കെ.വി.എം സമരം: നഴ്‌സുമാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
തിരുവനന്തപുരം: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടുക, ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കുക, സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷാ ഉദ്ഘാടനം ചെയ്തു.
ആശുപത്രിയിലെ സമരം 269 ദിവസം പിന്നിട്ടു. ഇത്രയും ദിവസം നഴ്‌സുമാര്‍ തെരുവില്‍ സമരം ചെയ്തിട്ടും ഇടപെടാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴില്‍ വകുപ്പ് പിരിച്ചുവിടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
സമരത്തിന്റെ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഈ സമയത്ത് ഒരു മാസത്തിനുള്ളില്‍ വീണ്ടും ചര്‍ച്ച നടത്താമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഇതുവരെയും അതിന് തയാറായിട്ടില്ല. തൊഴില്‍വിരുദ്ധ നയങ്ങള്‍ സ്വീകരിച്ച മുതലാളിമാര്‍ക്ക് വകുപ്പ് തൊഴില്‍ വിടുപണി ചെയ്യുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.
വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം. അതുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കും. നഴ്‌സുമാരോടുള്ള അവഗണന തുടര്‍ന്നാല്‍ ജനാധിപത്യപരമായി സംഘടിക്കുമെന്നും തെരഞ്ഞെടുപ്പില്‍ വോട്ട് കൊണ്ടുമറുപടി പറയുമെന്നും സമരക്കാര്‍ മുന്നറിയിപ്പു നല്‍കി.
സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷനായി. ദേശീയ ജനറല്‍ സെക്രട്ടറി എം.വി സുധീപ്, ജനറല്‍ സെക്രട്ടറി സുജനപാല്‍ അച്യുതന്‍, ട്രഷറര്‍ ബിബിന്‍ എന്‍.പോള്‍, വര്‍ക്കിങ് സെക്രട്ടറി ബെല്‍ജോ ഏലിയാസ്, വൈസ് പ്രസിഡന്റ് സിബി മുകേഷ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."