'റൈറ്റ് തിങ്കേഴ്‌സ് ' സഹായിച്ചു; അജിമോളുടെ ഓപറേഷന്‍ നടന്നു
തൊടുപുഴ: വിവിധ രോഗങ്ങള്‍ ബാധിച്ച് ജീവിതം വഴിമുട്ടിയ അജിമോളുടെ ഓപറേഷന്‍ നടന്നു. മലയാളത്തിലെ ഏറ്റവും സജീവമായ ഫേസ്ബുക്ക് ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സ് രണ്ടുലക്ഷത്തോളം രൂപ സ്വരൂപിച്ചതോടെ ഇന്നലെ രാവിലെ ഒമ്പതുമണിക്ക് തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയില്‍ അജിമോളുടെ ഓപറേഷന്‍ നടത്തുകയായിരുന്നു.
ചോര്‍ന്നൊലിക്കുന്ന വാടകവീട്ടില്‍ നാലുപെണ്‍കുട്ടികളടക്കം അഞ്ചുമക്കളുമായി അസുഖങ്ങളോട് മല്ലടിച്ച് ജീവിച്ചിരുന്ന തൊടുപുഴ ചന്തക്കുന്ന് ഭാഗത്ത് താമസക്കാരിയായ ഉളമയില്‍ വീട്ടില്‍ ബിലാലിന്റെ ഭാര്യ അജിമോളുടെ ദുരിതകഥ മാധ്യമങ്ങളിലൂടെയാണ് പുറം ലോകമറിഞ്ഞത്. പച്ചക്കറിക്കടയിലെ ജോലിക്കാരനായ ഭര്‍ത്താവ് ബിലാലിന്റെ തുച്ഛവരുമാനത്തില്‍ മക്കളായ അല്‍ഫിയ (16), നൗഫിയ (14), സുല്‍ഫിയ (12), ആദില്‍ (8), ആലിയ (5) എന്നിവരുടെ പഠനവും വീട്ടുവാടകയും ചെലവുകളുംകൂടി കൂട്ടിമുട്ടിക്കാന്‍ കഴിയുമായിരുന്നില്ല. പ്രാരാബ്ധങ്ങള്‍ക്കിടെ വിവിധങ്ങളായ രോഗങ്ങള്‍കൊണ്ട് നരകിച്ചിരുന്ന അജിമോളുടെ ചികിത്സ നിലച്ചിരുന്നു.
തൈറോയ്ഡിന്റെ അസുഖം മൂലം ബുദ്ധിമുട്ടുന്ന സമയത്താണ് അജിമോളുടെ രണ്ട് കാല്‍മുട്ടുകളിലെയും മുട്ടുചിരട്ടകള്‍ തകരാറിലായത്. ഒപ്പം പിത്തസഞ്ചിയില്‍ കല്ലും അമിതവണ്ണവും കൂടിയായപ്പോള്‍ നടക്കാന്‍ പോലുമാവാതെയായി. ദാരിദ്ര്യം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വൃക്ക വില്‍ക്കുന്ന കാര്യം പോലും അജിമോള്‍ ചിന്തിച്ചു. എന്നാല്‍ മക്കളുടെ സ്‌നേഹപൂര്‍വമായ അപേക്ഷ അജിമോളെ അതില്‍നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഫേസ്ബുക്ക് ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സ് പ്രതിനിധികള്‍ അജിമോളുടെ വീട് സന്ദര്‍ശിച്ചു കാര്യങ്ങള്‍ ബോധ്യപ്പെടുകയും അടിയന്തരസഹായം കൈമാറുകയും ചെയ്തു. പിന്നീട് സ്‌കൂള്‍ തുറക്കുന്നപ്പോള്‍ കുട്ടികളുടെ പഠനാവശ്യത്തിനായി ഗ്രൂപ്പ് അംഗങ്ങള്‍ 25,000 രൂപ നല്‍കി.
അജിമോളുടെ മുടങ്ങിക്കിടന്ന ചികിത്സ തുടര്‍ന്നു നടത്താന്‍ റൈറ്റ് തിങ്കേഴ്‌സ് ചാരിറ്റി വിങ് തീരുമാനവുമെടുത്തു. അതിനായി വിശദമായ പരിശോധനകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ കരള്‍ സംബന്ധമായി അടിയന്തരമായി സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്നു തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ ഓപറേഷന്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയിലെ സൂപ്രണ്ട് കൂടിയായ സര്‍ജന്‍ ഡോ. ടോമി മാത്യുവിന്റെ നേതൃത്വത്തിലാണ് ഓപറേഷന്‍ ചെയ്തത്. രണ്ടുലക്ഷത്തോളം രൂപ ഇതിനായി ഗ്രൂപ്പംഗങ്ങളില്‍ നിന്നു റൈറ്റ് തിങ്കേഴ്‌സ് ചാരിറ്റി വിങ് കണ്ടെത്തിയിരുന്നു.
ഒരുലക്ഷത്തി എഴുപത്തിഅയ്യായിരത്തോളം അംഗങ്ങളാണ് ഇപ്പോള്‍ റൈറ്റ് തിങ്കേഴ്‌സിലുള്ളത്. സജീവ ചര്‍ച്ചകള്‍ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയും മറ്റ് ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ക്കു മാതൃകയായിരിക്കുകയാണ് റൈറ്റ് തിങ്കേഴ്‌സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."