വ്യാപാരയുദ്ധം അവസാനിപ്പിച്ചു
ബെയ്ജിങ്: ആഴ്ചകളായി അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ തുടരുന്ന വ്യാപാരയുദ്ധത്തിന് അറുതിയാകുന്നു. ഏതുതരത്തിലുമുള്ള വ്യാപാരയുദ്ധവും ഉപേക്ഷിക്കാന്‍ തീരുമാനിച്ച ഇരുരാജ്യങ്ങളും പരസ്പരം ചുമത്തിയ അമിതതീരുവ എടുത്തൊഴുവാക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമമാണു വാര്‍ത്ത പുറത്തുവിട്ടത്.
ഇന്നലെ അമേരിക്കയില്‍ ചേര്‍ന്ന ഇരുരാജ്യങ്ങളുടെയും ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ലിയു ഹെ ആണ് ചൈനീസ് സംഘത്തെ നയിച്ചത്. അമേരിക്കന്‍ സംഘത്തിന് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിനും നേതൃത്വം നല്‍കി. ആഴ്ചകള്‍ക്കു മുന്‍പ് നൂച്ചിനിന്റെ നേതൃത്വത്തിലുള്ള ഉന്നതതല അമേരിക്കന്‍ സംഘം ബെയ്ജിങ്ങിലെത്തി ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരുവിഭാഗവും അനുരഞ്ജനത്തിലെത്തിയതായും ഒരു തരത്തിലുമുള്ള യുദ്ധവുമായി മുന്നോട്ടുപോകില്ലെന്നു തീരുമാനമായതായും ലിയു ഹെ അറിയിച്ചു. പരസ്പരം തീരുവ വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കുമെന്നും എന്നാല്‍ ഇരുകക്ഷികളും തമ്മില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ഒറ്റ ദിവസം കൊണ്ട് തീരുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-വ്യാപാരബന്ധങ്ങളില്‍ നിലനില്‍ക്കുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദിവസങ്ങളെടുക്കും-ലിയു പറഞ്ഞു. അമേരിക്കയില്‍നിന്ന് കൂടുതല്‍ ചരക്കുകള്‍ ഇറക്കുമതി ചെയ്യുമെന്ന് നേരത്തെ വാഷിങ്ടണില്‍ വച്ചു നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ലിയു അറിയിച്ചിരുന്നു.
ഏപ്രില്‍ നാലിനാണ് 1,300ഓളം ചൈനീസ് ചരക്കുകള്‍ക്ക് 25 ശതമാനം തീരുവ ചുമത്തി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. അമേരിക്കയ്ക്ക് ചൈനയ്ക്കു നല്‍കാനുള്ള കോടികളുടെ കടബാധ്യത ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇത്തരമൊരു നടപടിയിലേക്കു നീങ്ങിയത്.
ഇത്ര വലിയ സാമ്പത്തിക ബാധ്യത യു.എസ് ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും ശതകോടികള്‍ വിലമതിക്കുന്ന ചൈനീസ് ചരക്കുകള്‍ക്ക് തീരുവ ചുമത്താതെ മുന്നോട്ടുപോകാനാകില്ലെന്നുമായിരുന്നു ട്രംപ് വ്യക്തമാക്കിയത്. യു.എസ് നടപടിക്കു തിരിച്ചടിയായി നൂറിലേറെ യു.എസ് ചരക്കുകള്‍ക്ക് ചൈനയും വന്‍തീരുവ ചുമത്തി. ഇതോടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം ഉടലെടുത്തത്.
കഴിഞ്ഞ വര്‍ഷം 375.2 ബില്യന്‍ ഡോളറിന്റെ കടം അമേരിക്ക ചൈനയ്ക്കു നല്‍കാനുണ്ടായിരുന്നു. 2020 ആകുമ്പോഴേക്കും ഈ ബാധ്യത 200 ബില്യന്‍ ഡോളറായി കുറച്ചുതരണമെന്ന് അമേരിക്ക ചൈനയോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്നലെ നടന്ന സംയുക്ത യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമായതായി വിവരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."