മോദിയെന്നാല്‍ അഴിമതി: രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. മോദിയെന്നാല്‍ അഴിമതിയാണെന്ന് രാഹുല്‍ പറഞ്ഞു. അഴിമതിക്കെതിരേ പ്രസംഗിക്കുന്ന മോദി കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിന് ശ്രമിച്ചു. ഭരണഘടനാ സംവിധാനങ്ങളേക്കാള്‍ മുകളിലാണ് പ്രധാനമന്ത്രിയെന്ന് മോദി ധരിക്കുകയാണ്. ഇന്ത്യയില്‍ ജനങ്ങളാണ് വലുത്. കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
അനുഭവത്തില്‍ നിന്നും പാഠം പഠിക്കണം. മോദി മോഡല്‍ നേതൃത്വം ജനാധിപത്യവിരുദ്ധമാണ്. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെക്കാളും ഭരണഘടനാ സ്ഥാപനങ്ങളെക്കാളും മുകളില്‍ അല്ലെന്ന് മനസിലാക്കണമെന്നും രാഹുല്‍ ആവര്‍ത്തിച്ചു. കര്‍ണാടക വിധാന്‍ സഭയില്‍ യെദ്യൂരപ്പയുടെ രാജിക്കുശേഷം ഉയര്‍ന്ന ദേശീയഗാനത്തോട് സ്പീക്കറും ബി.ജെ.പി എം.എല്‍.എമാരും കാണിച്ച അനാദരവ് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ സംസാരിച്ച് തുടങ്ങിയത്.
ബി.ജെ.പിയും ആര്‍.എസ്.എസും ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയും അപമാനിക്കുകയുമാണ്. കര്‍ണാടകയിലെ അനുഭവം അവര്‍ക്ക് പാഠമാണ്. അഴിമതിക്കെതിരായി സംസാരിച്ച മോദി തന്നെ എം.എല്‍.എമാരെ വാങ്ങുന്നതിന് നേതൃത്വം നല്‍കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഭരണഘടനാ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള ആര്‍.എസ്.എസ് ആക്രമണങ്ങള്‍ക്ക് എതിരേ ഒറ്റക്കെട്ടായ പ്രതിപക്ഷ പോരാട്ടം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ അധികാരത്തില്‍ എത്തുമെന്നായതോടെ എ.ഐ.സി.സി ആസ്ഥാനത്ത് ആഘോഷവും ഒരുക്കിയിരുന്നു.
പ്രതിസന്ധിക്കിടെ കോണ്‍ഗ്രസിനെ നയിച്ചത് ഗുലാംനബി
ബംഗളൂരു: കര്‍ണാടകയിലെ അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കിടെ കോണ്‍ഗ്രസിനെ നയിച്ചത് ഗുലാംനബി ആസാദ്. വിശ്വാസവോട്ടെടുപ്പുണ്ടായാല്‍ അതിനെ മറികടക്കാനാവുമോയെന്ന കാര്യത്തില്‍ അവസാനം വരെ കോണ്‍ഗ്രസിനും സംശയമായിരുന്നു.
എം.എല്‍.എമാര്‍ മറുകണ്ടം ചാടുമോ എന്ന ഭയം എപ്പോഴും നിലനിന്നു. അവസാന മണിക്കൂറുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് തങ്ങളുടെ എം.എല്‍.എമാര്‍ വഞ്ചിക്കില്ലെന്ന വിശ്വാസം ഉണ്ടായത്. ജെ.ഡി.എസ് നേതാവ് എച്ച്.ഡി ദേവഗൗഡയുമായി അടുത്ത ആത്മബന്ധം പുലര്‍ത്തുന്ന നേതാവുകൂടിയായ ഗുലാം നബിയുടെ സാന്നിധ്യമായിരുന്നു കോണ്‍ഗ്രസിനെ നാണക്കേടില്‍ നിന്നും കരകയറ്റിയത്.
യെദ്യൂരപ്പയുടെ രാജിക്കു പിന്നാലെ എം.എല്‍.എ മാരെയും പ്രവര്‍ത്തകരെയുമെല്ലാം അദ്ദേഹം അഭിനന്ദിച്ചു.
കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാര്‍ക്കും സ്വതന്ത്രര്‍ക്കും ബി.എസ്. പിയുടെ എം.എല്‍.എയ്ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ പാര്‍ട്ടി തത്വങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനും ഒപ്പം നിന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ഡി.കെ; കര്‍ണാടകയിലെ ചാണക്യന്‍
ബംഗളൂരു: രാജ്യം ഉറ്റു നോക്കിയ ഒരു തെരഞ്ഞെടുപ്പും അതിന്റെ ഫലപ്രഖ്യാപനത്തോടെയുണ്ടായ സംഭവവികാസങ്ങളും കര്‍ണാടകയെയും ബംഗളൂരുവിനെയും ശ്രദ്ധേയമാക്കി. കര്‍ണാടകയിലെ കാര്യങ്ങള്‍ ഇപ്പോഴത്തെ അവസ്ഥയിലെത്തിക്കുന്നതില്‍ പ്രധാന ചരടുവലികള്‍ നടത്തിയതാരെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം മാത്രമാണിപ്പോള്‍ കേള്‍ക്കുന്നത്.
അത് ഡി.കെ എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെടുന്ന ഡി.കെ ശിവകുമാര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാണക്യനായ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത്ഷായെ പൊളിച്ചടുക്കിയാണ് ഡി.കെ രംഗത്തെത്തിയത്.
കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് കര്‍ണാടകയില്‍ അധികാരത്തിലേറാന്‍ വഴിതെളിയിച്ചത് കോണ്‍ഗ്രസിന്റെ ഡി.കെ ശിവകുമാറിന്റെ തന്ത്രങ്ങളാണ്. മുന്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായ ഡി.കെ ശിവകുമാറിന്റെ ചടുലനീക്കങ്ങളാണ് അമിത്ഷായുടെ തുറുപ്പുചീട്ടുകളെ ഇല്ലാതാക്കിയത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ കോടികളുടെ ഓഫറും മന്ത്രിസ്ഥാനമടക്കമുള്ള വാഗ്ദാനങ്ങളുമായി ബി.ജെ.പി ഇറങ്ങിയപ്പോള്‍ ഇതിനെയെല്ലാം പ്രതിരോധിച്ച് എം.എല്‍.എമാരെ സുരക്ഷിതമായി റിസോര്‍ട്ടില്‍ പാര്‍പ്പിക്കുകയും ശക്തിതെളിയിക്കാന്‍ വിധാന്‍സൗധയിലുമെത്തിച്ച ഡി.കെയുടെ തന്ത്രങ്ങളാണ് അവസാന നിമിഷം കോണ്‍ഗ്രസിന് ശക്തി പകര്‍ന്നത്. കര്‍ണാടകയിലെ ബി.ജെ.പി രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന റെഡ്ഡി സഹോദന്‍മാരോട് പേരാടാന്‍ കോണ്‍ഗ്രസില്‍ കെല്‍പ്പുള്ള ഒരേയൊരാളാണ് ഡി.കെ.
അവസാന ഘട്ടംവരേ വട്ടം കളിപ്പിച്ച് രണ്ട് കോണ്‍ഗ്രസ് എം.എല്‍.എ മാര്‍
ബംഗളൂരു:ബെള്ളാരിയിലെ വിജയനഗരത്തില്‍ നിന്നുള്ള എം.എല്‍.എയായ ആനന്ദ് സിങ്, മസ്‌കിയില്‍ നിന്നുള്ള പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവര്‍ ഇന്നലെ അവസാനഘട്ടം വരേ നേതാക്കളെ വെള്ളം കുടിപ്പിച്ചു. രാവിലെ നടന്ന സത്യപ്രതിജ്ഞയ്ക്ക് എത്താതിരുന്ന രണ്ട് എം.എല്‍.എമാരെയും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് നിയമസഭയിലേക്ക് കൊണ്ടുവരികയായിരുന്നു.
സത്യപ്രതിജ്ഞാ സമയത്ത് ഇരുവരും ഹോട്ടല്‍ മുറിയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കാനായി കോണ്‍ഗ്രസ് നേതാവ് ഡി.കെ.സുരേഷും ജെ.ഡി.എസ് നേതാവ് രേവണ്ണയും മുറിയിലെത്തിയെങ്കിലും ഇവര്‍ വാതില്‍ തുറക്കാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. പിന്നീട് ഇരുവരേയും അനുനയിപ്പിക്കുകയായിരുന്നു. എം.എല്‍.എമാരെ കണ്ടെത്തുന്നതിന് പൊലിസും അന്വേഷണം തുടങ്ങിയിരുന്നു. എം.എല്‍.എമാരെ ബി.ജെ.പി തട്ടിക്കൊണ്ടുപോയെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെ തുടര്‍ന്നായിരുന്നു ഇത്. കമ്മിഷണര്‍ ടി.സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എം.എല്‍.എമാര്‍ താമസിച്ചിരുന്ന ഗോള്‍ഡ് ഫിഞ്ച് ഹോട്ടലലില്‍ പരിശോധനയും നടത്തി.ഇരുവരും പാര്‍ട്ടി വിപ്പ് ലംഘിക്കില്ലെന്ന് ഉറപ്പ് നല്‍കിയതായി നേതാക്കള്‍ വെളിപ്പെടുത്തുകയായിരുന്നു. അഞ്ച് അംഗങ്ങള്‍ വീതം ഒരുമിച്ചാണ് സഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. അതിനിടെ രണ്ട് സ്വതന്ത്രന്മാര്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പിയുടെ അംഗസംഖ്യ 106 ആയി. രാവിലെ11 മണിക്ക് പ്രോടെം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയുടെ അധ്യക്ഷതയിലാണ് സഭ സമ്മേളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."