ബാലഭിക്ഷാടനത്തിനെതിരേ നടപടി തുടങ്ങി
കണ്ണൂര്‍: നഗരം കേന്ദ്രീകരിച്ച് ബാലഭിക്ഷാടനം നടത്തുന്ന സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടപടി തുടങ്ങി. ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട രണ്ടു കുട്ടികളെയും ഇതിനു പ്രേരിപ്പിച്ച കുട്ടികളുടെ മാതാവിനെയുമാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ വനിതാ പൊലിസ് പിടികൂടിയത്. ഇന്നലെ രാവിലെ 10.30ഓടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നാണ് സംഘത്തെ പിടികൂടിയത്. ഏഴു വയസും ഒരു വയസും മാത്രം പ്രായമായ രണ്ടു പെണ്‍കുട്ടികളെയും ഇവരുടെ മാതാവായ രാജസ്ഥാന് ജെയ്പൂര്‍ സ്വദേശി രേഖ(34) എന്നിവരെയുമാണ് പിടികൂടിയത്. ഇവരെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പില്‍ ഹാജരാക്കി. രേഖകളും മറ്റും ഹാജരാക്കിയാല്‍ മാത്രമേ കുട്ടികളെ വിട്ടുനല്‍കുകയുള്ളൂവെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. കുട്ടികളെയും മാതാവിനെയും പിടികൂടിയതറിഞ്ഞ് രാജസ്ഥാനില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പൊലിസ് സ്റ്റേഷനു മുന്നിലെത്തി ബഹളം വച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പെരുമഴയത്ത് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ ഭിക്ഷാടനത്തിനിറങ്ങിയത് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇതര സംസ്ഥാനത്തു നിന്നെത്തുന്ന കുടുംബം നഗരത്തില്‍ തമ്പടിച്ചിട്ടുണ്ടെന്നും മാതാപിതാക്കള്‍ ഉള്ളവരാണെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. പിടികൂടിയാലും ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കാണിച്ച് ഇവര്‍ കുട്ടികളെ ഇറക്കികൊണ്ടുപോവുന്ന സ്ഥിതിയുണ്ട്. പിന്നീട് വീണ്ടും ഭിക്ഷാടനം തുടരും. റമദാന് പ്രമാണിച്ച് നഗരത്തില്‍ തിരക്കു കൂടി വരുന്നതോടെയാണ് കുട്ടികളെ ഉപയോഗിച്ചുള്ള ഭിക്ഷാടനം തകൃതിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."