ദേശീയപാത വികസനം: ദേവസ്ഥാന ഭൂമി ഏറ്റെടുക്കുന്നതിനെതിരേ വിശ്വാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
നീലേശ്വരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി പള്ളിക്കര പാലരേകീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതിനെതിരേ വിശ്വാസികള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. അനിശ്ചിതകാല സത്യാഗ്രഹമുള്‍പ്പെടെയുള്ള സമരപരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഇന്ന് ഉച്ചക്ക് രണ്ടിനു നടക്കുന്ന കര്‍മസമിതിയുടെ പൊതുയോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമെടുക്കും. ക്ഷേത്രത്തിന്റെ ഒരു പള്ളിയറ, കലശത്തറ, മണിക്കിണര്‍ എന്നിവ പൊളിക്കേണ്ടി വരുമെന്ന അധികൃതരുടെ അറിയിപ്പിനെ തുടര്‍ന്നാണ് വീണ്ടും സമരപരിപാടികള്‍ക്കൊരുങ്ങുന്നത്. ഇന്നലെ ദേശീയപാത കേരള റീജ്യനല്‍ ഓഫിസര്‍ ലഫ്റ്റനന്റ് കേണല്‍ ആശിഷ് ദ്വിവേദി സ്ഥലം സന്ദര്‍ശിച്ചിരുന്നു. പള്ളിക്കര റെയില്‍വേ മേല്‍പാലത്തിന്റെ അലൈന്‍മെന്റുകള്‍ തയാറായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ദേശീയപാത വികസനത്തിന്റെ അലൈന്‍മെന്റ് മാറ്റാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു.
പി. കരുണാകരന്‍ എം.പി, നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍, ദേശീപാത കേരള പ്രൊജക്ട് ഡയരക്ടര്‍ നിര്‍മല്‍ മനോഹര്‍ താഡെ, ലാന്‍ഡ് അക്വിസിഷന്‍ കണ്‍സള്‍ട്ടന്റ് ദിവാകര്‍, കര്‍മസമിതി നേതാക്കളായ എന്‍. അമ്പു, പി. അമ്പാടി, പി. രമേശന്‍, പി. ദിനേശന്‍, അനില്‍ മടിക്കൈ, ക്ഷേത്ര സ്ഥാനികര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു. നേരത്തേ കര്‍മസമിതിയുടെ നേതൃത്വത്തില്‍ മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സൂചനാ സമരം നടത്തിയിരുന്നു.
ക്ഷേത്രത്തിന് ചുറ്റും മനുഷ്യമതില്‍ തീര്‍ത്ത് പ്രതിജ്ഞയുമെടുത്തിരുന്നു. തുടര്‍ന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എയും, നഗരസഭാ ചെയര്‍മാന്‍ എന്നിവര്‍ വിഷയം ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍, ജില്ലയിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവരുടെ യോഗവും ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ആശ്വിഷ് ദ്വിവേദി സ്ഥലം സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."