പീഡന വാര്‍ത്തകള്‍ കൂടുന്നു; തീര്‍പ്പാകാതെ നിരവധി കേസുകള്‍
തിരുവനന്തപുരം: കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളുടെയും പീഡനങ്ങളുടെയും വാര്‍ത്തകള്‍ വര്‍ധിക്കുമ്പോഴും ഇത്തരത്തിലുള്ള കേസുകളില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള നീക്കങ്ങള്‍ വൈകുന്നു. ശിശുസൗഹൃദ കോടതികള്‍ സ്ഥാപിക്കുന്നതിലുള്ള സര്‍ക്കാരിന്റെ മെല്ലെപ്പോക്കാണ് ഇതിന് കാരണം.
സംസ്ഥാനത്ത് മൂന്ന് പോക്‌സോ കോടതികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. തിരുവനന്തപുരത്തും, കോഴിക്കോട്ടും, എറണാകുളത്തും. മറ്റു ജില്ലകളില്‍ മജിസ്‌ട്രേറ്റ് കോടതികളിലാണ് വിചാരണ നടത്തുന്നത്. സംസ്ഥാനത്ത് കൂടുതല്‍ പോക്‌സോ കോടതികള്‍ സ്ഥാപിക്കാത്തതില്‍ സുപ്രിംകോടതി അതൃപ്തി അറിയിച്ചിട്ടും സര്‍ക്കാര്‍ കൂടുതല്‍ കോടതികള്‍ സ്ഥാപിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതേതുടര്‍ന്ന് കേസുകളില്‍നിന്നു പ്രതികള്‍ നിഷ്പ്രയാസം രക്ഷപ്പെടുന്നു. ഏതാണ്ട് 5,500ഓളം കേസുകളാണ് വിചാരണ കാത്ത് കിടക്കുന്നത്.
എല്ലാ ജില്ലകളിലും പോക്‌സോ കോടതികള്‍ സ്ഥാപിക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പലവട്ടം ശുപാര്‍ശ ചെയ്തിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. വിചാരണ ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ തെളിവുകളില്ലാതെ 80 ശതമാനം പ്രതികളും രക്ഷപ്പെടുകയാണെന്നും പരിശീലനം നേടിയ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്നും ഡി.ജി.പി മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കോടതികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തുമെങ്കിലും തുടങ്ങാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ ആരംഭിച്ചിട്ടില്ല.
ഒരു മാസത്തിനകം പോക്‌സോ കേസുകളില്‍ വിചാരണ ആരംഭിക്കണമെന്നിരിക്കെ ആറു വര്‍ഷം വരെ പഴക്കമുള്ള കേസുകള്‍ വിചാരണ കാത്തുകിടക്കുന്നുണ്ട്. കുറ്റപത്രം നല്‍കി മൂന്നു വര്‍ഷം കഴിഞ്ഞാണ് കേസുകളില്‍ വിചാരണ ആരംഭിക്കുന്നത്. ഇതിനിടയില്‍ കുട്ടികളെ പലരീതിയിലും സ്വാധീനിച്ച് മൊഴി മാറ്റിപ്പറയിപ്പിക്കും. മറ്റു കേസികളിലെ പോലെ അതിക്രമത്തിനിരയായ കുട്ടികളെ വിസ്തരിക്കാന്‍ പാടില്ല എന്നിരിക്കെ പ്രതിഭാഗം അഭിഭാഷകര്‍ തുറന്ന കോടതിയില്‍ ക്രോസ് വിസ്താരം നടത്തും.പ്രതിഭാഗം അഭിഭാഷകന്‍ ചോദ്യങ്ങള്‍ ന്യായാധിപന് നല്‍കണമെന്നും, ന്യായാധിപന്‍ കുട്ടിയില്‍നിന്ന് മറുപടിയെടുത്ത് അഭിഭാഷകന് കൈമാറണമെന്നും, അതിക്രമത്തിനിരയായ കുട്ടിയും പ്രതിയും പരസ്പരം കാണരുതെന്നും, ഇതിനായി ശിശുസൗഹൃദ കോടതികളും പരിശീലനം നേടിയ പ്രോസിക്യൂട്ടര്‍മാരും പൊലിസ് സ്റ്റേഷനുകളില്‍ ജുവനൈല്‍ സെല്ലുകളും വേണമെന്നുമാണ് പോക്‌സോ നിയമത്തില്‍ പറയുന്നത്.
എന്നാല്‍ പോക്‌സോ കോടതികളിലല്ലാതെ മിക്ക കോടതികളിലും മറ്റു കേസുകള്‍ക്കൊപ്പമാണ് ഇത്തരം കേസുകള്‍ പരിഗണിക്കുന്നത്. മിക്കയിടത്തും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിച്ചിട്ടുമില്ല. കൂടാതെ പൊലിസിനും യാതൊരു പരിശീലനവും നല്‍കിയിട്ടില്ല.
ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് തിരുവനന്തപുരത്താണ്. 779 കേസുകള്‍. തൃശൂരില്‍ 595ഉം, മഞ്ചേരിയില്‍ 529ഉം, കൊല്ലത്ത് 419ഉം, പാലക്കാട്ട് 410ഉം, കോട്ടയത്ത് 390ഉം, പത്തനംതിട്ടയില്‍ 216ഉം കേസുകളാണ് കെട്ടിക്കിടക്കുന്നത്.
കേരളത്തില്‍ ദിവസവും ഏഴു കുട്ടികള്‍ വീതം പീഡിപ്പിക്കപ്പെടുന്നു എന്നാണ് കണക്ക്. ഇതില്‍ പ്രതികളിലേറെയും ഉറ്റബന്ധുക്കളും അയല്‍ക്കാരുമാണ്. ആറുമാസം പ്രായമുള്ള കുട്ടികള്‍ വരെ ഇരകളായുണ്ട്. മിക്ക കേസുകളിലും 25ഓളം സാക്ഷികള്‍ ഉണ്ടായിരിക്കും. അതേസമയം, ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാന്‍ ഏതാണ്ട് രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ എടുക്കുന്നതും കേസില്‍നിന്നു പ്രതികള്‍ രക്ഷപ്പെടാന്‍ സഹായകമാകുന്നു. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിട്ടും ഒരിടത്തും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ സര്‍ക്കാര്‍ നിയമിക്കാത്തതും പ്രതികള്‍ക്ക് തുണയാകുന്നു.
ഇരയാകുന്നവര്‍ക്ക് വിലയേറിയ അഭിഭാഷകനെവച്ച് വാദിച്ച് കേസില്‍ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള കെല്‍പ്പില്ലാതാകും. എന്നാല്‍, പ്രതികളാകട്ടെ പണം മുടക്കി അഭിഭാഷകരെവച്ച് വാദിച്ച് കേസില്‍നിന്നു രക്ഷപ്പെടുകയും ചെയ്യും. ഇതുവരെ പോക്‌സോ കേസുകളില്‍ 20 ശതമാനം പേര്‍ക്ക് മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കെടുത്താല്‍ പോക്‌സോ കേസുകള്‍ ഓരോ വര്‍ഷവും കൂടി വരുന്നതാണ് കാണുന്നത്. 2013ല്‍ 1016, 2014ല്‍ 1402, 2015ല്‍ 1583, 2016ല്‍ 2122, 2017ല്‍ 2658 എന്നിങ്ങനെയാണ് കണക്ക്. ഈ വര്‍ഷം ഇതുവരെ 500ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."