2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ മോദിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ നേതാക്കളോട് പ്രധാനമന്ത്രി മോദിയുടെ നിര്‍ദേശം. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ചേര്‍ന്ന ആദ്യ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പാര്‍ട്ടി നയം വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിജയം നേടിയെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ സാധിക്കാത്തത് മോദിയുടെ വ്യക്തിപ്രഭാവത്തിനേറ്റ തിരിച്ചടിയായി നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ തന്ത്രങ്ങള്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം നേടിയെങ്കിലും സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുന്നവര്‍ ഉയര്‍ത്തുന്ന ഭീഷണി കണ്ടില്ലെന്ന് നടിക്കാനാകില്ല. പല സംസ്ഥാനങ്ങളിലും പാര്‍ട്ടിയില്‍ രൂപംകൊണ്ടിട്ടുള്ള അധികാരത്തര്‍ക്കം കനത്ത തിരിച്ചടിയാകുന്നുമുണ്ട്. ഇതില്‍ നിന്ന് മറികടക്കുന്നതിനായാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദിയും അമിത്ഷായും നിര്‍ബന്ധിതമാകുന്നതെന്നാണ് വിവരം.
യുവാക്കളെ ആകര്‍ഷിക്കുകയാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമെന്നാണ് മോദി പറയുന്നത്. അവര്‍ക്ക് വേണ്ട പദ്ധതികളും മറ്റ് സഹായങ്ങളും നല്‍കാന്‍ നേതാക്കള്‍ ശ്രമിക്കണമെന്ന് മോദി ആവശ്യപ്പെട്ടിട്ടുണ്ട്.
2019ലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തിനായി പ്രവര്‍ത്തകര്‍ അധ്വാനിക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും ആവശ്യപ്പെട്ടു. ദലിതരെയും പാവപ്പെട്ടവരെയും യുവാക്കളെയും പാര്‍ട്ടിയുടെ വോട്ടു ബാങ്കായി മാറ്റണമെന്ന് അമിത് ഷാ പറഞ്ഞു. ബി.ആര്‍ അബേദ്കറുടെ ജന്‍മദിനമായ ഏപ്രില്‍ 14ന് രാജ്യവ്യാപകമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്.
ആറാഴ്ച്ചയോളം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ ഓരോ പഞ്ചായത്തിലും സംഘടിപ്പിക്കും. ഇത് നേതൃത്വം നിരീക്ഷിക്കും.
ബി.ജെ.പിക്ക് ദലിതരെയും മുസ്‌ലിംകളെയും വലിയ തോതില്‍ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയും ഇതോടെ പരിഹരിക്കപ്പെടുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. ആധുനിക സാങ്കേതിക വിദ്യയിലൂടെ ബി.ജെ.പിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സ്‌കൂള്‍തലം തൊട്ട് യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനുമാണ് പാര്‍ട്ടി ലക്ഷ്യം വയ്ക്കുന്നതെങ്കിലും അത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."