പുലിവേട്ട
കണ്ണൂര്‍: രണ്ടു പശുക്കളെ അജ്ഞാതജീവി ആക്രമിച്ചു കൊന്നതിനു പിന്നാലെ കണ്ണൂര്‍ നഗരത്തോടു ചേര്‍ന്ന ചാലാട് പള്ളിയാംമൂല പുലിഭീതിയിലായി. പള്ളിയാംമൂല പള്ളിക്കു സമീപത്തെ പറമ്പില്‍ കെട്ടിയ ചാലാട്ടെ ജസീലിന്റെ പശുവും അതിന്റെ കിടാവുമാണു ചത്തത്. കിടാവിന്റെ വയര്‍ മാന്തി കുടല്‍മാലകള്‍ പുറത്തിട്ട നിലയിലായിരുന്നു. ഇന്നലെ രാവിലെ ആറോടെ പശുക്കളെ ചത്ത നിലയില്‍ കണ്ട വിവരം പുറത്തുവന്നതോടെ നാടാകെ ഭീതിയിലായി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രാത്രി ഏഴോടെ പള്ളിയാംമൂലയില്‍ പശുക്കള്‍ ആക്രമണത്തിനിരയായ സ്ഥലത്ത് പുലിക്കൂട് സ്ഥാപിച്ചു.
കഴിഞ്ഞദിവസം അഴീക്കോട് വായിപ്പറമ്പില്‍ സ്ഥാപിച്ച പുലിക്കൂടാണ് ഇന്നലെ രാത്രി പള്ളിയാംമൂലയില്‍ എത്തിച്ചത്. ഒരു കാമറയും സ്ഥാപിച്ചിട്ടുണ്ട്.
പശുക്കള്‍ ചത്തതു പുലിയുടെ ആക്രണമത്തിലാണെന്നു വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പുലി തന്നെയായിരിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണു നിരീക്ഷണം ശക്തമാക്കിയത്. പാറമടയും കുറ്റിക്കാടുകളും നിറഞ്ഞ പ്രദേശത്ത് പുലി എത്താന്‍ സാധ്യതയുണ്ടെന്നു തന്നെയാണു വനം ഉദ്യോഗസ്ഥരുടെ നിഗമനം. ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ പി രതീശന്‍, സെക്ഷന്‍ ഫോറസ്റ്റര്‍ പി.പി മുരളീധരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ സുഭാഷ്, വിനു, സത്യന്‍ എന്നിവരടങ്ങിയ വനംവകുപ്പ് സംഘവും ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്.ഐ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസും രാത്രി നിരീക്ഷണത്തിനു പള്ളിയാംമൂലയിലെത്തി.
കണ്ണൂര്‍, കോഴിക്കോട്, വയ നാട് ജില്ലകളിലെ വനംവകുപ്പ് ഓഫിസുകളില്‍ അടിയന്തിര സാഹചര്യം നേരിടാനുള്ള സന്ദേശവും നല്‍കി. കണ്ണൂര്‍ കസാനക്കോട്ടയില്‍ ഇറങ്ങിയ പുലിയെ മയക്കുവെടിവച്ച് പിടികൂടിയ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സകറിയയുടെ മേല്‍നോട്ടത്തിലാണു വനംവകുപ്പ് നിരീക്ഷണം നടത്തുന്നത്. ജനങ്ങള്‍ ഈ ഭാഗത്തു കൂടി കടന്നുപോകുന്നതു തടഞ്ഞിട്ടുണ്ട്. ജനങ്ങള്‍ ഈ ഭാഗത്ത് എത്തരുതെന്നും വീടുകളില്‍ നിന്നു പുറത്തിറങ്ങരുതെന്നും വിളക്കുകള്‍ അണയ്ക്കണമെന്നും ഇന്നലെ രാത്രി പള്ളിയാംമൂല പള്ളിയില്‍ നിന്നു മൈക്ക് വഴി നിര്‍ദേശവും നല്‍കിയിരുന്നു..
വനം ഉദ്യോഗസ്ഥര്‍ വൈകിയെന്നു നാട്ടുകാര്‍
കണ്ണൂര്‍: പള്ളിയാംമൂലയില്‍ വനം ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയെന്നു നാട്ടുകാര്‍. രണ്ടു പശുക്കള്‍ പുലിയെന്നു സംശയിക്കുന്ന ജീവിയുടെ ആക്രമണത്തില്‍ ചത്ത വിവരം ഇന്നലെ രാവിലെ ആറോടെ പുറത്തുവന്നയുടന്‍ നാട്ടുകാര്‍ വനം ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്കു 12ഓടെ മാത്രമാണു വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് തെരുവു നായകളുടെ എണ്ണം കുറഞ്ഞതും പുലിയുണ്ടെന്ന സംശയത്തിന്റെ തെളിവായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ചിനു കണ്ണൂര്‍ കസാനക്കോട്ടയില്‍ പുലിയിറങ്ങിയതും അഴീക്കോട് വായിപ്പറമ്പില്‍ പുലിയെ കണ്ടെന്നുമുള്ള നാട്ടുകാരുടെ വെളിപ്പടുത്തലുകളുടെയും അടിസ്ഥാനത്തില്‍ പള്ളിയാംമൂലയില്‍ എത്തിയതു പുലി തന്നെയാണെന്ന വിശ്വാസത്തിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."