എസ്.പി മൂന്നുതവണ ആവശ്യപ്പെട്ടിട്ടും ഡിവൈ.എസ്.പി റിപ്പോര്‍ട്ട് നല്‍കിയില്ല
കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പൊലിസിനു വീഴ്ച പറ്റിയെന്ന് റൂറല്‍ എസ്.പി. എസ് സുരേന്ദ്രന്‍. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെ നുണപരിശോധന നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. പൊലിസ് എക്‌സ്പ്രസ് റിപ്പോര്‍ട്ട് നല്‍കാത്തത് പൊലിസിന്റെ വീഴ്ചയാണ്. അന്വേഷണത്തോട് കസ്റ്റഡിയിലുള്ളവര്‍ സഹകരിക്കാത്തതിനാലാണ് കുട്ടിയുടെ മാതാവിനെയും മുത്തച്ഛനെയും നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചതെന്നും എസ്.പി പറഞ്ഞു.
പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മാതാവും ബന്ധുക്കളും ഉള്‍പ്പെടെ ഒന്‍പത് പേരാണ് കസ്റ്റഡിയിലുള്ളത്. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നല്‍കേണ്ട ഗ്രേവ് ക്രൈം റിപ്പോര്‍ട്ട് ഡിവൈ.എസ്.പി ബി കൃഷ്ണകുമാര്‍ നല്‍കിയിട്ടില്ല. മൂന്നു തവണയാണ് അദ്ദേഹത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വീഴ്ചയെക്കുറിച്ച് ദക്ഷിണമേഖലാ ഐ.ജിക്ക് താന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും എസ്.പി അറിയിച്ചു.
സസ്‌പെന്‍ഷനില്‍ കഴിയുന്ന സി.ഐ ഷാബു മാര്‍ച്ച് ഏഴിന് ഉന്നതര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലും വീഴ്ച കണ്ടെത്തിയിരുന്നു. മരിച്ച പെണ്‍കുട്ടിയുടെ പിതാവ് സംഭവത്തിന്റെ സത്യാവസ്ഥ അറിയാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉള്‍പ്പെടെ നിരവധി ഏജന്‍സികളെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ കൊട്ടാരക്കര ഡിവൈ.എസ്.പിയോട് ആവശ്യപ്പെട്ട റിപ്പോര്‍ട്ടാണ് സി.ഐ തയാറാക്കിയത്.
പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നെന്ന് പോസ്്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നിട്ടും അതുസംബന്ധിച്ച് അന്വേഷണം നടത്താതിരുന്നതാണ് സി.ഐക്ക് വിനയായത്. എന്നാല്‍, റിപ്പോര്‍ട്ടിനൊപ്പം സി.ഐ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും എഫ്.ഐ.ആറിന്റെ പകര്‍പ്പും പ്രത്യേകം ചേര്‍ത്തിരുന്നെങ്കിലും സി.ഐയുടെ റിപ്പോര്‍ട്ടില്‍ ആധികാരികതയില്ലായിരുന്നു. ഈ റിപ്പോര്‍ട്ടിലെ പോരായ്മ കണ്ടെത്തിയാണ് ഈമാസം 12ന് ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ കുണ്ടറ പൊലിസ് സ്‌റ്റേഷനിലെത്തി കേസ് സംബന്ധിച്ച മുഴുവന്‍ രേഖകളും പിടിച്ചെടുത്തത്.
തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതും ജനകീയ പ്രക്ഷോഭം ശക്തമായതും. കേസ് ഉന്നതതലത്തില്‍ അട്ടിമറിച്ചെന്നതിന് സൂചന ലഭിച്ചതോടെ പൊലിസിലെ ഉന്നതര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സൂചന. ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നതര്‍ കൂട്ടുനില്‍ക്കുന്നതിനാല്‍ ഡിെൈവ.എസ്്.പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലം ഡി.സി.സി അധ്യക്ഷ ബിന്ദുകൃഷ്ണ രംഗത്തു വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."