തൊഴില്‍ രഹിതര്‍ക്ക് ടാക്‌സി കാറുകള്‍: നൂതന പദ്ധതിയുമായി ചിന്നക്കനാല്‍ പഞ്ചായത്ത്
ചിന്നക്കനാല്‍ : പിന്നാക്ക വിഭാഗക്കാരായ യുവാക്കള്‍ക്ക് സ്വയം തൊഴിലിന് ടാക്‌സി കാര്‍ വിതരണം ചെയ്ത് മാതൃകയാകുകയാണ് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് .
തിരഞ്ഞെടുത്ത 19 പേരില്‍ 11 പേര്‍ക്കും പഞ്ചായത്ത് ഭരണസമതി ടാക്‌സി കാറുകള്‍ നല്‍കി. യുവാക്കള്‍ക്ക് സ്വയം തൊഴിലിനായി രണ്ടു ലക്ഷം രൂപ വീതം സബ്‌സിഡിയായി നല്‍കുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടികജാതി വിഭാഗത്തില്‍പെട്ട 16 പേരും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട മൂന്നുപേരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.ഗുണഭോക്താക്കള്‍ക്ക് ബാങ്ക് വായ്പ തരപ്പെടുത്തി കാര്‍ ഡീലര്‍മാരില്‍ നിന്നും കാര്‍ ലഭ്യമാകുന്ന മുറക്ക് ഡീലര്‍മാര്‍ക്ക് പഞ്ചായത്ത് സബ്‌സിഡി തുക കൈമാറും. ഇടുക്കി ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലയായ ചിന്നക്കനാലില്‍ ടാക്‌സി വാഹനങ്ങളുടെ അഭാവം സ്വദേശിയരെയും വിദേശിയരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
കഴിഞ്ഞ രണ്ടുമാസക്കാലമായി പഞ്ചായത്ത് നിര്‍ത്തിവെച്ചിരുന്ന കൊളുക്കുമല ജീപ്പ് സവാരി പ്രവേശനവും പഞ്ചായത്ത് പുനരാരംഭിച്ചു. ടൂറിസത്തിന് വളരെയധികം സാധ്യതകള്‍ നിലനില്‍ക്കുന്ന പ്രദേശത്ത് പിന്നോക്ക വിഭാഗക്കാരായ യുവാക്കള്‍ക്ക് സ്വന്തമായി ടാക്‌സി കാര്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത് പഞ്ചായത്തിന്റെ നേട്ടമാണെന്നും യുവാക്കള്‍ക്ക് സ്വയംപര്യപ്തതയും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്താനുള്ള അവസരമാണ് ഒരുങ്ങിയതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി അന്‍പുരാജ് പറഞ്ഞു .
വിവിധ വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുത്ത 52 പേരുടെ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നുമാണ് 19 പേരെ പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുത്തത്.ചിന്നക്കനാല്‍ ഫാത്തിമ മാത ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കാറുകളുടെ താക്കോല്‍ കൈമാറി. വരും ദിവസങ്ങളില്‍ ശേഷിക്കുന്ന 8 പേര്‍ക്കും വാഹനങ്ങള്‍ കൈമാറുമെന്നും ഭരണസമിതി അറിയിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശരവണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."