മന്ത്രിസഭാ രൂപീകരണം: മലേഷ്യയില്‍ ഭരണകക്ഷിയില്‍ ഭിന്നത
ക്വാലാലംപൂര്‍: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് മലേഷ്യയിലെ പുതിയ ഭരണകക്ഷി മുന്നണിയില്‍ ഭിന്നത. തര്‍ക്കം പരിഹരിക്കാനായി പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും ജയിലില്‍ കഴിയുന്ന പ്രമുഖ ഭരണകക്ഷി നേതാവ് അന്‍വര്‍ ഇബ്രാഹീമും രംഗത്തിറങ്ങിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
നാല് കക്ഷികള്‍ അടങ്ങിയ മുന്നണി കഴിഞ്ഞ ബുധനാഴ്ച നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം പതിറ്റാണ്ടുകളായി മലേഷ്യയില്‍ അധികാരം കൈയാളുന്ന ബാരിസന്‍ നാഷനല്‍ പാര്‍ട്ടിയെ താഴെയിറക്കിയാണ് മുതിര്‍ന്ന രാഷ്ട്രീയ നേതാവ് മഹാതീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ മുന്നണി ചരിത്രമെഴുതിയത്. സര്‍ക്കാരില്‍ അന്‍വര്‍ ഇബ്രാഹീമിന്റെ പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി(പി.കെ.ആര്)ക്കാണു കൂടുതല്‍ അംഗങ്ങളുള്ളത്. മുന്നണി നേടിയ 113 സീറ്റുകളില്‍ 48ഉം പി.കെ.ആറിന്റേതാണ്. ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടി 42ഉം മഹാതീറിന്റെ ബെര്‍സാതു പാര്‍ട്ടി 12ഉം അമാനാ പാര്‍ട്ടി 11ഉം സീറ്റുകളാണ് സ്വന്തമാക്കിയത്.
തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ അന്‍വര്‍ ഇബ്രാഹീം പാര്‍ട്ടി നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിക്കഴിഞ്ഞു. എന്നാല്‍, മന്ത്രിസഭയില്‍ ന്യായമായ പ്രാതിനിധ്യം വേണമെന്ന പി.കെ.ആറിന്റെ ആവശ്യം മഹാതീറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ മുന്നോട്ടുവച്ചതായും അന്‍വര്‍ ഇബ്രാഹീം അറിയിച്ചു.
അതേസമയം, മന്ത്രിസഭയിലെ പ്രാതിനിധ്യത്തിന്റെ തോതിനെ കുറിച്ച് തുടക്കത്തില്‍ ചിന്തിക്കുന്നില്ലെന്ന് സര്‍ക്കാര്‍ മാധ്യമത്തിനു നല്കിയ വിഡിയോ സന്ദേശത്തില്‍ മഹാതീര്‍ മുഹമ്മദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."