പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ്: രണ്ടു കുടിവെള്ള പദ്ധതികളുടെ പ്രാഥമിക എന്‍ജിനിയറിങ് റിപ്പോര്‍ട്ട് തയാറായി
നീലേശ്വരം: പാലായി വളവിലെ താങ്കൈ കടവില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജ് സ്രോതസായി ഉപയോഗിച്ചുകൊണ്ടു സ്ഥാപിക്കുന്ന രണ്ടു കുടിവെള്ള പദ്ധതികളുടെ പ്രാഥമിക എന്‍ജിനിയറിങ് റിപ്പോര്‍ട്ട് തയാറായി. തൃക്കരിപ്പൂരും സമീപത്തുള്ള ആറു പഞ്ചായത്തുകള്‍ക്കുമായി മുക്കടയിലും കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ വേളൂരിലുമാണ് ഈ പദ്ധതികള്‍ നടപ്പാക്കുക. വേളൂരിലെ പദ്ധതിയില്‍ നിന്നു കിനാനൂര്‍ കരിന്തളത്തിനു പുറമേ കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകള്‍ക്കും ജലം ലഭ്യമാക്കും. മുക്കടയിലെ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി 162 കോടി രൂപയുടേയും വേളൂരിലേതിന് 160 കോടി രൂപയുടെയും പ്രാഥമിക എന്‍ജിനിയറിങ് റിപ്പോര്‍ട്ടാണ് ജലസേചന വകുപ്പ് തയാറാക്കിയിട്ടുള്ളത്. 1957 മുതല്‍ സര്‍ക്കാരുകളുടെ സജീവ പരിഗണനയിലുണ്ടായിരുന്ന പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജിനു കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഭരണാനുമതി ലഭിച്ചിരുന്നു. 65 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
നബാര്‍ഡിന്റെ സഹായത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ 4500 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും ഇതുവഴി ലഭ്യമാകും. തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെയും നിലവിലെ എം.എല്‍.എ എം രാജഗോപാലന്റെയും ഇടപെടലുകളാണു പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൂട്ടിയത്. പാലായി താങ്കൈ കടവില്‍ നിന്നു കയ്യൂര്‍ കൂക്കോട്ടു കടവിലേക്കു മുന്‍പ് ഈ കടവിലുണ്ടായിരുന്ന കടത്തു തോണി ഇല്ലാതായതോടെ മറുകരയിലെത്താന്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പദ്ധതി യാഥാര്‍ഥ്യമായാല്‍ 227 മീറ്റര്‍ നീളമുള്ള പാലം നീലേശ്വരം നഗരസഭയേയും കയ്യൂര്‍ ചീമേനി പഞ്ചായത്തിനേയും ബന്ധിപ്പിക്കുകയും ജനങ്ങളുടെ യാത്രാദുരിതം കുറക്കുകയും ചെയ്യും. പദ്ധതിയുടെ ആവശ്യത്തിനായി ഒരു കുടുംബത്തെപ്പോലും ഒഴിപ്പിക്കേണ്ടി വരില്ല എന്നതും പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."