ഇടുക്കിയിലെ എട്ട് വില്ലേജുകളില്‍ വൈദ്യുതി ലഭിക്കുന്നതിനുള്ള തടസം നീക്കി
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ എട്ടുവില്ലേജുകളില്‍ വൈദ്യുതി ലഭിക്കുന്നതിനുള്ള തടസം നീക്കി സര്‍ക്കാര്‍ ഉത്തരവ്. കണ്ണന്‍ ദേവന്‍, ബൈസല്‍ വാലി, ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍, ആനവിലാസം എന്നീ വില്ലേജുകളില്‍ വൈദ്യുതി കണക്ഷനുകള്‍ നല്‍കാന്‍ ദേവികുളം സബ്കലക്ടര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ റദ്ദാക്കി.
സമ്പൂര്‍ണ വൈദ്യുതീകരണം നേടിയ സംസ്ഥാനത്ത് ഇടുക്കിയിലെ ചില പ്രദേശങ്ങളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് റവന്യൂ ഉദ്യോഗസ്ഥര്‍ തടസം സൃഷ്ടിക്കുന്നതായി തദ്ദേശവാസികള്‍ മന്ത്രി എം.എം മണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇതനുസരിച്ച് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ റവന്യൂവകുപ്പില്‍നിന്ന് ഇനിമുതല്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ട കാര്യമില്ല. അതേസമയം വൈദ്യുതി കണക്ഷന്‍ നല്‍കിയിരിക്കുന്നത് കൈയേറ്റ ഭൂമിയിലാണ് എന്ന് ഭാവിയില്‍ തെളിഞ്ഞാല്‍ വൈദ്യുതി ബോര്‍ഡിന് സ്വന്തം ചെലവില്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ അനുവാദം ഉണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."