വെള്ളക്കെട്ട് ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച കലുങ്കും കാനയും നോക്കുകുത്തിയാകുന്നു
വടക്കേകാട്: വെള്ളം ഒഴുകിപ്പോകാന്‍ മാര്‍ഗമില്ല, അഞ്ഞൂര്‍ സെന്ററില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ ചെലവിട്ട് കലുങ്കും കാനയും നിര്‍മിച്ചത് വെറുതെയാവുന്നു.
കലുങ്കില്‍ നിന്നു വെള്ളം ഒഴുകേണ്ട ചെറിയ തോട് പലയിടത്തും സ്വകാര്യ വ്യക്തികള്‍ കൈയേറി നികത്തിയ നിലയിലാണ്. ഈ തോട് പൂര്‍വ സ്ഥിതി ആക്കിയാലെ പദ്ധതികൊണ്ട് ഫലമുണ്ടാകൂ. ഇക്കാര്യത്തില്‍ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അഞ്ഞൂര്‍ സെന്ററില്‍ തൊഴിയൂര്‍ റോഡ് തിരിയുന്ന ഭാഗത്താണ് പ്രധാന കലുങ്ക് നിര്‍മിച്ചത്.
തൊഴിയൂര്‍ റോഡില്‍ 70 മീറ്ററും കുന്നംകുളം റോഡില്‍ 25 മീറ്റര്‍ കാനയും സ്ലാബും നിര്‍മിച്ചിട്ടുള്ളത്. മൂന്നര അടിയോളം താഴ്ച്ചയിലാണ് കാന കെട്ടിയത്. ഇവിടെ നിന്നു അഞ്ഞൂര്‍ സെന്ററിന് കിഴക്കുള്ള പെരുന്തോട്ടിലേക്ക് വെള്ളം ഒഴുകേണ്ട 300 മീറ്ററോളമുള്ള തോടാണ് കൈയേറിയും നികത്തിയും ഇല്ലാതായിട്ടുള്ളത്.
കലുങ്ക് നിര്‍മാണം മാത്രമെ തങ്ങളുടെ ചുമതലയുള്ളുവെന്നും തോട് നിര്‍മിക്കേണ്ടത് പഞ്ചായത്താണെന്നുമാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ഇക്കാര്യം പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ പഞ്ചായത്ത് ഇടപെട്ടിട്ടില്ല. ശുചിത്വ ഫണ്ടിലെ 10000 രൂപയേ ചെലവാക്കാനുള്ളൂ എന്നാണ് വാര്‍ഡ് മെംബര്‍ ഷൈനി മൈക്കില്‍ പറയുന്നത്.
മഴക്കാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇത്തവണയും അഞ്ഞൂര്‍ വെള്ളക്കെട്ടിലാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാരും വ്യാപാരികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."