മികച്ച തുടക്കമിട്ട് ഇന്ത്യ
റാഞ്ചി: മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്‌ത്രേലിയയുടെ കൂറ്റന്‍ സ്‌കോറിനെതിരേ ഇന്ത്യയുടെ മറുപടി. ഒന്നാം ഇന്നിങ്‌സില്‍ ആസ്‌ത്രേലിയ 451 റണ്‍സില്‍ പുറത്തായപ്പോള്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയില്‍ മികച്ച തുടക്കമിട്ടു. 67 റണ്‍സെടുത്ത് ഇന്ത്യന്‍ പോരാട്ടത്തിനു മികച്ച തുടക്കമിട്ട ഓപണര്‍ കെ.എല്‍ രാഹുലിന്റെ വിക്കറ്റാണു ഇന്ത്യക്കു നഷ്ടമായത്. കളി നിര്‍ത്തുമ്പോള്‍ മുരളി വിജയ് 42 റണ്‍സുമായും ചേതേശ്വര്‍ പൂജാര 10 റണ്‍സുമായും ക്രീസിലുണ്ട്. ഓപണിങ് വിക്കറ്റില്‍ രാഹുല്‍- വിജയ് സഖ്യം 91 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 102 പന്തില്‍ ഒന്‍പതു ഫോറുകളുടെ അകമ്പടിയിലാണു രാഹുല്‍ 67 റണ്‍സ് കണ്ടെത്തിയത്. ഇടവേളയ്ക്കു ശേഷം ഓസീസ് ടെസ്റ്റ് ടീമിലേക്കു തിരിച്ചെത്തിയ പാറ്റ് കമ്മിന്‍സാണു രാഹുലിനെ മടക്കിയത്. ഒന്‍പതു വിക്കറ്റുകള്‍ കൈവശമിരിക്കേ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 331 റണ്‍സ് കൂടി വേണം.
നാലു വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഓസീസിനെ സ്മിത്ത്- മാക്‌സ്‌വെല്‍ സഖ്യം മുന്നോട്ടു നയിച്ചു. ഇരുവരും സെഞ്ച്വറികളുമായി കളം നിറഞ്ഞു ഓസീസിനു മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. സ്മിത്ത് 178 റണ്‍സോടെ പുറത്താകാതെ നിന്നു. മാക്‌സ്‌വെല്‍ 104 റണ്‍സെടുത്തു.
തലേ ദിവസം അവസാനിപ്പിച്ചിടത്തു നിന്നു തുടങ്ങിയ ഇരുവരും രണ്ടാം ദിവസവും ഇന്ത്യന്‍ ബൗളിങിനെ പരീക്ഷിച്ചു. തലേ ദിവസം 82 റണ്‍സില്‍ ബാറ്റിങ് അവസാനിപ്പിച്ച മാക്‌സ്‌വെല്‍ 22 റണ്‍സ് കൂടി ചേര്‍ത്തു കന്നി ടെസ്റ്റ് സെഞ്ച്വറി (104) കുറിച്ച് മടങ്ങിയെങ്കിലും സ്മിത്ത് ഒരറ്റം കാത്തു. 185 പന്തുകള്‍ നേരിട്ട് ഒന്‍പതു ഫോറും രണ്ടു സിക്‌സും സഹിതമാണു മാക്‌സ്‌വെല്‍ 104 റണ്‍സെടുത്ത് കന്നി ശതകം പിന്നിട്ടത്. പിന്നീടു ക്രീസിലെത്തിയ മാത്യു വെയ്ഡും നായകനെ പിന്തുണച്ചതോടെ സ്മിത്ത് അല്ലലില്ലാതെ ബാറ്റിങ് തുടര്‍ന്നു. സ്‌കോര്‍ 395 റണ്‍സിലെത്തിയപ്പോള്‍ 37 റണ്‍സുമായി വെയ്ഡും പിന്നാലെയെത്തിയ ഹാന്‍ഡ്‌സ്‌കോംപ് രണ്ടു പന്തില്‍ സംപൂജ്യനുമായി മടങ്ങിയതോടെ ഓസീസ് കുറച്ചു പരുങ്ങി. എന്നാല്‍ ഒന്‍പതാമനായി ക്രീസിലെത്തിയ ഓകീഫ് സ്മിത്തിനൊപ്പം പിടിച്ചു നിന്നതോടെ അവരുടെ സ്‌കോര്‍ 400 കടന്നു. 71 പന്തില്‍ 25 റണ്‍സുമായി ഒകീഫ് മടങ്ങുമ്പോള്‍ ആസ്‌ത്രേലിയന്‍ സ്‌കോര്‍ 446 റണ്‍സിലെത്തിയിരുന്നു. പിന്നീടുള്ള രണ്ടു വിക്കറ്റുകള്‍ അഞ്ചു റണ്‍സിനിടെ വീഴ്ത്തി ഇന്ത്യ ഓസീസ് ഇന്നിങ്‌സിനു തിരശ്ശീലയിട്ടപ്പോള്‍ 361 പന്തുകള്‍ നേരിട്ട് 17 ഫോറുകള്‍ തൊങ്ങല്‍ ചാര്‍ത്തി 178 റണ്‍സുമായി സ്റ്റീവന്‍ സ്മിത്ത് കീഴടങ്ങാതെ ഒരറ്റത്തു നില്‍ക്കുന്നുണ്ടായിരുന്നു.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. ഉമേഷ് യാദവ് മൂന്നും അശ്വിന്‍ ഒരു വിക്കറ്റുമെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."