വേനലവധി ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍
കൊണ്ടോട്ടി: വേനലവധി മുന്‍നിര്‍ത്തി വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഏപ്രിലില്‍ സ്‌കൂളടക്കുന്ന സമയത്ത് വിദേശത്തുള്ള കുടുംബാംഗങ്ങളുടെ അടുത്തേയ്ക്ക് പോകുന്നവരുടെ തിരക്ക് പരിഗണിച്ചാണ് വിമാനക്കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. ചിലവ് കുറഞ്ഞ ജെറ്റ് എയര്‍ലൈനുകള്‍ വരെ പൊള്ളുന്ന നിരക്കാണ് ഈടാക്കുക. ഈ മാസം 25ന് ശേഷമാണ് വിമാന ടിക്കറ്റ് നിരക്ക് കൂടുന്നത്. ഏപ്രില്‍ ആദ്യവാരത്തില്‍ വിമാന ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവുമുണ്ടാകും.
കരിപ്പൂരില്‍ നിന്ന് ദുബൈ, ഷാര്‍ജ, അബൂദബി എന്നിവിടങ്ങളിലേക്ക് 5500 മുതല്‍ 7000 രൂപ വരെയുണ്ടായിരുന്ന നിരക്ക് 20000ത്തിന് മുകളിലെത്തി. ഖത്തര്‍, ദോഹ, ബഹ്‌റൈന്‍, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കെല്ലാം നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. സഊദിയിലേക്കുള്ള കണക്ഷന്‍ വിമാനത്തിന്റെ ടിക്കറ്റ് കിട്ടണമെങ്കില്‍ 30000ത്തിന് മുകളില്‍ നല്‍കണം. കരിപ്പൂരില്‍ ജെംബോ സര്‍വിസുകളില്ലാത്തതിനാല്‍ ജിദ്ദ, റിയാദ് മേഖലയിലേക്ക് പലരും കണക്ഷന്‍ സര്‍വിസുകളെയാണ് ആശ്രയിക്കുന്നത്. ഇത് മുന്‍കൂട്ടി കണ്ട് ഇത്തരം സര്‍വിസുകള്‍ക്കും നിരക്ക് കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. വേനലവധിക്ക് ഗള്‍ഫിലേക്ക് കുടുംബത്തോടെ പോകുന്നുവെന്നതിനാല്‍ കൂട്ടമായി ടിക്കറ്റുകള്‍ വിറ്റഴിയും. ഇതിനാല്‍ സീസണ്‍ പരമാവധി മുതലെടുക്കാന്‍ തന്നെയാണ് വിമാനക്കമ്പനികളുടെ ശ്രമം.
എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, ഖത്തര്‍ എയര്‍വെയ്‌സ്, ഇത്തിഹാദ് എയര്‍ തുടങ്ങിയ വിദേശത്തേക്കുള്ള വിമാനക്കമ്പനികളെല്ലാം നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. സാധാരണ നിരക്കിന്റ മൂന്നിരട്ടി നല്‍കിയാല്‍ മാത്രമേ വിമാന ടിക്കറ്റ് ലഭിക്കുകയുള്ളു. ജൂണില്‍ സ്‌കൂളുകള്‍ തുറക്കുമെന്നതിനാല്‍ ഇവരുടെ മടക്ക ടിക്കറ്റിലും ഉയര്‍ന്ന നിരക്ക് വിമാനക്കമ്പനികള്‍ക്ക് വാങ്ങാനാകും. കൂടാതെ മെയ് അവസാനത്തില്‍ റമദാന്‍ ആരംഭിക്കുന്നതോടെ ഗള്‍ഫില്‍ സ്‌കൂളുകള്‍ അടയ്ക്കും.
ഇതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്കുണ്ടാകുമെന്നതിനാല്‍ ഉയര്‍ത്തിയ നിരക്ക് താഴ്ത്താതെ യാത്രക്കാരെ ചൂഷണം ചെയ്യാന്‍ വിമാനക്കമ്പനികള്‍ക്കാകും. സീസണ്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധനവ് ഉംറ തീര്‍ഥാടകര്‍ക്കും തിരിച്ചടിയാകും. നിലവിലെ തുകയേക്കാള്‍ 5000 മുതല്‍ 10000 രൂപയുടെ വര്‍ധനവുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."