തസ്രാക്ക് കാഴ്ച്ചകള്‍: മുഖംമിനുക്കി ഞാറ്റുപുരയും ഓത്തുപള്ളിയും
പാലക്കാട്: മലയാള സാഹിത്യത്തില്‍ വളരെയധികം ചര്‍ച്ചചെയ്യപെടുന്ന നോവലാണ് ഒ.വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. നോവലിലെ ഭൂമികയായ തസ്രാക്കിലെ പ്രധാനപ്പെട്ട സ്ഥലമാണ് ഞാറ്റുപുരയും ഓത്തുപള്ളിയും അതിനോട് ചേര്‍ന്നുണ്ടായിരുന്ന എകാധ്യാപകവിദ്യാലയവും .
1956ല്‍ ഒ.വി വിജയന്‍ തസ്രാക്കിന്റെ മണ്ണിലെത്തുമ്പോള്‍ ഓടുമേഞ്ഞ മേല്‍ക്കൂരക്കു താഴെ ഒരു കൊച്ചു കെട്ടിടത്തില്‍ ഒരൊറ്റ ഉച്ചഭാഷിണിയുമായി പ്രവര്‍ത്തിച്ചിരുന്ന ഓത്തുപള്ളിയും ഏകാധ്യാപക വിദ്യാലയമെന്നറിയപ്പെട്ട പ്രദേശത്തെ ആദ്യ വിദ്യാലയവുംപളളിയോടു ചേര്‍ന്ന കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചുവന്നത്. എന്നാല്‍ പഴയതിലും വ്യത്യസ്തമായി പുതിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ 'ദാറുല്‍ ഉലൂം മദ്‌റസ' എന്ന പുതിയ പേരോടുകൂടിയാണ് മദ്‌റസയും ചേര്‍ന്ന് പള്ളിയും പ്രവര്‍ത്തിക്കുന്നത്. നോവലിലെ അള്ളാപിച്ചാ മൊല്ലാക്ക യഥാര്‍ഥത്തില്‍ ഇവിടുത്തെ പള്ളിയിലെ പുരോഹിതനായിരുന്നു.
'ഖസാക്കിന്റെ ഇതിഹാസം'എന്ന ഈ നോവലിന്റെ പിറവിയില്‍ മുഖ്യ പങ്കുവഹിച്ച തസ്രാക്കിലെ ഞാറ്റുപുര ഇന്നും പഴമയുടെ തനിമ നഷ്ടപെടാതെ നിലനില്‍ക്കുന്നു. 2011 ജൂലൈ രണ്ടിന് കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പ് ഇത് ഏറ്റെടുത്ത് ഇന്ന് ഒ.വി വിജയന്റെ സ്മാരകമായി സംരക്ഷിച്ചുവരുകയാണ്. സഹോദരി ഒ.വി ശാന്തയുടെ കത്തുകളിലൂടെ വായിച്ചറിഞ്ഞ തസ്രാക്കില്‍ ഒ.വി വിജയന്‍ വന്ന് താമസിച്ചിരുന്ന സ്ഥലമാണ് ഞാറ്റുപുര.
അന്ന് ഇത് പ്രദേശവാസിയായ രാഘവന്‍ നായരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു.ഏകാധ്യാപക വിദ്യാലയത്തില്‍ അധ്യാപികയായി എത്തിയ ഒ.വി ശാന്തയുടെ പാലക്കാട്ടു നിന്നും തസ്രാക്കിലേക്കുള്ള യാത്രാക്ലേശം മനസിലാക്കിയ രാഘവന്‍ നായര്‍, തന്റെ ഞാറ്റുപുരയില്‍ താമസിക്കാന്‍ അവരോട് നിര്‍ദേശിക്കുകയായിരുന്നു.
ഇക്കാലത്ത് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അധ്യാപകനായിരുന്ന ഒ.വി വിജയനെ കാരണമില്ലാതെ പുറത്താക്കിയതിന്റെ വിഷാദമകറ്റാന്‍ ഒരു യാത്രയെകുറിച്ച് ചിന്തിച്ചിരുന്ന അദ്ദേഹത്തെ സഹോദരിയുടെ കത്തുകളാണ് തസ്രാക്കിനോടടുപ്പിച്ചത്. അങ്ങനെ അദ്ദേഹം തസ്രാക്കിലെത്തുകയും സഹോദരിയോടൊപ്പം ഞാറ്റുപുരയില്‍ ഇരുപത്തൊന്നു ദിവസം താമസിക്കുകയും ചെയ്തു. ഞാറ്റുപുരയുടെ വരാന്തകളിലിരുന്നാണ് അദ്ദേഹം തന്റെ തസ്രാക്കിനെ 'ഖസാക്കിന്റെ ഇതിഹാസം' എന്ന നോവലിലൂടെ പകര്‍ത്തിയത്.
ഇന്ന് അദ്ദേഹത്തിന്റെ ഫോട്ടോ ഗ്യാലറിയായി സംരക്ഷച്ചിരുന്ന ഞാറ്റുപുരയിലെ ഒറ്റ മുറിയിലാണ് അദേഹം താമസിച്ചിരുന്നത്. ഞാറ്റുപുരയില്‍ ആകെ മൂന്നു മുറികളാണുളളത്. അതില്‍ രണ്ട് മുറികള്‍ ഇന്ന് ഒ.വി വിജയന്റെ ഫോട്ടോ ഗ്യാലറിയും കാര്‍ട്ടൂണ്‍ ഗ്യാലറിയായും സംരക്ഷിച്ചുവരുകയാണ്. ഒന്ന് അദ്ദേഹത്തിന്റെ ഡോക്യുമെന്ററിയുടെ പ്രദര്‍ശനമുറിയായും സംരക്ഷിച്ചുവരുന്നു.
ഞാറ്റുപുരയോട് ചേര്‍ന്നുണ്ടായിരുന്ന ചായ്പ്പ് കാലപ്പഴക്കത്താല്‍ നശിച്ചതിനെ തുടര്‍ന്ന് അത് പൊളിച്ചുമാറ്റി ഞാറ്റുപുരയുടെ പുറകില്‍ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്കുള്ള വഴിയായി ഉപയോഗിച്ചുവരുകയാണ്. ഞാറ്റുപുരയോട് ചേര്‍ന്ന് അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളെ പുനഃസൃഷ്ടിച്ച ശില്‍പ്പവനവും ഇവിടെ സംരക്ഷിച്ചുപോരുന്നു. നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്തിച്ചേരുന്നത്. അവര്‍ക്ക് ഒ.വി വിജയനെയും ഞാറ്റുപുരയേയും പരിചയപെടുത്താന്‍ ഞാറ്റുപുരയുടെ സംരക്ഷണത്തിന് മാനേജരായ മുരളിയും ഞാറ്റുപുരയുടെ പൂര്‍വകാല ഉടമസ്ഥനായ രാഘവന്‍ നായരുടെ മരുമകന്‍ ശിവനും ഇവിടെ കാത്തിരിക്കുന്നു. ഒപ്പം ഞാറ്റുപുരയുടെ കാവല്‍ക്കാരനായി 62 കാരനായ മജീദ്ക്കയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."