കാട്ടുതീയില്‍ എരിഞ്ഞടങ്ങിയത് കോടികളുടെ വന സമ്പത്ത്
അലനല്ലൂര്‍: കാട്ടുകൊള്ളക്കാരായിരുന്നു ഒരു കാലത്ത് വനം വകുപ്പിന്റെ തലവേദനയെങ്കില്‍ ഇന്ന് കാട്ടുതീ കൈയടക്കുന്നു. വേനല്‍ ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ കാട്ടുതീയുടെ രൂപത്തില്‍ വന-ജൈവ സമ്പത്ത് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
വനം വകുപ്പിന്റെ കണക്ക് പ്രകാരം 2017 മാര്‍ച്ചുവരെ 261 ഹെക്ടര്‍ കാടാണ് പൂര്‍ണമായും കത്തിനശിച്ചത്. 1200 ഹെക്ടറോളം കാട് പാതി കരിഞ്ഞ നിലയിലും കാല്‍ ലക്ഷം ഹെക്ടറോളം കാടുകള്‍ അതീവ അപകടാവസ്ഥയിലുമാണ്. പത്തു ജില്ലകളിലായി 616 സ്ഥലങ്ങളിലാണ് കാട്ടുതീ പടര്‍ന്നത്.
ഇതിലൂടെ ജീവന്‍ നഷ്ടപ്പെട്ട വന്യ ജീവികളുടെ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് എന്‍.എസ്.എ അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് മേധാവി പി.കെ കേശവന്‍ സുപ്രഭാതത്തോട് പറഞ്ഞു. അനിയന്ത്രിതമായി പടരുന്ന കാട്ടുതീയിലൂടെ നഷ്ടപ്പെടുന്നത് ജൈവ വൈവിധ്യത്തിന്റെ കലവറയാണ്.
50 ഹെക്ടറിലധികം വനമാണ് പറമ്പിക്കുളത്ത് കഴിഞ്ഞ മാസം കത്തിയമര്‍ന്നത്. ആനമല, നെല്ലിയാമ്പതി മലനിരകള്‍ക്കിടയില്‍ വ്യാപിച്ച പറമ്പിക്കുളം കടുവാ സങ്കേതം ഉള്‍പ്പെടുന്ന മേഖലയില്‍ ഇത്ര വലിയ നാശം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 39 ഇനം സസ്തനികള്‍, 268 ഇനം പക്ഷികള്‍, 61 വ്യത്യസ്ത ഉരഗങ്ങള്‍, സിംഹവാലന്‍ കുരങ്ങ്, വരയാടുകള്‍ 1049, ഷഡ്പദങ്ങള്‍ 124 ഇനം ചിത്രശലങ്ങള്‍, 450 വര്‍ഷം പഴക്കവും 22 അടി വണ്ണവുമുള്ള കന്നിമാര തേക്ക് മരങ്ങളുമാണ് മണ്ണടിഞ്ഞത്.
കഴിഞ്ഞ മാസങ്ങളില്‍ വയനാടന്‍ കാടുകളെ ആഞ്ഞുപുല്‍കിയ കാട്ടുതീയില്‍ ചെമ്പ്രമലയും കത്തിച്ചാമ്പലായി.100 ഹെക്ടര്‍ പുല്‍മേടുകള്‍ മാത്രം കത്തിച്ചാമ്പലായി. മറ്റിടങ്ങളില്‍ അപൂര്‍വമായി മാത്രം കാണപ്പെടുന്ന പുല്‍മേടുകളുടെ കേദാരമാണ് ചെമ്പ്രമല. ഈ പുല്‍മേടിനുള്ളില്‍ ആയിരക്കണക്കിന് ചെറുസസ്യങ്ങളുമുണ്ട്. കടുത്തവേനലിലും ജലത്തെ സംരക്ഷിച്ചു തടാകത്തില്‍ നിലനിര്‍ത്തുന്നത് ഈ പുല്‍മേടുകളാണ്.
ലോകത്തുതന്നെ അപൂര്‍വമായി കാണപ്പെടുന്ന സെറോപിജിയ മനോഹരി മുതലായ സസ്യജാലങ്ങളുടെ കലവറയാണ് ചെമ്പ്ര. ഇന്ത്യയില്‍ കാണുന്ന നാല്‍പത് ഇനം കുറിഞ്ഞികളില്‍ പത്തില്‍പ്പരം ഇവിടെയാണുള്ളത്. പുല്‍മേടുകളില്‍ കാണുന്ന ഗ്രൗണ്ട് ഓര്‍ക്കിഡുകളുടെ കേദാരവും കാട്ടു തീ വെണ്ണീരാക്കി.
2016ല്‍ 165 ഇടങ്ങളിലാണ് കാട്ടു തീ ഉണ്ടായതായി കണക്കാക്കുന്നത്. വയനാടും ഇടുക്കിയിലും 30 സ്ഥലത്തും പാലക്കാട് 28 സ്ഥലത്തും കാട്ടു തീ ഉണ്ടായതായാണ് വനം വകുപ്പ് കണക്കാക്കുന്നത്. ഇതിലൂടെ 6000 ഹെക്ടര്‍ വനം കത്തി നശിച്ചു. 2003- 2004 കാലയളവിലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാട്ടു തീ നാശം വിതച്ചത്.15500 ഹെക്ടര്‍ വനം കത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."