ഗുജറാത്തിലെ മലയാളിയുടെ അപകട മരണത്തില്‍ ദുരൂഹത: മൃതദേഹം വീണ്ടും പരിശോധന നടത്തും
ഹരിപ്പാട്: ഗുജറാത്തില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മരണത്തിലെ ദുരൂഹത കാരണം നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ദേഹപരിശോധന നടത്തും. പുതിയവിള മല്ലിക്കാട്ട് കടവ് ഷിബുഭവനത്തില്‍ ശശി സതി ദമ്പതികളുടെ മകന്‍ ഷാജി(42)യുടെ മൃതദേഹമാണ് വീണ്ടും പരിശോധന നടത്തുന്നത്. മരണത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് ബന്ധുക്കള്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന.
ഗുജറാത്തിലെ മാന്‍ഗ്രോറിലുളള മാരുതി കോള്‍ഡ് സ്‌റ്റോറേജില്‍ കഴിഞ്ഞ 5 വര്‍ഷമായി പ്രൊഡക്ഷന്‍ മാനേജര്‍ കം ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരികയായിരുന്നു ഷാജി. വ്യാഴാഴ്ച ഉച്ചക്ക് ഇവിടെ സ്‌റ്റെയര്‍ കേസില്‍ നിന്ന് വീണു ഷാജി മരണപ്പെട്ടതായാണ് കമ്പനി അധികൃതര്‍ അറിയിച്ചത്. കമ്പനിയുടെ മുകളിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ ഷാജിയോടൊപ്പമാണ് ഭാര്യ സന്ധ്യയും മകന്‍ സിത്ഥാര്‍ഥും താമസിച്ചു വന്നത്. ഇവരും മൃതേേഹത്താടൊപ്പം നാട്ടിലെത്തിയിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് താഴേക്ക് ഇറങ്ങുമ്പോള്‍ കാല്‍ തെറ്റി വീണ് പരിക്കേറ്റതായിട്ടാണ് ഭാര്യയെ അറിയിച്ചത് .പക്ഷേ സന്ധ്യ താഴെ വന്ന് നോക്കുമ്പോള്‍ വീണ ലക്ഷണമൊന്നും കണ്ടില്ല. ആളിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നറിഞ്ഞെത്തിയപ്പോള്‍ ഷാജിയുടെ മൃതദേഹമാണ് ഭാര്യ കണ്ടത്.
പക്ഷേ വീണുണ്ടായ പരിക്കുകള്‍ക്ക് പകരം കൈകളിലും മറ്റും പൊള്ളിയ പാടുകളാണ് കണ്ടത്.ഭാര്യയെ അവിടെ കൂടുതല്‍ സമയം തങ്ങാന്‍ അനുവദിക്കാതെ ഒരു മലയാളിയുടെ വീട്ടിലേക്ക് മാറ്റി തിടുക്കപ്പെട്ട് നാട്ടിലേക്ക് അയക്കുവാനുള്ള ക്രമീകരണങ്ങളാണ് കമ്പനിക്കാര്‍ നടത്തിയത്.വിവരമറിഞ്ഞ് അവിടെ തന്നെ അടുത്തുള്ള മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുന്ന അമ്മാവന്‍ സുരേഷും മലയാളി സമാജം പ്രവര്‍ത്തകരും എത്തുന്നതിന് മുമ്പേ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചിരുന്നു. കമ്പനിയുടെ ഉന്നത പദവികളിലൊന്ന് വഹിക്കുന്ന ഷാജിയുടെ മൃതദേഹം കമ്പനിയില്‍ പൊതുദര്‍ശനത്തിന് പോലും വയ്ക്കാതെ പെട്ടെന്ന് ആംബുലന്‍സ് ഏര്‍പ്പാടാക്കി ആറര മണിക്കൂര്‍ യാത്രാ ദൂരമുള്ള അഹമ്മദാബാദ് എയര്‍പോര്‍ട്ടിലേക്ക് അയക്കുകയാണുണ്ടായത്.കമ്പനിയുടെ ഉത്തരവാദിത്വമുള്ളവര്‍ ആരും തന്നെ മൃതദേഹത്തെ അനുഗമിക്കുക പോലും ചെയ്തില്ല. ഇതിലൊക്കെ സംശയം തോന്നി അവിടുത്തെ മലയാളി സമാജം പ്രവര്‍ത്തകരാണ് നാട്ടിലുളള ബന്ധുക്കളെ ശരീരത്തില്‍ പൊളളലേറ്റിട്ടുണ്ടെന്ന സംശയം അറിയിക്കുന്നത്. കൂടാതെ ഭാര്യയെ വിവരം അറിയിക്കാന്‍ വൈകിയതും ബന്ധുക്കളുടെ സംശയം ഇരട്ടിയാക്കി.നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹം അടക്കം ചെയ്യാതെ ഓച്ചിറയിലെ സ്വകാര്യ അശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ വീണ്ടും മൃതദേഹ പരിശോധന നടത്താനുളള നടപടി സ്വീകരിച്ചതാണെന്ന് കായംകുളം സി.ഐ.സദന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."