ബ്രോ ബാസ്‌കറ്റ് ബോള്‍ ഒന്നാംനിര അമേരിക്കന്‍ താരങ്ങള്‍ക്കും സുധീപാണ് 'ബോസ് '
ചെറുവത്തൂര്‍: അമേരിക്കന്‍ താരങ്ങള്‍ക്ക് ഉള്‍പ്പെടെ ബാസ്‌ക്കറ്റ് ബോളിന്റെ തന്ത്രങ്ങള്‍ പകര്‍ന്നു നല്‍കി ചെറുവത്തൂരില്‍ നിന്നൊരു പരിശീലകന്‍. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സുധീപ് ബോസാണു പരിശീലനരംഗത്തു തിളങ്ങുന്നത്. ഗോവയില്‍ സമാപിച്ച ബ്രോ ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളായ മുംബൈ ചലഞ്ചേഴ്‌സിന്റെ പരിശീലകന്‍ സുധീപ് ബോസ് ആയിരുന്നു. ലോകത്തിലെ ഒന്നാംനിര ബാസ്‌കറ്റ്‌ബോള്‍ ചാംപ്യന്‍ഷിപ്പായ എന്‍.ബി.എയിലെ മുന്‍നിര കളിക്കാരന്‍ അലക്‌സ സ്‌കേല്‍സിനെ ചാംപ്യന്‍ഷിപ്പിനു വേണ്ടി പരിശീലിപ്പിക്കാനായി എന്നതാണ് ഈ മലയാളിയുടെ മികച്ച നേട്ടം. സ്‌കേല്‍സിനു പുറമെ അന്തര്‍ദേശീയ താരം കാനഡയിലെ ഇന്റര്‍ഗില്‍, അമേരിക്കന്‍ താരം ജിര്‍മ്മീസ് സ്‌കന്റിങ്‌സ്, ക്യാപ്റ്റന്‍ ജഗദീത്ത് ബെയ്ന്‍സ് എന്നീ ഇന്റര്‍നാഷണല്‍ താരങ്ങളും മുംബൈ ചാലഞ്ചേഴ്‌സിനു വേണ്ടി ജഴ്‌സിയണിഞ്ഞു.
കേരള ടീം പരിശീലകനായ സുധീപ് ബോസ് നിരവധി സര്‍വകലാശാല മത്സരങ്ങളില്‍ കിരീടമണിഞ്ഞ പടന്നക്കാട് നെഹ്‌റു കോളജ് ബാസ്‌ക്കറ്റ്‌ബോള്‍ ടീമിന്റെയും കോച്ചാണ്. നാലുവര്‍ഷമായി മുംബൈ ചാലഞ്ചേഴ്‌സിന്റെ കോച്ചാണ് സുധീപ്. ആദ്യമായാണ് മുംബൈ ചലഞ്ചേഴ്‌സ് കിരീടമണിയുന്നത്. ഫിസിക്കല്‍ എജ്യുക്കേഷണില്‍ ബിരുദാനന്തര ബിരുദധാരികൂടിയാണ് സുധീപ് ബോസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."