ദേശീയപാത വികസനം സര്‍വേ നടപടികള്‍ പുനരാരംഭിക്കുന്നു
മലപ്പുറം: ജില്ലയിലെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ പുനരാരംഭിക്കുമെന്നു ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി. നിലവിലുള്ള പാത നാലുവരിയാക്കുന്നതിന്റെ ഭാഗമായി കലക്ടര്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുക്കുന്നതിനായി ജില്ലയില്‍ നേരത്തെ മൂന്നു തവണ ത്രി എ വിജ്ഞാപനം ഇറക്കിയിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധം കാരണം നടക്കാതെ പോവുകയായിരുന്നു. സര്‍വേ നടപടികള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ആദ്യപടിയായി ത്രി എ വിജ്ഞാപനം വീണ്ടും ഇറക്കണം. വടക്ക് ഇടിമുഴിക്കല്‍ മുതല്‍ കിഴക്ക് പാലപ്പെട്ടി കാത്തരിക്കടവു വരെ ജില്ലയിലെ തിരൂരങ്ങാടി, കൊണ്ടോട്ടി, തിരൂര്‍, പൊന്നാനി താലൂക്കുകളിലായി 89 കിലോമീറ്റര്‍ ദൂരത്തിലാണു ഭൂമി ഏറ്റെടുക്കേണ്ടത്. ഇതില്‍ പൊന്നാനി താലൂക്കില്‍ കാത്തിരിക്കടവു മുതല്‍ കുറ്റിപ്പുറം പാലം വരെയുള്ള ഭാഗങ്ങളില്‍ സര്‍വേയും കല്ലിടലും മൂന്നു വര്‍ഷം മുമ്പേ പൂര്‍ത്തിയായിരുന്നു. കൃത്യസമയത്തു തന്നെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഇവിടെ ഉള്‍പ്പെടെ വീണ്ടും ത്രി എ വിജ്ഞാപനം ഇറക്കേണ്ടിവരും എന്നാണു കരുതുന്നത്.
നേരത്തെ 2009 ലാണു ജില്ലയില്‍ ആദ്യ ത്രി എ വിജ്ഞാപനം ഇറങ്ങിയത്. തുടര്‍ന്നു 2011 ലും 2012 ഡിസംബറിലും ത്രി എ വിജ്ഞാപനം ഇറക്കിയെങ്കിലും ഭൂമി ഏറ്റെടുക്കാനായിരുന്നില്ല. 2013 ഡിസംബറിലാണു മൂന്നാമത് ത്രി എ വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞത്. ഇതിനു പിന്നാലെ 2014 ഓഗസ്തില്‍ ദേശീയ അതോറിറ്റിയും പിന്മാറിയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണു ദേശീയപാത വികസനം വീണ്ടും ചര്‍ച്ചയായത്. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കലക്ടര്‍മാര്‍, മറ്റു റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരാണു പങ്കെടുത്തത്.
ജില്ലയിലാകെ ഒരു ത്രി എ വിജ്ഞാപനം ഇറക്കുന്നതിനു പകരം ഒരോ പ്രദേശങ്ങളിലേക്കും പ്രത്യേക ത്രി എ വിജ്ഞാപനം ഇറക്കാമെന്ന തന്ത്രമാണു ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ വിവരങ്ങള്‍ കാണിച്ചുകൊണ്ടുള്ള ത്രി എ വിജ്ഞാപനമാണ് ആദ്യം വരുന്നത്. ഭൂമിയുടെ സര്‍വേ നമ്പര്‍, ഭൂമി പുരയിടമാണോ, പുറമ്പോക്കാണോ തുടങ്ങിയ കാര്യങ്ങളാണു ത്രി എ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്നത്.
ഇതിനു പിന്നാലെ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് 21 ദിവസത്തിനകം പരാതി ബോധിപ്പിക്കാനുള്ള അവസരവും നല്‍കും. ഇരകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ ബോധിപ്പിക്കാനുള്ള അവസരവും ഈ ഘട്ടത്തില്‍ ലഭ്യമാവും. ഇതിനു ശേഷം അളവെടുപ്പു നടത്തി കല്ലിടും.
തുടര്‍ന്നു സര്‍വേ നടത്തിയ ഭൂമി സംബന്ധിച്ച വിവരങ്ങള്‍, അതില്‍ സ്ഥിതി ചെയ്യുന്ന വസ്തുക്കള്‍, ന്യായ വില എന്നിവ ഉള്‍പ്പെടുത്തി ത്രി ഡി വിജ്ഞാപനം ഇറക്കുന്നതോടെയാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുക. ജനങ്ങളുടെ എതിര്‍പ്പ് കുറവുള്ള പ്രദേശങ്ങളില്‍ വേഗത്തില്‍ ത്രി എ ഇറക്കി അതതു പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."