മുക്കുപണ്ട പണയതട്ടിപ്പ് സഹകരണ ബേങ്കുകളില്‍ പരിശോധനയ്ക്ക്
ഉത്തരവിട്ട ജോയിന്റ് രജിസ്ട്രാറെ സ്ഥലം മാറ്റി
കാസര്‍കോട്: മുട്ടത്തൊടി സര്‍വിസ് സഹകരണ ബേങ്കില്‍ നിന്നു കോടികളുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നു ജില്ലയിലെ മുഴുവന്‍ സഹകരണ ബേങ്കുകളിലും സൊസൈറ്റികളിലും പരിശോധനയ്ക്ക് ഉത്തരവിട്ട ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ സുരേന്ദ്രനെ സ്ഥലം മാറ്റി. ജോയിന്റ് രജിസ്ട്രാറുടെ സ്ഥലമാറ്റത്തിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തിയതോടെ സംഭവം വിവാദമായി.
ഭരണാനുകൂല പാര്‍ട്ടികള്‍ ഭരണസമിതി നിയന്ത്രിക്കുന്ന ബാങ്കുകളിലും മറ്റും പരിശോധന തുടരാനുള്ള ഒരുക്കം നടത്തുന്നതിനിടയിലാണ് ജില്ലാ ജോയിന്റ് രജിസ്ട്രാറെ സ്ഥലം മാറ്റിയിരിക്കുന്നത്. പല സഹകരണ ബേങ്കുകളിലും രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ മുക്കുപണ്ട തട്ടിപ്പ് നടന്നതായി ആരോപണം ശക്തമായിട്ടുണ്ട്. ഇതിനിടയിലാണ് സ്ഥാനചലനം ഉണ്ടായിരിക്കുന്നത്. ഓഡിറ്റ് വിഭാഗത്തിലേക്കാണ് സുരേന്ദ്രനെ സ്ഥലം മാറ്റിയിരിക്കുന്നത്.
ജോയിന്റ് രജിസ്ട്രാറെ മാറ്റിയത് രാഷ്ട്രീയ സമ്മര്‍ദ്ദത്താലാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സുരേന്ദ്രനെ സ്ഥലം മാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. സി.കെ ശ്രീധരന്‍ ആരോപിച്ചു. എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള ബേങ്കിലെ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് സുരേന്ദ്രനെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുക്കുപണ്ട പണയ തട്ടിപ്പ് ആദ്യമായി പുറത്തുവന്ന മുട്ടത്തൊടി സര്‍വിസ് സഹകരണ ബേങ്കിന്റെ ഭരണസമിതിക്കു നേതൃത്വം നല്‍കുന്നത് മുസ്‌ലിം ലീഗും കോണ്‍ഗ്രസുമാണ്. പിലിക്കോട് സര്‍വിസ് സഹകരണ ബേങ്ക്, പനയാല്‍ അര്‍ബണ്‍ കോ-ഓപറേറ്റിവ് സൊസൈറ്റി എന്നിവ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിയന്ത്രണത്തിലാണ്. ഉപ്പള മജ്ബയല്‍ സഹകരണ ബേങ്ക് സി.പി.ഐ നേതൃത്വത്തിന്റെ ഭരണത്തിലുള്ളതാണ്. ഈ ബേങ്കുകളിലെല്ലാം കൂടി കോടികളുടെ വെട്ടിപ്പാണ് സഹകരണ വിഭാഗം പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
സഹകരണ വിഭാഗം ജീവനക്കാര്‍ നടത്തുന്ന പരിശോധനയില്‍ മുക്കുപണ്ട പണയ തട്ടിപ്പ് കൂടാതെ മറ്റു ചില തിരിമറികളും പുറത്തുവരാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ജോയിന്റ് രജിസ്ട്രാറെ സ്ഥലമാറ്റിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."