ഗസ്സ വെടിവയ്പ്: യു.എന്‍ സ്വതന്ത്രാന്വേഷണം വേണം- ഒ.ഐ.സി
ഇസ്താംബൂള്‍: ഇസ്‌റാഈലിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് മുസ്‌ലിം രാഷ്ട്രങ്ങളോട് തുര്‍ക്കി പ്രസിഡന്റിന്റെ ആഹ്വാനം. കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ഇസ്താംബൂളില്‍ വിളിച്ചുചേര്‍ത്ത മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ അസാധാരണ യോഗത്തിലാണ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുസ്‌ലിം രാഷ്ട്രത്തലവന്മാരെ അഭിസംബോധന ചെയ്തത്.
''രാജ്യാന്തരതലത്തില്‍ വന്‍ വിമര്‍ശത്തിനിടയാക്കിയ ഗസ്സ വെടിവയ്പ്പില്‍ ഇസ്‌റാഈലിനെതിരേ നടപടിയുണ്ടാകേണ്ടതുണ്ട്. ഇസ്‌റാഈലിനെതിരേ നടപടിയെടുക്കുകയെന്നാല്‍ മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന് ലോകത്തെ കാണിക്കല്‍ കൂടിയാണ്''-ഉര്‍ദുഗാന്‍ പറഞ്ഞു.
ഗസ്സ വെടിവയ്പ്പിനെ കുറിച്ച് രാജ്യാന്തരതലത്തിലുള്ള സ്വതന്ത്ര അന്വേഷണം വേണമെന്ന് യോഗം യു.എന്നിനോട് ആവശ്യപ്പെട്ടു. 57 അംഗ കൂട്ടായ്മയിലെ മിക്കവാറും രാജ്യങ്ങളുടെയും തലവന്മാരാണു യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍, സഊദി അറേബ്യ മുതിര്‍ന്ന വിദേശകാര്യ മന്ത്രിയെയാണ് അയച്ചത്. ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ എന്നിവയുടെ അത്ര പ്രമുഖരല്ലാത്ത മന്ത്രിമാരും പങ്കെടുത്തു. ലോകത്തെ അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ പ്രതീകമാണ് ഫലസ്തീനികളെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. ''ലക്ഷക്കണക്കിനു ജനങ്ങള്‍ പാര്‍ക്കുന്ന വലിയ കോണ്‍സണ്‍ട്രേഷന്‍ ക്യാംപായി മാറിയിരിക്കുകയാണ് ഗസ്സ. യാത്ര ചെയ്യാനും വിദ്യാഭ്യാസം നേടാനും ചികിത്സ തേടാനും ജോലി നേടാനുമൊക്കെയുള്ള അടിസ്ഥാന അവകാശങ്ങള്‍ അവര്‍ക്കു നിഷേധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍, അവരുടെ മക്കള്‍ ആയുധം കൈയിലെടുത്താല്‍ അവര്‍ ഭീകരവാദികളായി മാറും. സമാധാനപരമായ പ്രതിഷേധിച്ചാല്‍ അവരെ തീവ്രവാദികളെന്നു വിളിക്കും''-ഖത്തര്‍ അമീര്‍ കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനികളുടെ പ്രതിരോധത്തെ പിന്തുണക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ആവശ്യപ്പെട്ടു. അമേരിക്കയ്ക്കും ഇസ്‌റാഈലിനുമെതിരേ സാമ്പത്തിക-രാഷ്ട്രീയ ഉപരോധത്തിന് മുസ്‌ലിം രാജ്യങ്ങള്‍ സന്നദ്ധമാകണമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."