റബര്‍ കര്‍ഷകരുടെ ചക്ക വിഭവങ്ങള്‍ക്ക് ദിശമേളയില് പ്രിയമേറുന്നു
കോട്ടയം: ചക്കവറ്റല്‍, ചക്കവരട്ടി, ചക്കവട, ചക്കജ്യൂസ് അങ്ങനെ തുടങ്ങി ആകെ ചക്കമയമാണ് നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ദിശമേള. കഞ്ഞിരമറ്റത്തെ റബര്‍ കര്‍ഷകരാണ് ദിശമേളയില് പത്തോളം ചക്ക വിഭവങ്ങള്‍ തയാറാക്കി വില്‍ക്കുന്നത്.
ഓരോ ദിവസം കഴിയുംതോറും പ്രിയമേറുകയാണ് ഈ വിഭവങ്ങള്‍ക്ക്. റബര്‍ കൃഷിയില വരുമാനം നഷ്ടപ്പെട്ട കാഞ്ഞിരമറ്റം ഫാര്‍മേഴ്സ് ക്ലബ് അംഗങ്ങളാണ് ചക്കയിലൂടെ വരുമാനം കണ്ടെത്താനുള്ള സംരംഭവുമായി മേളയില്‍ പങ്കെടുക്കുന്നത്.
പായ്ക്കറ്റിലാക്കിയ തേന്‍ വരിക്ക ചുളകള്‍ക്ക് മുപ്പത് രൂപയാണ് വില. പച്ച ചക്ക അരച്ചുണ്ടാക്കുന്ന വടയ്ക്കും ഇവിടെ നല്ല ഡിമാന്‍ഡാണ്. ചൂടിന്റെ കാഠിന്യമകറ്റാന്‍ കെല്‍പ്പുള്ള ചക്കജ്യൂസിനും ആവശ്യക്കാര്‍ ഏറെയാണ്. ചക്കപ്പഴം അരച്ചതും തേനും ഏലയ്ക്കയും ചേര്‍ത്തു തയാറാക്കുന്ന ജ്യൂസ് തണുപ്പിച്ചാണ് നല്‍കുന്നത്. മുന്നൂറോളം അംഗങ്ങളുള്ള ക്ലബിന് ചക്കവിഭവങ്ങളുണ്ടാക്കാന്‍ പാമ്പാടി ബ്ലോക്കില്‍ നിന്നാണ് പരിശീലനം ലഭിച്ചത്. നമ്പാര്‍ഡിന്റെ കീഴില്‍ രൂപീകരിച്ചിട്ടുള്ള ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃഷിഭവനും സഹായം നല്‍കുന്നുണ്ട്. പ്രസിഡന്റ് ടോം ജേക്കബ്ബ് പാലയ്ക്കല്‍, സെക്രട്ടറി ജോസ് തോമസ് എന്നിവര്‍ നേതൃത്വം നല്കുന്ന ക്ലബിലെ പുരുഷന്മാര് ചേര്‍ന്നാണ് മേളയില്‍ രുചിയേറുന്ന ചക്കവിഭവങ്ങള്‍ തയാറാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."