വൈറലായി വിജിലന്‍സ് ഫേസ്ബുക്ക് കൂട്ടായ്മ
ആലപ്പുഴ: അഴിമതിയില്ലാത്ത സമൂഹ സൃഷ്ടിക്കായി വിജിലന്‍സ് തുടങ്ങിയ ഫേസ്ബുക്ക് കൂട്ടായ്മ ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ഹിറ്റായി. നാടു നന്നാക്കാന്‍ കൂടെ കൂടുന്നോ എന്ന ഫേസ്ബുക്ക് കൂട്ടായ്മയില്‍ ഇതിനകം 16000 പേര്‍ അണിനിരന്നു കഴിഞ്ഞു. വിജിലന്‍സിന്റെ ഗവേഷണ പരിശീലന വിഭാഗത്തിന്റെ ആലപ്പുഴ ഓഫിസാണ് ഫേസ്ബുക്ക് കൂട്ടായമയ്ക്ക് തുടക്കമിട്ടത്.
സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുസേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പൊതുജനം നേരിടുന്ന പ്രശ്‌നങ്ങള്‍, അവര്‍ക്ക് ലഭിക്കുന്ന മികച്ച സേവനങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവയെല്ലാം ഫേസ്ബുക്ക് കൂട്ടായ്മ പങ്കുവയ്ക്കുന്നു. അഴിമതി കേസുകള്‍ പിടിക്കുക എന്നതിനപ്പുറം മികച്ച സേവനം കാഴ്ചവയ്ക്കുന്നവയെ ഗുഡ് ഗവേണന്‍സ് മാതൃകയായി ഉയര്‍ത്തികൊണ്ടു വരാനും ഗവേഷണപരിശീലനം വിഭാഗം ലക്ഷ്യമിടുന്നു.ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായ സര്‍വേയും നടത്തി വരുന്നു. അന്ത്യഘട്ടത്തിലായ സര്‍വേ ഫലം അടുത്തു തന്നെ വിജിലന്‍സ് മേധാവിക്ക് സമര്‍പ്പിക്കും. തുടര്‍ന്നായിരിക്കും ഫലം പ്രസിദ്ധീകരിക്കുക.
സര്‍വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ വിശകലനം ചെയ്തു വരികയാണ്. സാമ്പിള്‍ സര്‍വേയില്‍ ധാരാളം പേര്‍ പങ്കാളിയാകുന്നുണ്ടെങ്കിലും വിശദമായി ഫോറം പൂരിപ്പിച്ചു നല്‍കാന്‍ പലരും വിമുഖത കാണിക്കുന്നുണ്ട്.
ഇത് തരണം ചെയ്യാനും പൊതു ജനവബോധം വളര്‍ത്താനും ബോധവല്‍കരണ ക്ലാസുകള്‍ നടത്താന്‍ ഗവേഷണ വിഭാഗം തയാറെടുക്കുകയാണ്.
മികച്ച നിലയില്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കുന്ന ഓഫിസുകളെ പൊതുജന മധ്യത്തില്‍ ഉയര്‍ത്തി കാട്ടാനും ഫേസ്ബുക്ക് കൂട്ടായ്മ ശ്രമിക്കുന്നു. ജനജീവിതത്തെ ബാധിച്ച അഴിമതിക്കെതിരേയുള്ള രൂക്ഷമായ അഭിപ്രായ പ്രകടനങ്ങളാല്‍ സജീവമാണിവിടം. പക്വമായ സമീപനത്തോടെ കാര്യങ്ങളെ നോക്കികാണണമെന്ന അഭ്യര്‍ഥനയുമുണ്ട്. വ്യക്തി ഹത്യയും മറ്റും കര്‍ശനമായി ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."