നമുക്ക് ഒരുമിച്ചു മുന്നേറാം
സ്‌നേഹം, സാഹോദര്യം, സഹാനുഭൂതി, സഹവര്‍ത്തിത്വം എന്നിവയുടെ അഭാവമാണ് മറ്റുള്ളവരെ അകറ്റിനിര്‍ത്താന്‍ പ്രേരകമാകുന്നത്. സ്‌നേഹം മരിക്കുന്നിടത്താണു തീവ്രവാദവും ഭീകരതയും തുടര്‍ന്നുള്ള ദുരിതങ്ങളും കൊടുംപിരികൊള്ളുന്നത്. യൂറോപ്യന്‍ ചരിത്രത്തില്‍ മതഭേദത്തിനതീതമായ സാഹോദര്യത്തിന്റെയും സ്‌നേഹോഷ്മളതയുടെയും കഥകള്‍ തീര്‍ത്ത കാലഘട്ടമായിരുന്നു 711 മുതല്‍ 1492 വരെയുള്ളത്.
സമാധാനത്തില്‍ അധിഷ്ഠിതമായ സാമൂഹ്യപുരോഗതി സാധ്യമാകുന്നതു വൈവിധ്യങ്ങളുടെ സംഗമത്തിലൂടെയാണെന്നു മധ്യകാല സ്‌പെയിന്‍ ഓര്‍മപ്പെടുത്തുന്നു. ഇസ്‌ലാം, ക്രൈസ്തവ, ജൂത മതാനുയായികള്‍ കൈകോര്‍ത്ത കാലഘട്ടത്തില്‍ സ്‌പെയിന്‍ ജ്വലിച്ചുനിന്നു. ശാസ്ത്രം, സാഹിത്യം, വൈജ്ഞാനികം,സാമൂഹ്യം, വൈദ്യശാസ്ത്രം, ഗോളശാസ്ത്രം തുടങ്ങിയ രംഗങ്ങളില്‍ വന്‍ കുതിപ്പുണ്ടായി.
'ലോകത്തിന്റെ അലങ്കാരം: മധ്യകാല സ്‌പെയിനില്‍ എങ്ങനെയാണു മുസ്‌ലിംകളും ജൂതരും ക്രിസ്ത്യാനികളും സഹിഷ്ണുതയുടെ സംസ്‌കാരം തീര്‍ത്തത് ' എന്ന പ്രശസ്തമായ പുസ്തകത്തില്‍ യേല്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ മരിയ റോസ എഴുതുന്നത് ഇപ്രകാരമാണ്: 'മതസഹിഷ്ണുതയുടെ സാധ്യമായ ബഹുസ്വരതയില്‍ ഊന്നിയിട്ടുള്ളതായിരുന്നു സ്‌പെയിനിന്റെ സംസ്‌കാരം.'
സ്‌പെയിന്‍ സന്ദര്‍ശനവേളകളില്‍ കൊര്‍ദോവയുടെയും ഗ്രാനഡയുടെയും തെരുവുകള്‍ എന്നെ പലപ്പോഴും ചിന്തയിലാഴ്ത്തിയിട്ടുണ്ട്. കൊര്‍ദോവ പള്ളിയുടെയും അല്‍ഹംറ കൊട്ടാരത്തിന്റെയും ചുമരുകള്‍പോലെ ദൃഢമായിരുന്ന സൗഹാര്‍ദത്തിന്റ അടിത്തറകള്‍ ഇളകിയ കാഴ്ചകളാണു പിന്നീട് സ്‌പെയിനില്‍നിന്നുണ്ടായത്. മതവിശ്വാസവ്യത്യാസം അനാരോഗ്യകരമായ ചിന്തകളിലേയ്ക്കു വഴിമാറിയപ്പോള്‍ തകര്‍ന്നത് എട്ടുനൂറ്റാണ്ടോളം തിളങ്ങിനിന്ന ഏകതയുടെ സംസ്‌കാരമാണ്.
സ്‌പെയിനിനു സമാനമായ ചരിത്രം കേരളത്തിനും പറയാനുണ്ട്. സാമൂതിരിയുടെ കാലത്തു നിലനിന്ന മതസൗഹാര്‍ദത്തിന്റെ കഥകള്‍. ഇസ്‌ലാം മതവിശ്വാസികളായ അറബികള്‍ കച്ചവടാവശ്യാര്‍ത്ഥം വന്നപ്പോള്‍ ആര്‍ദ്രതയോടെയാണു സാമൂതിരിയും അനുയായികളും സ്വീകരിച്ചത്. മുസ്‌ലിം ആരാധനാലയങ്ങള്‍ പണിയാന്‍ സൗകര്യങ്ങളൊരുക്കി. കൊടുങ്ങല്ലൂരിലെ ചേരമാന്‍പള്ളിയും കാസര്‍കോട്ടെ മാലിക് ദീനാര്‍പള്ളിയും വളപട്ടണംപള്ളിയും മറ്റും മുഴക്കുന്ന ബാങ്കൊലികള്‍ക്ക് ഇന്നും പഴമയുടെ സ്‌നേഹത്തിന്റെയു സൗഹാര്‍ദത്തിന്റെയും മൂല്യമുണ്ട്. അന്നു സ്‌നേഹത്തിനു മുന്നില്‍ മതങ്ങള്‍ വേലിക്കെട്ടു തീര്‍ത്തിരുന്നില്ല.
സ്‌പെയിനിലും കേരളത്തിലും സാധ്യമായിരുന്ന നാനാ ജാതി,മത,ഭാഷാസംഗമത്തിന്റെ വീണ്ടെടുപ്പാണു നമുക്കു വേണ്ടത്. ഓരോ ഭാരതീയനും സ്‌നേഹവും സമാധാനവും രുചിച്ചു ജീവിക്കണം. അസഹിഷ്ണുതയുടെ പേരില്‍ ഇനിയും രക്തം ചിന്താന്‍ അനുവദിച്ചുകൂടാ. സമാധാനമാഗ്രഹിക്കാത്തവരായി ആരുമില്ല. കണ്ണീരും രക്തംചൊരിയലും മനുഷ്യനു വെറുപ്പാണ്. എന്നിട്ടും, ബന്ധങ്ങള്‍ ശിഥിലീകരിക്കപ്പെടുകയും സ്‌നേഹം മരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ജനം സ്വയംമാറുന്നതുവരെ ഒരു സമുദായത്തെയും ദൈവം മാറ്റുകയില്ലെന്ന ഖുര്‍ആന്‍ വചനത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് സാമൂഹ്യപുരോഗതിക്ക് അനുകൂലമായ പരിവര്‍ത്തനത്തിനു നാം തയാറാകണം.
ഈ സാഹചര്യത്തിലാണ് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി ലാകോന്‍വിവെന്‍സിയ എന്ന പേരില്‍ പ്രചാരണപരിപാടി ആരംഭിക്കുന്നത്. 'വരൂ.., നമുക്കൊരുമിച്ചിരിക്കാം, ഒരുമിച്ചു ചിരിക്കാം, പരസ്പരം കൈകോര്‍ത്തു പിടിക്കാം, മതവും ജാതിയും രാഷ്ട്രീയവുമേതെന്നു നോക്കാതെ മൈത്രിയും മമതയും ആഘോഷിക്കപ്പെടണം. പരസ്പര വൈരുധ്യങ്ങളും ശത്രുതകളും തിരസ്‌കരിക്കപ്പെടണം.' എന്നതാണിതിന്റെ സന്ദേശം.
ലാകോന്‍വിവെന്‍സിയയുടെ ആദ്യ ചുവടായി ഇന്നു തിരുനാവായയില്‍ ജലസമ്മേളനം നടക്കും. ശുദ്ധജലം കേരളത്തില്‍ കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. കാലം കഴിയുന്തോറും വരള്‍ച്ച ശക്തമാകുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ പിടിയില്‍ നാടു ഞെരിഞ്ഞമരുന്നു. മഴകുറയുന്നതു മാത്രമല്ല ജലക്ഷാമത്തിനു കാരണം, നമ്മുടെ തെറ്റായ വിനിയോഗ രീതി കൊണ്ടുകൂടിയാണ്.
ജലസുരക്ഷയെക്കുറിച്ചു പറയുമ്പോള്‍ അതു പരിഹരിക്കാനുള്ള വന്‍ സാങ്കേതികസംവിധാനങ്ങളെക്കുറിച്ചാണു നാം ചിന്തിക്കുക. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കു നടപ്പാക്കാവുന്ന ചെലവുകുറഞ്ഞ ലളിത മാര്‍ഗങ്ങള്‍ കണക്കിലെടുക്കാറില്ല. മഴവെള്ളം, എത്ര കുറച്ചായാലും, ശേഖരിച്ചു വിവിധ മാര്‍ഗത്തിലൂടെ ഭൂഗര്‍ഭത്തിലേയ്‌ക്കെത്തിച്ചു അടിത്തട്ടിലെ ജലം സമ്പുഷ്ടമാക്കാനും അങ്ങനെ കുടിവെള്ളക്ഷാമം പരിഹരിക്കാനുമാകും. ഇതു പല നാട്ടിലും വിജയകരമായി നടപ്പാക്കുന്നുണ്ട്.
മഹാരാഷ്ട്രയില്‍ പാറ്റ്‌സ്, മധ്യപ്രദേശില്‍ ഹവേലി, ഉത്തരാഖണ്ഡില്‍ ഗള്‍സ്, ഹിമാചല്‍പ്രദേശില്‍ കുള്‍സ്, രാജസ്ഥാനില്‍ ജലാറസ്, നാഗാലാന്റില്‍ സാബോ, ഒറീസയില്‍ കാടസ് തുടങ്ങിയ പേരുകളില്‍ കണ്ടുവരുന്നത് ഇത്തരം ജലസംഭരണ,സംരക്ഷണ രീതികളാണ്. വികേന്ദ്രീകൃതമായ ഇത്തരം ജലസംഭരണികള്‍ അതതു സംസ്ഥാനങ്ങളിലെ നാട്ടറിവിന്റെ അടിസ്ഥാനത്തില്‍ ആവിഷ്‌കരിച്ചതാണ്. ഇത്തരം സംരംഭങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നമുക്കും സാധിക്കേണ്ടതുണ്ട്.
മനുഷ്യശരീരത്തില്‍ രക്തമെന്നപോലെയാണു ഭൂമിക്കു നദികള്‍. രക്തം അശുദ്ധമാവുകയോ കുറയുകയോ പ്രവാഹം നിലക്കുകയോ ചെയ്താല്‍ നാം രോഗികളായി മാറുന്നു. ഭൂമിയുടെ ഗതിയും അതുതന്നെയാണ്. എല്ലാ സംസ്‌കാരവും നദീതീരങ്ങളിലാണ് ആവിര്‍ഭവിച്ചതും പുഷ്പിച്ചതും. നദി നശിച്ചാല്‍ നാഗരികത മണ്ണടിയും.
ഗര്‍ഭപാത്രത്തിലെ ദ്രാവകത്തില്‍ കിടന്നാണു കുഞ്ഞു വളരുന്നത്. നാം ജീവിക്കുന്ന ഭൂമിയിലും 70 ശതമാനം ജലമാണ്. മറ്റു ഗ്രഹങ്ങളില്‍ ജീവികളുണ്ടോയെന്ന് അന്വേഷിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ ആദ്യം നോക്കുന്നത് അവിടെ ജലലഭ്യതയുണ്ടോ എന്നാണ്. നദിയെ മാതാവായി കരുതുന്നവരാണ് ഹൈന്ദവര്‍. മുസ്‌ലിംകള്‍ നമസ്‌കാരത്തിനായി അംഗശുദ്ധി വരുത്തുന്നതു ജലംകൊണ്ടാണ്. ക്രൈസ്തവര്‍ കുഞ്ഞുങ്ങളെ മാമോദീസ മുക്കുന്നതു ജലത്തിലാണ്. പുണ്യനദികളെക്കുറിച്ചു ഹൈന്ദവപ്രമാണങ്ങള്‍ പറയുന്നു. ഹജ്ജിനു പോകുന്നവര്‍ മടങ്ങിയെത്തുന്നതു സംസം ജലവുമായിട്ടാണ്.
ജലം ജീവന്റെ ആധാരമാണ്. കടലും നദികളും കായലുകളും കുളങ്ങളും മഴയുമൊക്കെ യഥാവിധി നിലനില്‍ക്കുകയും തുടരുകയും ചെയ്യുമ്പോള്‍ മാത്രമേ ജീവന്‍ ഉയിര്‍കൊള്ളുകയുള്ളൂ. ഭൂമിയിലെ പാഴ്ജലം പൂര്‍ണ്ണമായി ശുദ്ധീകരിക്കാന്‍ കോടാനുകോടികള്‍ ചെലവാക്കിയാലും നമുക്കാകില്ല. പ്രകൃതി അതു ഭംഗിയായി നിറവേറ്റുന്നു. പ്രകൃതിയെ നശിപ്പിച്ചാല്‍ ശുദ്ധജലവും ജീവിതവും ഇല്ലാതാകും.
വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു:'നിങ്ങള്‍ കുടിക്കാറുള്ള വെള്ളത്തെക്കുറിച്ച് എന്തുപറയുന്നു, നിങ്ങളാണോ മേഘത്തില്‍നിന്നു അതു താഴെയിറക്കിയത്, അല്ല നാമാണോ', 'പറയുക, നിങ്ങള്‍ക്കു ലഭ്യമായിക്കൊണ്ടിരിക്കുന്ന വെള്ളം താഴേക്ക് ഉള്‍വലിഞ്ഞാല്‍ നിങ്ങള്‍ക്കാര് ശുദ്ധജലം കൊണ്ടുതരും'
പ്രശ്‌നം ഗുരുതരമാണെന്നു നമുക്കറിയാം. എന്നിട്ടും, പരിഹാരമാര്‍ഗം കണ്ടെത്തുന്നില്ല. സമുദ്രജലം ശുദ്ധീകരിക്കണമെങ്കില്‍ വലിയതോതില്‍ ഊര്‍ജ്ജം വേണം. അതിനു വലിയ സാമ്പത്തികബാധ്യത വരും. ഉപയോഗിച്ച ജലം ശുദ്ധീകരിക്കാനും പണച്ചെലവേറും. ഇവയൊക്കെ സമ്പന്നരാജ്യങ്ങള്‍ക്കേ കഴിയൂ. നീര്‍ത്തടങ്ങള്‍ ശുദ്ധിയോടെ സംരക്ഷിച്ചാല്‍ പണച്ചെലവില്ലാതെ പ്രതിസന്ധി തരണംചെയ്യാനാകും. ഇതിനു വ്യക്തമായ ജലനയവും അതു നടപ്പിലാക്കാനുള്ള ഭരണകൂടത്തിന്റെയും ജനങ്ങളുടെയും ഇച്ഛാശക്തിയുമാണു പ്രധാനം.
(യൂത്ത് ലീഗ് സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."