ഡിജിറ്റല്‍ എക്‌സറേ യൂനിറ്റിന് ശാപമോക്ഷം
കൊട്ടാരക്കര: താലൂക്കാശുപത്രിയിലെ ഡിജിറ്റല്‍ എക്‌സറേ യൂനിറ്റ് പ്രവര്‍ത്തനക്ഷമമാകാന്‍ സാധ്യത തെളിയുന്നു. അടുത്തയാഴ്ച ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള ഡിജിറ്റല്‍ എക്‌സറേ യൂനിറ്റിന്റെ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാതെ ആശുപത്രി മൂലയില്‍ തുരുമ്പെടുത്തു നശിക്കുന്നത് 'സുപ്രഭാതം' നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഒരു വര്‍ഷം മുന്‍പാണ് ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സറേ യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ആരോഗ്യ വകുപ്പ് എത്തിക്കുന്നത്. 14 ലക്ഷം രുപയായിരുന്നു ഇതിനായി ചെലവഴിച്ചത്. ഈ ഉപകരണങ്ങള്‍ ആധുനിക രീതിയില്‍ സംരക്ഷിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള മുറി സജ്ജമാക്കുന്നതിനുണ്ടായ കാലതാമസമാണ് യൂനിറ്റിന്റെ പ്രവര്‍ത്തനത്തിന് തടസമായത്.
മുറി തയാറാക്കാന്‍ ആവശ്യമായിരുന്ന അഞ്ച് ലക്ഷം രൂപ നഗരസഭയോ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയോ യഥാസമയം നല്‍കാതിരുന്നതാണ് പ്രവര്‍ത്തനം മുടങ്ങാന്‍ കാരണമായത്. ഇപ്പോഴത്തെ എക്‌സറേ യൂനിറ്റ് പ്രവര്‍ത്തിക്കുന്ന മുറിയില്‍ വാതിലിന്റെ വലുപ്പകുറവ് കാരണം ഉപകരണങ്ങള്‍ മുറിയിലെത്തിക്കാന്‍ കഴിഞ്ഞില്ല. ഇതാണ് ഡിജിറ്റല്‍ എക്‌സറേ യൂനിറ്റിന്റെ ഉപകരണങ്ങള്‍ കെട്ടുപോലും അഴിക്കാതെ ആശുപത്രി മൂലയില്‍ കൂട്ടിയിട്ടിരുന്നത്.
രണ്ടു ദേശീയപാതകള്‍ കടന്നുപോകുന്ന കൊട്ടാരക്കരയില്‍ റോഡപകടങ്ങള്‍ പതിവാണ്. പഴയ എക്‌സറേ യൂനിറ്റ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിനാല്‍ ചികിത്സ വൈകാറുണ്ട്. 60 രുപ മുടക്കേണ്ടുന്ന എക്‌സറേ ആശുപക്രിയുടെ പുറത്തുപോയി ചെയ്യണമെങ്കില്‍ 150 രുപ നല്‍കണം. ഡിജിറ്റല്‍ എക്‌സറേ പ്രവര്‍ത്തിക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നത് സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഡിജിറ്റല്‍ എക്‌സറേ യൂനിറ്റിനുള്ള ശീതീകരിച്ച മുറി സജ്ജീകരിച്ചു കഴിഞ്ഞു. നഗരസഭയാണ് മുറി സജ്ജീകരിച്ച് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."