ഇഷ്ടമുള്ള ഓര്‍മകളും ഇഷ്ടമില്ലാത്ത ഇക്കിളുകളും
''ഉനക്കും ഉന്‍ വയത്തിലെ പുള്ളയ്ക്കും അടിക്കടി വിക്കല്‍ വന്താല്‍ തിട്ടക്കൂടാത്.. ഏനാ അത് നാങ്ക ഉന്നെയും ഉന്‍ കുളന്തയെയും പറ്റി നെച്ചു പാക്കര്‍ത് താന്‍..''
(നിനക്കും നിന്റെ വയറ്റിലെ കുഞ്ഞിനും ഇടക്കിടെ ഇക്കിള്‍ വന്നാല്‍ നീ ദേഷ്യപ്പെടേണ്ട.. കാരണം ഞങ്ങള്‍ നിന്നെപ്പറ്റിയും കുഞ്ഞുവാവയെപ്പറ്റിയും ഓര്‍ക്കുന്നു എന്നുള്ളതിന്റെ തെളിവാണത്).
കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുമ്പോള്‍ കൂട്ടുകാരിയുടെ കണ്ണു നിറഞ്ഞു. അല്ലേലും ചിലരങ്ങനെയാണ്. ആരുമല്ലാതിരുന്നിട്ടും ആരൊക്കെയോ ആയി മാറി സ്‌നേഹിച്ചു കൊല്ലും. ഗര്‍ഭകാലത്തിന്റെ എട്ടാം മാസമാണ് ഹോസ്റ്റലിനോടും കോളജിനോടും റ്റാറ്റ പറഞ്ഞു നാട്ടിലേക്കു വരുന്നത്. വെയിലില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബദാം മില്‍ക്ക് കുടിച്ചു പിരിയാന്‍ നേരം എനിക്ക് ഇക്കിള്‍ വന്നു. തിരക്കിട്ടു കുടിച്ചതു കാരണമായിരിക്കണം. നീളന്‍ വിരലുകള്‍ കൊണ്ട് എന്റെ പുറം തടവി തന്നു കൂട്ടുകാരി കണ്ണീരു നിറച്ചുനില്‍ക്കുകയാണ്. ട്രെയിന്‍ ദൂരെ മറയുമ്പോഴും ഉയര്‍ത്തിപ്പിടിച്ച കൈയും നീളന്‍ വിരലുകളും ഞാന്‍ കാണുന്നുണ്ടായിരുന്നു.
കൂട്ടുകാരിയെ വിട്ട് ഇക്കിളിലേക്ക് വരാം. ഇക്കിള്‍ അഥവാ hiccups, hiccough എന്നൊക്കെ പറയാറുണ്ട്. തമിഴില്‍ കൂട്ടുകാരി പറഞ്ഞ പോലെ വിക്കല്‍. മറ്റാരോ നമ്മളെ പറ്റി ആലോചിക്കുമ്പോഴാണ് ഇക്കിള്‍ വരുന്നത് എന്നാണ് എല്ലായിടത്തുമുള്ളൊരു വിശ്വാസം. ഓര്‍ക്കുന്നതൊക്കെ നല്ലതു തന്നെ. എന്നാല്‍ ഇക്കിളിനു പിറകിലെ കഥകളല്ലാതെ യഥാര്‍ഥത്തില്‍ എന്താണു സംഭവിക്കുന്നത് എന്നറിയണ്ടേ? അതു പറയുന്നതിനു മുന്‍പ് നമ്മുടെ ശരീരത്തിനുള്ളിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കാം. അവിടെ ഒരാളെ ഒന്നു പരിചയപ്പെടാനുണ്ട്.
ഡയഫ്രം (diaphragm)
നമ്മുടെ ശരീരത്തില്‍ ഉദരത്തെയും നെഞ്ചിനെയും വേര്‍തിരിക്കുന്ന പേശിയാണ് ഡയഫ്രം. ശ്വാസോച്ഛാസ സമയത്ത് ഡയഫ്രത്തിന്റെ റോള്‍ പ്രധാനമാണ്. ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോള്‍ ഡയഫ്രം താഴേക്കു ചുരുങ്ങുകയും നെഞ്ചിനുള്ളിലെ മര്‍ദം കുറയുകയും ചെയ്യുന്നു. ശ്വാസം പുറത്തേക്കു വിടുന്ന സമയത്ത് ഡയഫ്രം അയഞ്ഞു പൂര്‍വ സ്ഥിതിയിലാകുന്നു. ഇതോടൊപ്പം തന്നെ ശ്വാസനാളവും(larynx), ശ്വാസനാളത്തിന്റെ അടപ്പായ epiglottis എന്ന ഭാഗവും, സ്വനതന്തുക്കളും (vocal cords) കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
ഡയഫ്രത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ കാരണം ക്രമത്തില്‍ നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്കു ചില അവസരങ്ങളില്‍ ഭംഗം സംഭവിക്കുന്നു. ഇതാണ് ഇക്കിളുണ്ടാവുന്നതിനു കാരണമാകുന്നത്.
Epiglottis അടഞ്ഞിരിക്കുന്ന സമയത്ത് നമ്മുടെ ഡയഫ്രം നമ്മുടെ ഇച്ഛയ്ക്കനുസരിച്ചല്ലാതെ ചുരുങ്ങുമ്പോഴാണ് ഇക്കിള്‍ ശബ്ദമായി പുറത്തേക്കുവരുന്നത്.
ഇക്കിളിന്റെ കാരണങ്ങള്‍ പലതാണ്. സാധാരണ ഗതിയില്‍ ഇക്കിളുണ്ടായാല്‍ അധിക സമയം നീണ്ടുനില്‍ക്കാതെ നിമിഷങ്ങള്‍ കൊണ്ടു ശരിയാവാറുണ്ട്. പെട്ടെന്ന് പൂര്‍വസ്ഥിതി പ്രാപിക്കുന്ന ഇക്കിളിന്റെ പ്രധാന കാരണങ്ങള്‍ ധൃതിയില്‍ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, മദ്യപാനം, അധികം എരിവോ ചൂടോ തണുപ്പോ ഉള്ള ഭക്ഷണം കഴിക്കുക എന്നിവയാണ്.
പെട്ടെന്നു വികാരഭരിതനാവുക, ക്ഷോഭം കൊള്ളുക, ഭയം, അമിതോത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളും ഇക്കിളിനു കാരണമാകാറുണ്ട്. ശസ്ത്രക്രിയകള്‍, കാന്‍സറോ അല്ലാത്തതോ ആയ മുഴകള്‍, എന്‍കെഫലിറ്റിസ്, തലച്ചോറിലെ പരിക്കുകള്‍, വൃക്കയിലെയോ കരളിലെയോ അണുബാധ, തൊണ്ടയിലെ അണുബാധ, ആമാശയത്തിലെ പുണ്ണുകള്‍, ആസ്തമ തുടങ്ങിയവയാണ് ഇക്കിളിന്റെ മറ്റു ശാരീരിക കാരണങ്ങള്‍. ചില മരുന്നുകളുടെ അമിത ഉപയോഗവും ഇക്കിളിനു കാരണമാകുന്നു.
ഡയഫ്രത്തിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന രണ്ടു പ്രധാന നാഡികളാണ് ഫ്രിനിക് നാഡിയും(phrenic nerve), വാഗസ് നാഡിയും (vagus nerve). ഈ നാഡികള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ ഡയഫ്രത്തെ ബുദ്ധിമുട്ടിക്കുകയും അതുവഴി ഇക്കിള്‍ ഉണ്ടാകുകയും ചെയ്യുന്നു. സ്ഥിരമായ ഇക്കിളിനു പലപ്പോഴും കാരണമാകുന്നത് ഇതാണ്.
ഇക്കിള്‍ മാറാന്‍ പണ്ടുമുതല്‍ നമ്മള്‍ കണ്ടു ശീലിച്ച ചില പൊടിക്കൈകളുണ്ട്. തണുത്ത വെള്ളം കുടിക്കുക, പഞ്ചസാര തിന്നുക, നാക്കു വലിച്ചു പുറത്തിടുക, കണ്ണിനു മുകളില്‍ മര്‍ദം പ്രയോഗിക്കുക, മൂക്കടച്ചു പിടിച്ച് ഊതുക തുടങ്ങിയ ചെറിയ ചില വിദ്യകള്‍. ഇതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രം എന്താണെന്നു പറയാം. പഞ്ചസാര കഴിക്കുമ്പോഴും തണുത്ത വെള്ളം കുടിക്കുമ്പോഴും വാഗസ് നാഡിയുടെ ശ്രദ്ധ തിരിച്ച് ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. അതുപോലെ നാഡീവ്യൂഹത്തെ ഉത്തേജിപ്പിച്ചു ശ്വസനം ക്രമപ്പെടുത്താനുള്ള മറ്റൊരു വഴിയാണു മൂക്കടച്ചുവച്ചു ശ്വസിക്കുന്നതിലൂടെ ചെയ്യുന്നത്. ആ സമയം രക്തത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുകയും, അതു കുറയ്ക്കാന്‍ വേണ്ടി നാഡീവ്യൂഹം ഉത്തേജിപ്പിക്കപ്പെട്ട് ഡയഫ്രത്തിലേക്ക് സിഗ്‌നലുകള്‍ കൈമാറുകയും അതുവഴി ഇക്കിള്‍ നില്‍ക്കുകയും ചെയ്യുന്നു.
പൊടിക്കൈകള്‍ക്കു ശേഷവും ഇക്കിള്‍ നിലനില്‍ക്കുകയാണെങ്കില്‍, അഥവാ നാല്‍പ്പത്തെട്ടു മണിക്കൂറില്‍ കൂടുതല്‍ ഇക്കിള്‍ നില്‍ക്കുകയാണെങ്കില്‍ വൈദ്യസഹായം തേടണം. ഇക്കിളിന്റെ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടിയിരിക്കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കേണ്ടതുമാണ്.
ഇക്കിള്‍ വരുന്നത് ഇഷ്ടമല്ലെങ്കിലും, നമ്മളെ പറ്റി മറ്റൊരാള്‍ നല്ലത് ഓര്‍ക്കുന്നു എന്നു പറയുന്നത് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."