സര്‍ക്കാര്‍ വിരുദ്ധ പൊലിസുകാര്‍ സേനയില്‍: കോടിയേരി
കണ്ണൂര്‍: പൊലിസ് ആക്ടിനും സര്‍ക്കാര്‍ നയത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചില പൊലിസുകാര്‍ സേനയിലുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂനിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പൊലിസുകാര്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. ഇതാണ് വരാപ്പുഴ സംഭവത്തില്‍ കണ്ടത്. കസ്റ്റഡി മരണക്കേസില്‍ കൊലക്കുറ്റമായ 302ാം വകുപ്പനുസരിച്ചാണു പൊലിസുകാര്‍ക്കെതിരേ കേസെടുത്തത്. ഇതു മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച സമീപനത്തിനു വിഭിന്നമാണ്. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമാണ്.
ഏതു പ്രശ്‌നത്തിലും മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നത് ബോധപൂര്‍വ ശ്രമത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇടതുസര്‍ക്കാരിനെതിരേ ഒരുകൂട്ടം മാധ്യമങ്ങളെ ഉപയോഗിച്ച് ശത്രുവര്‍ഗം പ്രചാരണം നടത്തുകയാണെന്നും കോടിയേരി ആരോപിച്ചു.
പുതിയ മാനദണ്ഡങ്ങളും കീഴ്‌വഴക്കങ്ങളും സൃഷ്ടിച്ച് ബി.ജെ.പി ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. 2011ല്‍ യു.ഡി.എഫിനേക്കാള്‍ മൂന്നുസീറ്റ് കുറഞ്ഞ് അധികാരത്തില്‍നിന്നു പുറത്തായപ്പോള്‍ വേണമെങ്കില്‍ മൂന്നുപേരെ കൂട്ടി എല്‍.ഡി.എഫിനു ഭരണം പിടിക്കാമായിരുന്നു.
രാഷ്ട്രീയ സത്യസന്ധത പുലര്‍ത്തുന്നതുകൊണ്ടാണ് അന്നു പ്രതിപക്ഷത്തിരുന്നതെന്നും കോടിയേരി വ്യക്തമാക്കി. വി. സുരേഷ് കുമാര്‍ അധ്യക്ഷനായി. സമ്മേളനം നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."