ബ്രിട്ടന്റെ വിടവാങ്ങല്‍ ആഘാതങ്ങളേറെ
ഒടുവില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നും 'സ്വാതന്ത്ര്യം' പ്രഖ്യാപിച്ചിരിക്കുന്നു. യൂറോപ്യന്‍ യൂനിയനില്‍ തുടരേണ്ടെന്നു ബ്രിട്ടണിലെ 52 ശതമാനം ജനങ്ങളും വിധിയെഴുതിയിരിക്കുകയാണ്. 48 ശതമാനം ബ്രിട്ടണ്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന് ആഗ്രഹിച്ചുവെങ്കിലും രണ്ടു ശതമാനത്തിന്റെ വ്യത്യാസത്തിലാണ് ഈ തീരുമാനം.
43 വര്‍ഷത്തെ യൂറോപ്യന്‍ സഹവാസത്തില്‍നിന്നു ബ്രിട്ടണ്‍ വിടവാങ്ങുമ്പോള്‍ അതു ലോകത്തിനുതന്നെ വമ്പിച്ച പ്രത്യാഘാതങ്ങളാണു സൃഷ്ടിക്കാന്‍ പോകുന്നത്. യൂനിയനില്‍നിന്നു പിന്മാറണമെന്നാഗ്രഹിച്ചവര്‍ അനന്തരഫലം ഓര്‍ത്തുകാണില്ല. അവരെ മഥിച്ചിട്ടുണ്ടാവുക കുടിയേറ്റക്കാരുടെ തള്ളിക്കയറ്റമാണ്. കുടിയേറ്റക്കാരുടെ ക്രമാതീതമായ തള്ളിക്കയറ്റം കാരണം തദ്ദേശവാസികള്‍ക്കു ജോലിയും മറ്റ് അവസരങ്ങളും നഷ്ടപ്പെടുന്നുവെന്നാണു പരാതി.
പശ്ചിമേഷ്യയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കെതിരേയുള്ള നീക്കമായും ഹിതപരിശോധനാവിജയത്തെ കാണാന്‍കഴിയും. ഇറാഖില്‍നിന്നും സിറിയയില്‍നിന്നും ഐ.എസിന്റെ ആക്രമണത്താല്‍ പ്രാണനുംകൊണ്ട് ഓടിയവര്‍ ബ്രിട്ടണില്‍ കരപറ്റുകയായിരുന്നു. അവരുടെ കുടുംബങ്ങളായിരിക്കും പുതിയ തീരുമാനത്തിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരിക. ദേശീയതയും വംശീയതയും ലോകമൊട്ടാകെ പടരുമ്പോള്‍ ബ്രിട്ടനെ അതില്‍നിന്നു തടഞ്ഞുനിര്‍ത്തുന്നതില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ശ്രമങ്ങള്‍ക്കു വലിയ പങ്കുണ്ടായിരുന്നു. അതു ഫലിക്കാതെ പോകുകയാണിപ്പോള്‍.
4.64 കോടി വോട്ടര്‍മാരില്‍ 71.8 ശതമാനംപേരും ഹിതപരിശോധനയില്‍ പങ്കെടുത്തുവെന്നത് ബ്രിട്ടീഷ് ജനത എന്തുമാത്രം മാറിപ്പോയെന്നാണു സൂചിപ്പിക്കുന്നത്. ലോകത്തിനു സഹിഷ്ണുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ തെളിവുകൂടിയാണ് 'പിന്മാറ്റ'ക്കാരുടെ വിജയം. ലണ്ടന്‍ നഗരവാസികളെ വംശീയതയും വര്‍ഗീയതയുടെ രൂപഭേദമായ ദേശീയതയും അത്രകണ്ട് ആവേശിച്ചിട്ടില്ലെന്നതും ഈ തെരഞ്ഞെടുപ്പു വെളിപ്പെടുത്തുന്നു. 60 ശതമാനം ലണ്ടന്‍ നഗരവാസികളും ബ്രിട്ടണ്‍ യൂനിയനില്‍ തുടരണമെന്നാണ് ആവശ്യപ്പെട്ടത്.
യു.കെ ഇന്റിപെന്‍ഡന്‍സ് പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാജ് ബ്രിട്ടന്റെ സ്വാതന്ത്ര്യത്തോടാണു ഹിതപരിശോധനാ വിജയത്തെ ഉപമിച്ചത്. രാഷ്ട്രീയനേതാക്കളില്‍വരെ വംശീയത എന്തുമാത്രം ആഴത്തിലൂന്നിയിരിക്കുന്നുവെന്ന് ഇതു തെളിയിക്കുന്നു. ഡേവിഡ് കാമറണിന്റെ പാര്‍ട്ടിയിലെ 84 കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ കാമറണ്‍ പ്രധാനമന്ത്രി സ്ഥാനത്തു തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം രാജി പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഹിതപരിശോധനക്ക് അദ്ദേഹം സമ്മതംമൂളിയത് പാര്‍ട്ടിയിലെ തീവ്രവാദികളുടെ സമ്മര്‍ദത്താലായിരുന്നു. ആ നിമിഷത്തെ അദ്ദേഹമിപ്പോള്‍ ശപിക്കുന്നുണ്ടാകാം.
യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതു തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിനും പുരോഗതിക്കും തടസ്സമാണെന്നും കുടിയേറ്റക്കാരെ നിയന്ത്രിക്കുവാനോ തടയുവാനോ ശ്രമിക്കാത്ത യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതു ബ്രിട്ടന്റെ നാശത്തിലായിരിക്കും കലാശിക്കുകയെന്നുമുള്ള പ്രചാരണമാണ് ഇത്തരമൊരു വിജയത്തിനു കാരണമായത്. ഹിതപരിശോധനയില്‍ 'പിന്മാറ്റ'വാദക്കാര്‍ വിജയിച്ചതിനാല്‍ ബ്രിട്ടണില്‍ കഴിയുന്ന ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരുടെ നില പരുങ്ങലിലാകും.
സിറിയയില്‍നിന്നും ഇറാഖില്‍നിന്നും അഭയംതേടിയെത്തിയവര്‍ 'പിന്മാറ്റ'വാദക്കാരുടെ ആക്രമണങ്ങള്‍ക്കിരയായേക്കാം. രക്ഷതേടിയെത്തിയ ഭൂമിയില്‍നിന്ന് ആട്ടിയോടിക്കപ്പെടാനാണു നിര്‍ഭാഗ്യവാന്മാരായ സിറിയന്‍ ജനതയുടെയും ഇറാഖികളുടെയും വിധി. ഇന്ത്യന്‍ വംശജര്‍ക്കുവരെ ഭാവിയില്‍ ഭീഷണിയായേക്കാവുന്ന പരിവര്‍ത്തനത്തിനാണു ബ്രിട്ടണ്‍ വിധേയമായിരിക്കുന്നത്. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍തേടി കുടിയേറിയ ഇന്ത്യക്കാരെല്ലാം രണ്ടുവര്‍ഷത്തിനകം ബ്രിട്ടണ്‍ വിടേണ്ടിവരും. ഒക്ടോബറില്‍ ഡേവിഡ് കാമറണ്‍ സ്ഥാനം ത്യജിക്കുന്നതോടെ കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും നില കൂടുതല്‍ പരുങ്ങലിലാകും.
ഡേവിഡ് കാമറണ്‍ തുടര്‍ന്നാലും 'പിന്മാറ്റ'ക്കാരുടെ ഹിതമനുസരിച്ചു കുടിയേറ്റക്കാരെ ആട്ടിയോടിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവും. അത് അദ്ദേഹം ഇത്രയുംകാലം സൂക്ഷിച്ച ആദര്‍ശവിശുദ്ധിയെ കളങ്കപ്പെടുത്തുന്നതായിരിക്കും. ആ നിലയ്ക്കു ഡേവിഡ് കാമറണ്‍ പ്രധാനമന്ത്രി സ്ഥാനത്തു തുടരാനുള്ള സാധ്യത തുലോം വിരളവുമാണ്. ഏതു നിലയ്ക്കുനോക്കിയാലും പശ്ചിമേഷ്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെയും ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെയും ഭാവി ജീവിതത്തിനു കരിനിഴല്‍ വീഴ്ത്തുന്നതാണു ബ്രിട്ടണ്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടവരുടെ വിജയം.
ബ്രിട്ടീഷ് ജനതയിലും ഇതിന്റെ അനുരണങ്ങള്‍ പ്രത്യക്ഷപ്പെടും. ഇംഗ്ലീഷുകാരിലെ തന്നെ വലിയൊരു വിഭാഗത്തെ വിഭാഗീയത ബാധിക്കും. ഹിതപരിശോധനയെ അനുകൂലിച്ചവരും എതിര്‍ത്തവരും തമ്മിലുള്ള സംഘര്‍ഷം ഭാവി ബ്രിട്ടന്റെ സമാധാനത്തിനു ഭീഷണിതന്നെയായിരിക്കും. ഇതിനൊപ്പംതന്നെ കടുത്ത വംശീയതയുടെയും മുസ്‌ലിം വിരുദ്ധതയുടെയും വിളനിലമായി മാറാന്‍ സാധ്യതയേറെയാണ്.
സാമ്പത്തികരംഗത്തു ബ്രിട്ടന് കനത്ത തിരിച്ചടിയുണ്ടാക്കാന്‍ പോന്നതുമാണ് ഹിതപരിശോധനാ വിജയം. 'പിന്മാറ്റ'ക്കാര്‍ക്ക് ഇപ്പോള്‍ ആഹ്ലാദിക്കാന്‍ കഴിയുമെങ്കിലും നാളെ അങ്ങിനെയായിരിക്കണമെന്നില്ല. ലോകം കൂടുതല്‍ കുടുസ്സായി തീരുകയും വിഭാഗീയമായി തീരുകയുമാണെന്നാണ് ബ്രിട്ടന്റെ ഹിതപരിശോധന വിജയം വിളിച്ചുപറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."