വിജയ് ഹസാരെ ട്രോഫി: തമിഴ്നാട് ചാംപ്യന്മാര്
ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി ഏകദിന കിരീടം തമിഴ്നാടിന്. ഫൈനലില്‍ ബംഗാളിനെ 37 റണ്‍സിനു പരാജയപ്പെടുത്തിയാണു തമിഴ്നാട് കിരീടമുയര്‍ത്തിയത്. ആദ്യം ബാറ്റു ചെയ്ത തമിഴ്നാട് 47.2 ഓവറില്‍ 217 റണ്‍സിനു ഓള് ഔട്ടായി. വിജയം തേടിയിറങ്ങിയ ബംഗാള്‍ 45.5 ഓവറില്‍ 180 റണ്‍സില്‍ പുറത്തായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത തമിഴ്നാടിനു തുടക്കത്തില്‍ തിരിച്ചടിയേറ്റു. ഒരു ഘട്ടത്തില്‍ അവര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ നാലാമനായി ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ദിനേഷ് കാര്‍ത്തിക് ഒറ്റയാള്‍ പോരാട്ടത്തിലൂടെ തമിഴ്നാടിന്റെ രക്ഷകനായി. സെഞ്ച്വറിയുമായി ടീമിനെ പൊരുതാവുന്ന സ്കോറിലേക്കു നയിക്കാന്‍ കാര്‍ത്തിക്കിനു സാധിച്ചു. 120 പന്തുകള്‍ നേരിട്ട് കാര്‍ത്തിക് 112 റണ്‍സെടുത്തു. ഇന്ദ്രജീത് (32), വാഷിങ്ടന്‍ സുന്ദര്‍ (22) എന്നിവര്‍ കാര്‍ത്തികിനെ പിന്തുണച്ചു. ബംഗാളിനായി മുഹമ്മദ് ഷമി നാലും അശോക് ഡിന്‍ഡ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
വിജയം തേടിയിറങ്ങിയ ബംഗാളിന്റെ തുടക്കവും പരിതാപകരമായിരുന്നു. നാലു റണ്‍സിനിടെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായ അവര്‍ക്ക് പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. തമിഴ്നാടിന്റെ അശ്വിന് ക്രിസ്റ്റ്, മുഹമ്മദ്, രഹില്‍ ഷ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി ബംഗാളിനെ തകര്‍ക്കുകയായിരുന്നു. സുദീപ് ചാറ്റര്‍ജി (58) ടോപ് സ്കോററായപ്പോള്‍ ബംഗാള്‍ നായകന് മനോജ് തിവാരി (32), മജുംദാര്‍ (24), ഗനി (24), ഗോസ്വാമി (23) എന്നിവരും രണ്ടക്കം കടന്നു. മറ്റൊരാള്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല.
തമിഴ്നാടിനായി വിജയ് ശങ്കര്‍, ബാബ അപരാജിത്, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ബംഗാളിന്റെ പോരാട്ടം 180ല്‍ അവസാനിപ്പിച്ചു. കാര്‍ത്തിക്കാണു കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."