട്. കര്‍മശാസ്ത്രങ്ങളുടെ അധ്യായങ്ങളുടെ ക്രമത്തിലാണ് സുനനിന്റെ രചന. അഹ്കാമുകളും സുനനുകളും മാത്രമേ അതിലുള്ളൂ. സുനനില്‍ അദ്ദേഹം സ്വീകരിച്ച നിലപാട് അദ്ദേഹം തന്നെ പറയുന്നു: ' സ്വഹീഹും അതിനോടടുത്തതും ഞാന്‍ വിശദീകരിക്കും. ശക്തമായ ദുര്‍ബലതയുണ്ടെങ്കില്‍ അത് ഞാന്‍ വിശദീകരിക്കും. '
ഇരുപത്തി രണ്ടോളം വ്യാഖ്യാനങ്ങളും (ശര്‍ഹുകള്‍) വ്യാഖ്യാനക്കുറിപ്പുകളും (ഹാശിയ) അബൂദാവൂദിന്റെ ഈ ഹദീസ് സമാഹാരത്തിനുണ്ട്. ഇമാം അബൂ സുലൈമാന്‍ ബസ്തിയുടെ മആലിമി സുനനും ഖലീല്‍ അഹ്്മദിന്റെ ബദ്‌ലുല്‍ മജ്ഹൂദ്, സുയൂത്വിയുടെ മിര്‍ഖാത്തുസ്സുഊദാ ഇബ്‌നുല്‍ ഖയ്യിമിന്റെ തഹ്ദീബുസുനന്‍ ഔനുല്‍ മഅ്ബൂദ് എന്ന സംക്ഷിപ്ത വിവരണവും എന്നിവ അതില്‍ പ്രധാനമാണ്. കിതാബുല്‍ ഖദ്‌റ്, കിതാബുല്‍ മസാഇല്‍, നാസിഖ് മന്‍സൂഖ്, ദലാഇലുന്നുബുവ്വ, അഖ്ബാറുല്‍ ഖവാരിജ്, അല്‍ മറാസീല്‍, ഫളാഇലുല്‍ അഅ്മാല്‍, കിതാബുസ്സുഹ്ദ് തുടങ്ങിയവ പ്രമുഖഗ്രന്ഥങ്ങളാണ്.
കര്‍മശാസ്ത്ര രംഗത്ത് അദ്ദേഹം പിന്‍ പറ്റിയ മദ്ഹബിന്റെ കാര്യത്തില്‍ ചരിത്രകാരന്മാര്‍ക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. ഇമാം നവവി (റ) അദ്ദേഹത്തെ ശാഫിഈകളുടെ ഗണത്തില്‍ പരിചയപ്പെടുത്തുമ്പോള്‍ (തഹ്ദീബുല്‍ അസ്മാഉ വല്ലുആത്ത് 2: 224) അബൂ ഇസ്ഹാഖ് അശ്ശീറാസിയും ഖാസി ഇബ്‌നു അബീ യഅ്‌ലയും ഹംമ്പലികളുടെ കൂട്ടത്തിലാണ് എണ്ണുന്നത്. ഹിജ്‌റ 275 ശവ്വാല്‍ പതിനാറിന് ബസ്വറയില്‍ മരണപ്പെട്ടു. 73 വയസ്സുണ്ടായിരുന്നു. സുഫ്‌യാനുസ്സൗരി (റ) വിന്റെ ഖബറിനരികെ ബസ്വറയില്‍ തന്നെയാണ് മഖ്ബറ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."