കേന്ദ്രം പൊതുമേഖലാ ബാങ്കുകളെ നഷ്ടത്തിലേക്കു തള്ളിവിടുന്നു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളെ ബോധപൂര്‍വം നഷ്ടത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനാ നേതാക്കള്‍. നഷ്ടത്തിലാണെന്നു വരുത്തി സ്വകാര്യവല്‍കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും സ്‌റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂനിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ വലിയ ലാഭമുണ്ടാക്കിയിട്ടുണ്ട്. 2011 ഏപ്രില്‍ ഒന്നു മുതല്‍ 2017 മാര്‍ച്ച് 31 വരെ 7,95,504 കോടി രൂപയാണ് ബാങ്കുകള്‍ പ്രവര്‍ത്തന മൂലധനമായി നേടിയത്. കോര്‍പറേറ്റ് വായ്പകള്‍ കിട്ടാക്കടങ്ങളായി ദുര്‍വ്യാഖ്യാനിച്ച് പിരിച്ചെടുക്കാതിരിക്കുകയും തുടര്‍ന്ന് എഴുതിത്തള്ളുകയും ചെയ്യുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തുടര്‍ന്ന് കോടിക്കണക്കിനു രൂപ പ്രവര്‍ത്തനലാഭം കൈവരിക്കുന്ന ബാങ്കുകള്‍ പ്രഖ്യാപിത നഷ്ടത്തില്‍ കണക്കുകള്‍ ക്ലോസ് ചെയ്യേണ്ട ദുരവസ്ഥയിലാണ്.
ബാങ്കിന്റെ തകര്‍ച്ചയ്ക്കുത്തരവാദികളായവര്‍ക്കു തന്നെ ബാങ്കിന്റെ നിയന്ത്രണം ഏല്‍പിച്ചുകൊടുക്കുന്ന നടപടിയായിരിക്കുമിത്. കഴിഞ്ഞ ദശകങ്ങളില്‍ വികസിത രാജ്യങ്ങളെയാകെ, പ്രത്യേകിച്ച് അമേരിക്കയെ പിടിച്ചുലച്ച സാമ്പത്തിക തകര്‍ച്ചയും മാന്ദ്യവും ഇന്ത്യയെ ബാധിക്കാതിരുന്നതിനു കാരണം സമ്പദ് വ്യവസ്ഥയില്‍ പൊതുമേഖലാ ബാങ്കുകള്‍ക്കുള്ള നിര്‍ണായക സ്ഥാനമാണെന്ന് വ്യക്തമായതാണ്. ഇന്ത്യയ്ക്കു സമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന കൊറിയ അടക്കമുള്ള എഷ്യന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നേരത്തെ തന്നെ ബാങ്കിങ് വ്യവസായവും സാമ്പത്തിക വ്യവസ്ഥയും തകര്‍ച്ചയെ നേരിട്ടതു വിസ്മരിക്കാനാവില്ല.
വികസിത, വികസ്വര രാജ്യങ്ങളെയാകെ ബാധിച്ച സാമ്പത്തിക അരാജകത്വത്തില്‍ നിന്ന് ഇന്ത്യയെ നല്ലൊരളവില്‍ രക്ഷിച്ചെടുത്തത് പൊതുമേഖലാ ബാങ്കുകളാണെന്നും യൂനിയന്റെ കേരള സര്‍ക്കിള്‍ പ്രസിഡന്റ് ഫിലിപ്പ് കോശിയും ജനറല്‍ സെക്രട്ടറി എ.ജയകുമാറും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."