കണ്ടിജന്റ് ജീവനക്കാരുടെ നിയമനം: തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം
തളിപ്പറമ്പ്: കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നതില്‍ സംവരണ തത്വം പാലിക്കണമെന്ന നിര്‍ദേശത്തിനെതിരേ തളിപ്പറമ്പ് നഗരസഭാ കൗണ്‍സിലില്‍ പ്രതിപക്ഷ ബഹളം.
സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെക്കുറിച്ചുള്ള ചര്‍ച്ചക്കിടെയാണ് ബഹളമുണ്ടായത്. ഒമ്പത് വര്‍ഷമായി താത്കാലികമായി ജോലി ചെയ്യുന്ന രണ്ട് കണ്ടിജന്റ് ജീവനക്കാര്‍ നിലനില്‍ക്കെയാണ് ഇനിയുള്ള സ്ഥിരനിയമനത്തിന് സംവരണ തത്വം പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചത്. കണ്ടിജന്റ് ജീവനക്കാരെ മതപരമോ ലിംഗപരമോ ആയ സംവരണം നോക്കിയാവരുത് നിയമിക്കുന്നതെന്ന് പ്രതിപക്ഷം വാദിച്ചു.
സംവരണതത്വം വേണമെന്ന സ്വകാര്യ വ്യക്തിയുടെ നിലപാടിനെ നഗരസഭ പിന്തുണയ്ക്കുന്നതായി സംശയിക്കണമെന്നും പ്രതിപക്ഷ നേതാവ് കെ മുരളീധരന്‍ ആരോപിച്ചു. സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചത് ആരുടെയും താത്പര്യപ്രകാരമല്ലെന്ന് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം മറുപടി നല്‍കി. നിയമപരമായി കിട്ടേണ്ട ആരുടെയും അവകാശം നഗരസഭ നിഷേധിക്കില്ലെന്നും പരാതി വന്നാല്‍ അപ്പോള്‍ പരിശോധിക്കുമെന്നും അര്‍ഹരായവര്‍ക്ക് നിയമനം നല്‍കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. സംവരണ തത്വത്തെ കുറിച്ചുള്ള ചര്‍ച്ചക്കിടെ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റായ പരാമര്‍ശം പിന്‍വലിക്കപ്പെടേണ്ടതാണെന്ന് ചെയര്‍മാന്‍ റൂളിങ് നല്‍കിയതോടെയാണ് കൗണ്‍സില്‍ ശാന്തമായത്.
വൈസ് ചെയര്‍പേഴ്‌സണ്‍ വത്സല പ്രഭാകരന്‍, പി മുഹമ്മദ് ഇഖ്ബാല്‍, രജനി രമാനന്ദ്, എം ചന്ദ്രന്‍, കെ വത്സരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."