രാത്രികാല ചാനല്‍ ചര്‍ച്ചകള്‍ അരോചകമെന്ന് മന്ത്രി ജി.സുധാകരന്‍
കുട്ടനാട് (ആലപ്പുഴ): രാത്രികാല ചാനല്‍ ചര്‍ച്ചകള്‍ ജനങ്ങള്‍ക്ക് അരോചകമായി തുടങ്ങിയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. ചര്‍ച്ചയില്‍ എന്തും വിളിച്ചു പറയാമെന്ന സ്ഥിതി എത്തി. പങ്കെടുത്ത് സംസാരിക്കുന്നവര്‍ക്ക് അവര്‍ എന്താണ് പറയുന്നതെന്ന് പോലുമറിയില്ല. ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് സമൂഹത്തിന് യാതൊരു ഗുണവും ഇല്ല. ഇതൊരു ദോഷകരമായ പ്രവണതയാണെന്നും മന്ത്രി പറഞ്ഞു.
എസ്. എന്‍.ഡി.പി കുട്ടനാട് യൂനിയന്‍ ആസ്ഥാന മന്ദിരോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്തി ആരും വില കൊടുത്ത് വാങ്ങേണ്ടതല്ല.
സോണിയാ ഗാന്ധി ഉന്നത രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണ്. നെഹ്രുട്രോഫി വള്ളംകളി കാണാന്‍ സര്‍ക്കാരിന്റെ അതിഥിയായെത്തിയ സോണിയയെ പരിചയപ്പെടാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഈ സന്ദര്‍ഭത്തിലാണ് അവരെ കുറിച്ച് മനസിലാക്കാന്‍ കഴിഞ്ഞത്. വെള്ളാപ്പളളി നടേശന്റെ നിലപാടുകള്‍ തെറ്റാണെങ്കില്‍ അതു തുറന്നു പറയും.
അതിന് തനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. വ്യക്തിബന്ധങ്ങള്‍ ഇതിന് തടസമാകില്ലെന്നും സുധാകരന്‍ പറഞ്ഞു. അഡ്വ. ഡി.പി മധുസൂദനന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."