കൊപ്പം മേഖലയില്‍ ഡെങ്കിപ്പനിയും മലേറിയയും; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
കൊപ്പം: കൊപ്പം മേഖലയില്‍ ഡെങ്കിപ്പനിയും മലേറിയയും പടരുന്നു. വേനല്‍മറയെത്തിയതോടുകൂടിയാണ് മഴക്കാലരോഗങ്ങളും വരവറിയിച്ചത്. ജാഗ്രത വേണമെന്നും എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.
കൊപ്പം ഗവ. ഹോസ്പിറ്റലില്‍ ചികിത്സക്കെത്തിയവരില്‍ മൂന്ന് പേര്‍ക്ക് ഡങ്കിപ്പനിയും ഇതരസംസ്ഥാന തൊഴിലായായ ഒരാള്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിദിനം എഴുനൂറോളം രോഗികളാണ് കൊപ്പം ആശുപത്രിയിലെത്തുന്നത്. മഴ വ്യാപകമാവുന്നതോടെ അത് ആയിരത്തോളം വരെയെത്താറുണ്ട്. നാല് ഡോക്ടര്‍മാരുണ്ടെങ്കിലും തിരക്ക് കാരണം രോഗികള്‍ ഏറെ കാത്തിരിക്കേണ്ടിവരുന്നു. എന്നാല്‍ മരുന്ന് ലഭിക്കണമെങ്കില്‍ ഇതിലേറെ സമയം ഫാര്‍മസിക്ക് മുമ്പില്‍ കാത്തിരിക്കണം. ഇത് പലപ്പോഴും രോഗികള്‍ തളര്‍ന്ന് വീഴാനും തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നു.
പല പഞ്ചായത്തുകളിലും മഴക്കാലത്തിന് മുമ്പ് ചെയ്ത് തീര്‍ക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായാല്‍ മേഖലയില്‍ ഡങ്കിപ്പനി പടര്‍ന്ന് പിടക്കാന്‍ സാധ്യതയുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പധികൃതരും അമാന്തം കാണിച്ചാല്‍ മഴക്കാലമെത്തുന്നതോടെ പകര്‍ച്ചവ്യാധികളും വ്യാപകമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."