എസ്.എസ്.എല്‍.സി പരീക്ഷാ പേപ്പറുകള്‍ സ്‌കൂളില്‍ നിന്ന് മോഷ്ടിച്ചു
പൂച്ചാക്കല്‍: എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഉപയോഗിക്കുന്ന പേപ്പറുകള്‍ സ്‌കൂളില്‍ നിന്ന് മോഷണം പോയി. തൈക്കാട്ടുശേരി എസ്.എം.എസ്.ജെ സ്‌കൂളിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇന്നലെ രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയ ജീവനക്കാരാണ് ആദ്യമറിയുന്നത്.
സ്‌കൂളിന്റെ ഓഫിസ് മുറിയുടെ വാതിലിന്റെ താഴ് തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. എസ്.എസ്.എല്‍.സി പരിക്ഷക്ക് വിദ്യാര്‍ഥികള്‍ ഉത്തരമെഴുതേണ്ട ശൂന്യ കടലാസുകള്‍ (അഡീഷണല്‍ ഷീറ്റ്) ആണ് മോഷ്ടിച്ചത്.
അലമാരയുടെ താഴ് തകര്‍ത്താണ് മോഷണം നടത്തിയത്. അമ്പതോളം കടലാസുള്ള ഒരു കെട്ടാണ് നഷ്ടപ്പെട്ടത്. അതില്‍ സ്‌കൂളിന്റെ മോണോഗ്രാമുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ അവരുടെ രജിസ്റ്റര്‍ നമ്പര്‍, വിഷയം തുടങ്ങിയവ എഴുതുന്ന പ്രധാന കടലാസുകള്‍ നഷ്ടപ്പെട്ടിട്ടില്ല. എസ്.എസ്.എല്‍.സി പരിക്ഷാ ആവശ്യത്തിന് ഉപയോഗിക്കുന്ന അലമാരയുടെ താഴും താക്കോലും വിദ്യാഭ്യാസ വകുപ്പില്‍ നിന്നാണ് നല്‍കുന്നത്.
ഇതിനു സമീപത്തെ അലമാരയുടെ താഴും പൊളിച്ച് സാധനങ്ങള്‍ വലിച്ചുവാരിയിടുകയും എല്ലാമുറികളുടെയും താക്കോലുകള്‍ അടങ്ങുന്ന താക്കോല്‍ കൂട്ടം മോഷ്ടിക്കുകയും ചെയ്തു. ഇത് പിന്നീട് സ്‌കൂളിനു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രഥമാധ്യാപകന്റെ മേശവലിപ്പ് തകര്‍ത്ത് അതിലുണ്ടായിരുന്ന അഞ്ഞൂറോളം രൂപയും മോഷ്ടിക്കപ്പെട്ടു.
പൂച്ചാക്കല്‍ പൊലിസും ആലപ്പുഴയില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്‌കൂള്‍ ജീവനക്കാരുടെ കൂടാതെയുള്ള വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പൊലിസ് നായയെത്തി മോഷണം നടന്ന മുറിയില്‍ നിന്നും മണം പിടിച്ചു സ്‌കൂളിനു പടിഞ്ഞാറ് മതില്‍ഭാഗത്ത് എത്തി നിന്നു. ഉത്തരമെഴുതാനുള്ള കടലാസുകള്‍ നഷ്ടപ്പെട്ടതിനാല്‍ വിദ്യാര്‍ഥികളില്‍ നിന്നും ലഭിക്കുന്ന ഉത്തര കടലാസുകളില്‍ സൂഷ്മ പരിശോധന നടത്തണമെന്ന് പൊലിസ് സ്‌കൂള്‍ അധികൃതരെ അറിയിച്ചു. ഉത്തരമെഴുതാന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന കടലാസില്‍ മോണോഗ്രാം, പരീക്ഷ ഇന്‍വിജിലേറ്ററുടെ ഒപ്പ് തുടങ്ങിയവയുണ്ടാകും. ഇവ തിരിച്ചുകിട്ടുമ്പോള്‍ അതതു ഇന്‍വിജിലേറ്ററുടെ ഒപ്പാണോ, സ്‌കൂള്‍ മോണോഗ്രാമാണോ എന്നു മുഴുവന്‍ പരീക്ഷകള്‍ക്കും നോക്കണമെന്നാണ് നിര്‍ദേശമെന്ന് പൂച്ചാക്കല്‍ എസ്.ഐ ജേക്കബ് രാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."