കെ.എസ്.ഇ.ബിയില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: കെ.എസ്.ഇ.ബിയില്‍ വന്‍ തോതില്‍ തസ്തികകള്‍ വെട്ടികുറയ്ക്കാനൊരുങ്ങി സര്‍ക്കാര്‍. കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തന മികവ് വര്‍ധിപ്പിക്കുന്നതിന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച കോഴിക്കോട് ഐ.ഐ.എമ്മിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി.
2,000 സീനിയര്‍ അസിസ്റ്റന്റുമാരുടെയും 876 മീറ്റര്‍ റീഡര്‍മാരുടെയും തസ്തിക നിര്‍ത്തലാക്കും. കെ.എസ്.ഇ.ബിയില്‍ ഇപ്പോള്‍ 2,950 സീനിയര്‍ അസിസ്റ്റന്റുമാരുണ്ട്. മീറ്റര്‍ റീഡിങ് നേരിട്ട് ഓഫിസിലെ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുന്ന സംവിധാനം നിലവില്‍ വരുന്നതോടെ ഇതില്‍ 2,000 പേരെ ഒഴിവാക്കും. മീറ്റര്‍ റീഡര്‍ തസ്തിക തന്നെ ഒഴിവാക്കണമെന്നാണ് ഐ.ഐ.എം ശുപാര്‍ശ. ഈ തസ്തികയിലെ 876 ഒഴിവുകള്‍ നികത്തരുതെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. നിലവിലെ മീറ്റര്‍ റീഡര്‍മാരില്‍ ഡിപ്ലോമയോ തുല്യ യോഗ്യതയോ ഉള്ളവര്‍ക്കുമാത്രമെ സബ് എന്‍ജിനീയറായി സ്ഥാനക്കയറ്റം നല്‍കാവൂ. കൂടാതെ ഡ്രൈവര്‍, സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കണം, സ്ഥിരനിയമനം നിര്‍ത്തലാക്കണം.
ആശ്രിത നിയമനം നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കെ.എസ്.ഇ.ബിയില്‍ ആവശ്യമായ യോഗ്യതാ പരിശീലനം നേടാനായി നിര്‍ദിഷ്ട കാലയളവില്‍ വേതനത്തോട് കൂടിയ അവധി നല്‍കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉയര്‍ന്ന തുകയ്ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നടപ്പാക്കി ആശ്രിതനിയമനം ഉപേക്ഷിക്കണമെന്നും ഐ.ഐ.എം നിര്‍ദേശിച്ചിട്ടുണ്ട്. ഉദ്യോഗക്കയറ്റം മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം മതി. എ.എക്‌സ്.ഇമാരെ ഡിപ്ലോമ ക്വാട്ടവഴി എക്‌സിക്യൂട്ടിവ് എന്‍ജിനീയറാക്കുന്നത് നിര്‍ത്തണം.
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ മാത്രം സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമിക്കുന്ന കാര്യം പരിഗണിക്കുക. സിവില്‍ എന്‍ജീനിയറുടെ സേവനം പ്രയോജനപ്പെടുത്താനായി ഹൈഡല്‍ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കുക. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഫെയര്‍ കോപ്പി അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ് എന്നിവരുടെ ജോലികള്‍ സംയോജിപ്പിക്കുക. ആശ്രിത നിയമനം വഴി ഈ തസ്തികകളില്‍ നിയമനം വേണ്ടായെന്നും ഐ.ഐ.എം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സാങ്കേതിക വിഭാഗം ജീവനക്കാരുടെ കുറഞ്ഞ യോഗ്യത ഐ.ടി.ഐ ആക്കണമെന്നും നിലവിലുള്ള ജീവനക്കാര്‍ക്ക് ഐ.ടി.ഐ ലഭിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.പി.എസ്.സി വഴിയുള്ള നിയമനം അന്‍പതു ശതമാനമായി വര്‍ധിപ്പിക്കുക, ട്രെയിനിങ്ങ് സെന്ററിലെ അസിസ്റ്റന്റ് എന്‍ജിനീയറുടെ തസ്തികകകള്‍ രണ്ടില്‍ നിന്നും ഒന്നായി കുറക്കണം.
ഓരോ ജീവനക്കാരിലും അനിവാര്യമായ വൈദഗ്ധ്യം ഉണ്ടെന്ന് നിര്‍ണയിക്കുക, ഉയര്‍ന്ന തസ്തികകളില്‍ പിന്‍തുടര്‍ച്ചാ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയവയും ശുപാര്‍ശയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."