ജിഷ വധക്കേസ്: പ്രതിയെ പെരുമ്പാവൂരിലെത്തിച്ച് തെളിവെടുത്തു
പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിനെ പെരുമ്പാവൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ പെരുമ്പാവൂരിലെത്തിച്ച പ്രതിയെ രാവിലെ അഞ്ചോടെയാണ് ജിഷയുടെ വീടിനു സമീപമെത്തിച്ചു തെളിവെടുത്തത്.
പ്രതിയെ സ്വകാര്യ വാഹനത്തിലാണ് രണ്ടു തവണയായി ഇരിങ്ങോള്‍ വട്ടോളിപ്പടിയിലും പരിസരപ്രദേശങ്ങളിലും എത്തിച്ചത്. ജിഷയുടെ വീട്ടില്‍നിന്നു കൊലപാതകത്തിനു ശേഷം ഇറങ്ങിവന്ന വഴിയും ശേഷം വട്ടോളിപ്പടിയില്നിന്നു ചായയും ഭക്ഷണവും കഴിച്ച ഹോട്ടലും ബേക്കറിയും ഇയാള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സും വാഹനത്തിലിരുന്നു പ്രതി അന്വേഷണസംഘത്തെ കാണിച്ചു. അതീവ രഹസ്യമായാണ് കഴിഞ്ഞ രണ്ടു ദിവസമായി പ്രതിയെ പെരുമ്പാവൂരിലെത്തിച്ചത്. എന്നാല്‍, ജിഷയുടെ വീട്ടില്‍ ഇറക്കി തെളിവെടുപ്പ് നടത്തിയില്ല.
കൊലപാതകത്തിനു മണിക്കൂറുകള്‍ക്കു മുന്‍പു, വൈകിട്ട് 3.30 മുതല്‍ സമീപത്തെ വീടിന്റെ മതില്‍ക്കെട്ടിനു സമീപം പതുങ്ങിയിരുന്നതായി പ്രതി സമ്മതിച്ചു. ഈ വീടും കാണിച്ചുകൊടുത്തു.
അന്ന് ഈ വീട്ടില്‍ നിര്‍മാണ പ്രവൃത്തികള്‍ നടന്നിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് ജോലിയെടുത്തിരുന്നതെന്നും പ്രതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."